ബംഗളൂരു: ഐപിഎല്‍ പത്താം സീസണിലെ രണ്ടാമത്തെ ഫൈനലിസ്റ്റുകളെ നിര്‍ണയിക്കുന്ന രണ്ടാം ക്വാളിഫയര്‍ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സും കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സും ഇന്ന് കൊന്പുകോർക്കും. രണ്ടു തവണ ഐപിഎല്‍ കിരീടം ഉയര്‍ത്തിയവരാണ് മുംബൈ ഇന്ത്യന്‍സും കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സും. ഇന്നു ജയിക്കുന്നവര്‍ ഞായറാഴ്ച ഹൈദരാബാദില്‍ നടക്കുന്ന ഫൈനലില്‍ പൂന സൂപ്പര്‍ ജയ്ന്റിനെ നേരിടും.
കോല്ക്കത്തയ്ക്കാണെങ്കില് ഈ സീസണിലെ രണ്ടു ലീഗ് മത്സരങ്ങളിലും മുംബൈയോടു തോറ്റതിന്റെ പകരംവീട്ടേണ്ടതുണ്ട്. ഐപിഎലില്‍ മുംബൈയ്ക്കെതിരേ മോശം റിക്കാര്‍ഡാണ് കോല്ക്കത്തയ്ക്കുള്ളത്. 20 കളിയില്‍ 15 എണ്ണത്തില്‍ തോറ്റു. അഞ്ചെണ്ണത്തില്‍ മാത്രമേ കോല്‍ക്കത്തയ്ക്കു ജയിക്കാനായിട്ടുള്ളൂ.
ഈ സീസണില്‍ കോല്‍ക്കത്തയ്ക്കെതിരേ മുംബൈയുടെ ആദ്യ ജയം വാങ്കഡെയിലായിരുന്നു. ഒരു പന്ത് മാത്രം ബാക്കിയിരിക്കേ മുംബൈ നാലു വിക്കറ്റിന് കോല്‍ക്കത്തയെ തകര്‍ത്തു. ജയിക്കാനായി 24 പന്തില്‍ 60 റണ്‍സ് വേണ്ടിയിരുന്ന മുംബൈയെ ഹര്‍ദിക് പാണ്ഡ്യയുടെ വെടിക്കെട്ട് ബാറ്റിംഗ് 11 പന്തില്‍ 29 റണ്‍സ് ജയമൊരുക്കി.
ക്വാളിഫയര്‍ ഒന്നില്‍ പൂനയോട് 20 റണ്‍സിനു തോറ്റതാണ് മുംബൈയെ രണ്ടാം ക്വാളിഫയറിനു ഇറക്കാന്‍ കാരണമാക്കിയത്. ഈ സീസണില്‍ പൂനയ്ക്കെതിരേ മുംബൈയുടെ മൂന്നാം തോല്‍വിയായിരുന്നു. പൂനയ്ക്കെതിരേ സംഭവിച്ച പിഴവുകള്‍ തീര്‍ത്ത് വിജയ വഴിയില്‍ തിരിച്ചുവരാനാണ് രോഹിത് ശര്‍മയും കൂട്ടരും ശ്രമിക്കുക.
കോല്ക്കത്തയാണെങ്കില് എലിമിനേറ്ററില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ തോല്‍പ്പിച്ചും യോഗ്യത നേടി.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദിനെ മികച്ച ബൗളിംഗിലൂടെ കോല്‍ക്കത്ത 128 റണ്‍സിലൊതുക്കി. ഹൈദരാബാദിന്റെ ബാറ്റിംഗ് കഴിഞ്ഞതോ മഴയെത്തി. ഇതേത്തുടര്‍ന്ന് ഏകദേശം രണ്ടു മണിക്കൂറോളം വൈകിയാണ് മത്സരം പുനരാരംഭിച്ചത്. അപ്പോള്‍ ഡക്ക് വര്‍ത്ത് ലൂയിസ് സമ്പ്രദായത്തിലൂടെ കോല്‍ക്കത്തയുടെ വിജയലക്ഷ്യം ആറ് ഓവറില്‍ 48 റണ്‍സായി പുതുക്കി നിശ്ചയിച്ചു.
അനായാസ ജയം പ്രതീക്ഷിച്ചെത്തിയ കോല്‍ക്കത്തയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. 12 റണ്‍സിലെത്തിയപ്പോള്‍ മൂന്ന് മുന്‍നിര വിക്കറ്റുകള്‍ നിലംപൊത്തി. എന്നാല്‍, നാലാം വിക്കറ്റില്‍ ഒത്തു ചേര്‍ന്ന ഗംഭീര്‍-ഇഷാങ്ക് ജാഗി സഖ്യം കോല്‍ക്കത്തയെ അനായാസം ലക്ഷ്യത്തിലെത്തിച്ചു. 19 പന്തുകള്‍ നേരിട്ട ഗംഭീര്‍ രണ്ടു വീതം സിക്സും ബൗണ്ടറിയുമുള്‍പ്പെടെ 32 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. എട്ടു പന്തില്‍ അഞ്ചു റണ്‍സെടുത്ത ജാഗി ഗംഭീറിന് പിന്തുണ നല്കി.
ഈ സീസണില്‍ മുംബൈയുടെ ബാറ്റിംഗ് മികച്ചതാണ്. ഓപ്പണര്‍മാരായ ലെന്‍ഡില്‍ സിമണ്‍സും പാര്‍ഥിവ് പട്ടേലും മികച്ച തുടക്കമാണ് നല്‍കുന്നത്. രോഹിത് ശര്‍മയും അമ്പാട്ടി റായുഡുവും കീറോണ്‍ പൊളാര്‍ഡും സ്ഫോടനാത്മകശേഷിയുള്ള ബാറ്റ്സ്മാന്മാരാണ്. പിന്നെ ഇവര്‍ക്കൊപ്പം പാണ്ഡ്യ സഹോദരന്മാര്-ഹര്‍ദിക്, കൃണാല്‍- ടീമിന് ആവശ്യമുള്ളപ്പോള്‍ ബാറ്റ് കൊണ്ടും പന്തുകൊണ്ടും മികവ് കാട്ടുന്നവരാണ്.
ലീഗില്‍ 10 ജയവുമായി ഒന്നാം സ്ഥാനക്കാരായെത്തിയ മുംബൈക്ക് പ്രാപ്യമായ ലക്ഷ്യമായിരുന്നു ആദ്യ ക്വാളിഫയറില്‍. എന്നാല്‍, ബാറ്റിംഗിലെ നിരുത്തരവാദിത്വം മുംബൈയെ തോല്‍പ്പിക്കുകയായിരുന്നു. ലസിത് മലിംഗ, മിച്ചല്‍ മക്ക്ലേനേഗന് എന്നിവരായിരിക്കും മുംബൈയുടെ ബൗളിംഗ് തുടങ്ങുക. അവസാന ഓവറുകളില്‍ പന്തെറിയാന്‍ മിടുക്കരാണ് ജസ്പ്രീത് ബുംറയും ഹര്‍ദിക്കും. ബുംറയുടെ പന്തുകള്‍ കോല്‍ക്കത്തയുടെ ടോപ് ബാറ്റ്സ്മാന്മാരായ ക്രിസ് ലിന്, ഗൗതം ഗംഭീര്‍, റോബിന് ഉത്തപ്പ എന്നിവരെ നിലയ്ക്കു നിര്‍ത്തുമെന്ന് പ്രതീക്ഷിക്കാം.
ഹൈദരാബാദിനെ പരാജയപ്പെടുത്തിയ കോല്‍ക്കത്ത വിജയം തുടരാനാകും ഇന്നിറങ്ങുക. ഗംഭീര്‍ ഓപ്പണിംഗില്‍ പരീക്ഷിക്കുന്ന സുനിര്‍ നരേനൊപ്പം ലിന് കോല്‍ക്കത്തയുടെ ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യും. റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിനെതിരേ 15 പന്തില്‍ അര്‍ധ സെഞ്ചുറി തികച്ച നരേനില്നിന്നും അതുപോലൊരു ഇന്നിംഗ്സാണ് ഗംഭീര്‍ പ്രതീക്ഷിക്കുന്നത്. ഗംഭീറും ലിന്നും ഫോമിലാണ്. ഗംഭീര്‍ 486 റണ്‍സുമായി ബാറ്റ്സ്മാന്മാരുടെ പട്ടികയില്‍ രണ്ടാമതാണ്. പിന്നെ മനീഷ് പാണ്ഡെയും റോബിന് ഉത്തപ്പയും ഈ സീസണില്‍ മികച്ച പ്രകടനമാണ് നടത്തിയത്.
ബൗളിംഗില്‍ ക്രിസ് വോക്സ് (17 വിക്കറ്റ് ) ഉമേഷ് യാദവ് (16 വിക്കറ്റ്), സുനില്‍ നരേന്, നഥാന്‍ കോള്‍ട്ടര്‍ നെയ്ൽ കുല്‍ദീപ് യാദവ് എന്നിവര്‍ വിക്കറ്റ് നേടാന്‍ കഴിവുള്ളവരാണ്.