പൂന: വന്നവനും പോയവരുമെല്ലാം റണ്ണടിച്ചു കൂട്ടിയപ്പോൾ സീസണിലെ ആദ്യ മത്സരത്തിൽ രാജസ്ഥാൻ റോയൽസ് ഉയർത്തിയ റണ്‍മല താണ്ടാൻ സണ്‍റൈസേഴ്സ് ഹൈദരാബാദിനായില്ല. 61 റൺസിന്റെ രാജകീയ വിജയമാണ് രാജസ്ഥാൻ ആഘോഷിച്ചത്.
ടോസ് നഷ്ടമായി ആദ്യം ബാറ്റിംഗിനിറങ്ങിയ രാജസ്ഥാൻ നിശ്ചിത 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 210 റണ്‍സ് നേടി. മറുപടി ബാറ്റേന്തിയ സണ്‍റൈസേഴ്സിന് 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 149 റൺസെടുക്കാനേ സാധിച്ചുള്ളൂ.
മലയാളി താരങ്ങളായ ക്യാപ്റ്റൻ സഞ്ജു സാംസണ്, ദേവ്ദത്ത് പടിക്കൽ എന്നിവരുടെ വെടിക്കെട്ട് ഇന്നിംഗ്സുകളാണ് രാജസ്ഥാൻ ഇന്നിംഗ്സിന്റെ പ്രത്യേകത.
സീസണിലെ ആദ്യ മത്സരത്തിൽതന്നെ തകർപ്പൻ പ്രകടനം പുറത്തെടുത്ത സഞ്ജു 27 പന്തിൽ മൂന്നു ബൗണ്ടറിയും അഞ്ചു കൂറ്റൻ സിക്സും അടക്കം അടിച്ചുകൂട്ടിയത് 55 റണ്‍സ്. പടിക്കൽ 29 പന്തിൽ നാലു ഫോറും രണ്ടു സിക്സും അടക്കം 41 റണ്‍സ് നേടി.
ഓപ്പണർ ജോസ് ബട്ലർ (28 പന്തിൽ 35), യുവതാരം യശസ്വി ജെയ്സ്വാൾ (16 പന്തിൽ 20) എന്നിവർ നൽകിയ ഉജ്ജ്വല തുടക്കത്തിന്റെ അടിത്തറയിലാണ് രാജസ്ഥാൻ രാജകീയമായി ഇന്നിംഗ്സ് കെട്ടിപ്പടുത്തത്.
6.1 ഓവറിൽ 58 റണ്‍സാണ് ഓപ്പണിംഗ് സഖ്യം ചേർത്തത്. പിന്നീട്, വന്നുപോയവരെല്ലാം സണ്‍റൈസേഴ്സ് ബൗളിംഗിനെ അടിച്ചുതകർത്തു.
ജയ്സ്വാൾ പുറത്തായതോടെ സഞ്ജു ക്രീസിലെത്തി. ഉമ്രാൻ മാലിക്കിനു മുന്നിൽ ബട്ലർ വീണെങ്കിലും നാലാം വിക്കറ്റിൽ ദേവദത്തിനൊപ്പം സഞ്ജു അതിവേഗം 73 റണ്‍സ് ചേർത്തു. 25 പന്തിലാണ് സഞ്ജു അർധസെഞ്ചുറി തികച്ചത്.
മെല്ലെത്തുടങ്ങിയ ദേവ്ദത്ത് പിന്നീടു തകർപ്പൻ ഷോട്ടുകളിലൂടെ രാജസ്ഥാൻ സ്കോർ ഉയർത്തി. ഇരുവരും മടങ്ങിയെശേഷമെത്തിയ ഷിംറോണ്‍ ഹെറ്റ്മയറും സണ്‍റൈസേഴ്സ് ബൗളിംഗിനെ കടിച്ചുകീറി. 1
3 പന്തിൽ രണ്ടു ബൗണ്ടറിയും മൂന്നു സിക്സും അടക്കം 32 റണ്‍സ് ഹെറ്റ്മയർ അടിച്ചുകൂട്ടിയതോടെ രാജസ്ഥാൻ സ്കോർ 200 കടന്നു. റിയാൻ പരാഗ് ഒന്‍പതു പന്തിൽ 12 റണ്‍സ് നേടി. ആകെ 14 സിക്സറുകളാണ് രാജസ്ഥാൻ താരങ്ങളുടെ ബാറ്റിൽനിന്നു പിറന്നത്.
നാലോവറിൽ 39 റണ്‍സിന് രണ്ടു വിക്കറ്റ് നേടിയ ഉമ്രാൻ മാലിക്കാണ് സണ്‍റൈസേഴ്സ് ബൗളർമാരിൽ മികച്ചുനിന്നത്.