പൂന: വലിയ വിവാദങ്ങളുടെ നടുവിലൂടെയായിരുന്നു സഞ്ജു സാംസണ് ഇക്കാലയളവില് യാത്ര ചെയ്തത്. രഞ്ജി ട്രോഫിയില് മോശം ഫോമിനേത്തുടര്ന്ന് ഡ്രസിംഗ് റൂമിലെത്തിയ സഞ്ജു ബാറ്റ് വലിച്ചെറിയുകയുമൊക്കെ ചെയ്തെന്ന് ആരോപണമുയര്ന്നിരുന്നു.
രഞ്ജി ട്രോഫിക്കിടയില് ബാറ്റ് പൊട്ടിച്ചതിനോടൊപ്പം ആരോടും പറയാതെ ഡ്രസിംഗ്റൂം വിട്ട സഞ്ജു പിന്നീട് വിവാദനായകനാകുകയായിരുന്നു. അച്ഛന് സാംസണ് കൂടി ഈ പ്രശ്നത്തില് ഇടപെടുകയുമൊക്കെ ചെയ്തതോടെ സഞ്ജു ആകെ പുലിവാലു പിടിച്ചു.
ഒടുവില് എല്ലാത്തിനും മാപ്പുപറഞ്ഞ് സഞ്ജു കളിയില് മാത്രം ശ്രദ്ധിക്കുകയായിരുന്നു. തന്നെ വിമര്ശിച്ചവര്ക്കൊക്കം ചുട്ട മറുപടി കൊടുക്കാനുള്ള ആയുധങ്ങള് രാകി മിനുക്കിയ സഞ്ജു ഇപ്പോള് ഇതാ മിന്നും ഫോമിലെത്തിയിരിക്കുന്നു.
ഐപിഎലില് റൈസിംഗ് പൂന സൂപ്പര് ജയന്റിനെതിരേ സഞ്ജുവിന്റെ ക്ലാസ് പ്രകടനത്തില് ഡല്ഹി ഡെയര് ഡെവിള്സിനു തകര്പ്പന് വിജയം. 63 പന്തില് 102 റണ്സ് നേടിയ സഞ്ജുവിന്റെ ഐപിഎലിലെ കന്നി സെഞ്ചുറി ഡല്ഹിയുടെ വിജയം അനായാസമാക്കി. ഈ നേട്ടത്തെക്കുറിച്ച് വളരെ വികാരഭരിതനായാണ് സഞ്ജു പ്രതികരിച്ചത്. തന്റെ മികവിനു കാരണക്കാരന് രാഹുല് ദ്രാവിഡാണെന്നാണ് സഞ്ജു പറഞ്ഞത്.
ഡല്ഹി ഡെയര് ഡെവിള്സിന്റെ ഭാഗമായതില് താന് ഏറെ സന്തോഷിക്കുന്നുവെന്നും രാഹുല് ‘’സര്’’ നല്കിയ വലിയ പിന്തുണ മുതല്ക്കൂട്ടായെന്നു സഞ്ജു പറഞ്ഞു.ടീമിനെ എന്റെ പ്രകടനത്തിലും മത്സരം ടീം ജയിച്ചതിലും ഞാന് വളരെയേറെ സന്തുഷ്ടനാണ്. ഈ ടീമിന്റെ ഭാഗമാകാന് കഴിഞ്ഞതിലും രാഹുല് സാറിന്റെ കൂടെ ജോലി ചെയ്യാന് കഴിഞ്ഞതിലും ഞാന് സന്തോഷിക്കുന്നു. ആരാധകര് നല്കുന്ന പിന്തുണ കൂടുതല് കരുത്തനാക്കുന്നു. -സഞ്ജു പറഞ്ഞു.
സഹതാരങ്ങളും മറ്റും സഞ്ജുവിനെ പ്രശംസകള്കൊണ്ടു മൂടുകയാണ്. മത്സരം ജയിക്കാനായത് ടീമിന് പുതിയ ആത്മവിശ്വാസം നല്കിയെന്നും സഞ്ജുവിന്റെ ബാറ്റിംഗ് മികവിനെ പുകഴ്ത്തി. ഇത്തരത്തിലുള്ള നിരവധി താരങ്ങള് ഡല്ഹി ടീമിലുണ്ടെന്നും അതാണ് ടീമിന്റെ കരുത്തെന്നും സഹീര്ഖാന് പറഞ്ഞു.
പൂന സൂപ്പര് ജെയ്ന്റ്സിനെതിരെ 97 റണ്സിന്റെ തകര്പ്പന് ജയമാണ് ഡല്ഹി ഡെയര് ഡെവിള്സ് കഴിഞ്ഞ ദിവസം സ്വന്തമാക്കിയത്. ഈ സീസണിലെ ആദ്യ സെഞ്ചുറിയാണ് സഞ്ജു സ്വന്തമാക്കിയത്. എട്ടു ബൗണ്ടറിയും അഞ്ചു പടുകൂറ്റന് സിക്സും ഉള്പ്പെടുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിംഗ്സ്. ഐപിഎലില് സഞ്ജുവിന്റെ ഉയര്ന്ന വ്യക്തിഗത സ്കോര് കൂടിയാണിത്.
ഈ സീസണിലെ ഏറ്റവും ഉയര്ന്ന വ്യക്തിഗത സ്കോര് കൂടിയാണിത്. കുറിച്ച സഞ്ജുവിന്റെ മികവില് നിശ്ചിത 20 ഓവറില് നാലു വിക്കറ്റ് നഷ്ടത്തില് 205 റണ്സാണ് ഡല്ഹി നേടിയത്. അവസാന ഓവറുകളില് വമ്പനടികളുമായി കളം നിറഞ്ഞ ക്രിസ് മോറിസും (ഒന്പത് പന്തില് 38) ഡല്ഹി സ്കോര് 200 കടക്കുന്നതില് നിര്ണായക പങ്കുവഹിച്ചു. മറുപടി ബാറ്റിംഗിനിറങ്ങിയ പൂന 108 റണ്സിനു പുറത്തായി.
ഡല്ഹിക്കുവേണ്ടി സെഞ്ചുറി നേടുന്ന ആറാമത്തെ ബാറ്റ്സ്മാനാണ് 22 വയസ്സുകാരനായ സഞ്ജു. കൂടുതല് റണ്സ് നേടിയവരുടെ പട്ടികയില് സഞ്ജു രണ്ടാമതെത്തി. അതിനിടെ, സഞ്ജുവിനെ അഭിനന്ദനം കൊണ്ടു മൂടി ഐപിഎലിലെ ആദ്യ സെഞ്ചൂറിയന് ബ്രണ്ടന് മക്കല്ലം. അവന്റെ കളി കാണാന് ഞാന് വളരെ ഇഷ്ടപ്പെടുന്നു. മികച്ച ഭാവിയുണ്ട് – മക്കല്ലം ട്വിറ്ററില് കുറിച്ചു. 2008ല് റോയല് ചലഞ്ചേഴ്സിനെതിരായ മത്സരത്തില് കൊല്ക്കത്ത നൈറ്റ് റൈഡേഴ്സിനായി 73 പന്തില് നിന്ന് 158 റണ്സാണ് മക്കല്ലം അടിച്ചെടുത്തത്.