ഏകദിന ക്രിക്കറ്റിനപ്പുറം ആരാധകർക്ക് ആദ്യാവസാനം ആശങ്കയും നെഞ്ചിടിപ്പും നൽകിയാണ് ഐപിഎൽ ട്വന്റി-20 പൂരത്തിനു 2008ൽ തുടക്കം കുറിച്ചത്. ബൗളർമാരെ തല്ലിക്കൂട്ടി റിക്കാർഡ് കുറിക്കുന്ന ബാറ്റർമാരെ കാണുകയാണ് ആരാധകരുടെ ഹരം.
ആകെ ഒരു ഇന്നിംഗ്സിൽ 120 പന്തുകൾ മാത്രമുള്ള ട്വന്റി-20 പൂരത്തിൽ അതിവേഗ സെഞ്ചുറിക്കാരുണ്ട്. ഐപിഎൽ ചരിത്രത്തിലെ അതിവേഗ സെഞ്ചുറിയിൽ വെസ്റ്റ് ഇൻഡീസ് ഓപ്പണർ ക്രിസ് ഗെയ്ൽ 2013ൽ കുറിച്ച റിക്കാർഡ് ഇതുവരെ തകർന്നിട്ടില്ല. ഐപിഎൽ ചരിത്രത്തിലെ അതിവേഗ അഞ്ച് സെഞ്ചുറിക്കാർ ഇവർ…
ക്രിസ് ഗെയ്ൽ (2013)

ബൗളർമാരുടെ പേടിസ്വപ്നവും ട്വന്റി-20യിലെ യഥാർഥ വെടിക്കെട്ട് ബാറ്ററുമാണ് വെസ്റ്റ് ഇൻഡീസ് ഓപ്പണർ ക്രിസ് ഗെയ്ൽ. 2013ൽ 30 പന്തിൽ ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ സെഞ്ചുറി ഗെയ്ൽ സ്വന്തമാക്കി. റോയൽ ചലഞ്ചേഴ്സ് ബംഗളൂരു താരമായിരുന്ന ഗെയ്ൽ പൂന വാരിയേഴ്സിനെതിരേയാണ് ഈ റിക്കാർഡ് അടി നടത്തിയത്. മത്സരത്തിൽ 66 പന്തിൽ 175 റണ്‍സ് എടുത്ത് (13 ഫോറും 17 സിക്സും) ഗെയ്ൽ പുറത്താകാതെ നിന്നു. 142 മത്സരങ്ങൾ കളിച്ച ഗെയ്ൽ 148.96 സ്ട്രൈക്ക് റ്റേറിൽ 4,965 റണ്‍സ് ഐപിഎല്ലിൽ നേടി. 175 നോട്ടൗട്ട് ഉയർന്ന സ്കോർ. ആറ് സെഞ്ചുറികളുമായി ഏറ്റവും കൂടുതൽ സെഞ്ചുറിയുള്ള താരമെന്ന റിക്കാർഡും ഗെയ്ലിനു സ്വന്തം. ഐപിഎല്ലിൽ 2009ൽ അരങ്ങേറി 2021ൽ വിരമിച്ചു.
യൂസഫ് പഠാൻ (2010)

2010ൽ മുംബൈ ഇന്ത്യൻസിനെതിരേ 37 പന്തിൽ സെഞ്ചുറി നേടിയ ഇന്ത്യൻ ഓൾറൗണ്ടറും രാജസ്ഥാൻ റോയൽസ് താരവുമായ യൂസഫ് പഠാനാണ് അതിവേഗ ശതകത്തിലെ രണ്ടാം സ്ഥാനക്കാരൻ. ഒന്‍പത് ഫോറും എട്ട് സിക്സും അടങ്ങിയ ഇന്നിംഗ്സ്. 2008ൽ അരങ്ങേറിയ പത്താൻ 2019ൽ വിരമിച്ചു. ഐപിഎല്ലിൽ 174 മത്സരങ്ങളിൽനിന്ന് 142.97 സ്ട്രൈക്ക് റേറ്റിൽ 3,204 റണ്‍സ് നേടി.
മില്ലർ (2013)

റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെതിരേ ദക്ഷിണാഫ്രിക്കൻ താരം ഡേവിഡ് മില്ലർ 38 പന്തിൽ കുറിച്ചതാണ് വേഗമേറിയ സെഞ്ചുറി പട്ടികയിൽ മൂന്നാം സ്ഥാനത്ത്. കിംഗ്സ് ഇലവൻ പഞ്ചാബിനുവേണ്ടി (ഇപ്പോഴത്തെ പഞ്ചാബ് കിംഗ്സ്) 2013ൽ 38 പന്തിലാണ് മില്ലർ സെഞ്ചുറി തികച്ചത്. എട്ട് ഫോറും ഏഴ് സിക്സും മില്ലറുടെ ബാറ്റിൽനിന്നു ഗ്രൗണ്ടിനു ചുറ്റും പറന്നു. 38 പന്തിൽ 101 റണ്‍സെടുത്ത താരം മത്സരത്തിൽ പുറത്താകാതെനിന്നു. 2012ൽ ട്വന്റി-20 കരിയർ ആരംഭിച്ച മില്ലർ ഇത്തവണ ലക്നൗവിനായി കളിക്കും. ഐപിഎല്ലിൽ 130 മത്സരങ്ങളിൽനിന്ന് 139.24 സ്ട്രൈക്ക് റേറ്റിൽ 2,924 റണ്‍സാണ് താരം ഇതുവരെ അടിച്ചുകൂട്ടിയത്. 101 നോട്ടൗട്ടാണ് ഉയർന്ന സ്കോർ.
ട്രാവിസ് ഹെഡ് (2024)

സണ്‍റൈസേഴ്സ് ഹൈദരാബാദിനുവേണ്ടി കഴിഞ്ഞ വർഷമാണ് ഓസ്ട്രേലിയൻ ബാറ്റർ ട്രാവിസ് ഹെഡ് 39 പന്തിൽ സെഞ്ചുറി നേടി പട്ടികയിൽ നാലാമനായത്. ബംഗളൂരുവിനെതിരേയായിരുന്നു ഹെഡിന്റെ വെടിക്കെട്ട്. ഒന്‍പതു ഫോറും എട്ട് സിക്സുമടക്കം 41 പന്തിൽ 102 റണ്‍സായിരുന്നു മത്സരത്തിൽ ഹെഡിന്റെ സന്പാദ്യം.
ശനിയാഴ്ച ആരംഭിക്കുന്ന ഐപിഎൽ പൂരത്തിൽ ഹെഡ് ശ്രദ്ധാകേന്ദ്രമാണ്. 2016ൽ അരങ്ങേറിയ ഹെഡ് സ്ട്രൈക്ക് റേറ്റിൽ മുന്പനാണ്. ആകെ 25 മത്സരങ്ങളേ താരം കളിച്ചിട്ടുള്ളൂവെങ്കിലും 173.87 സ്ട്രൈക്ക് റേറ്റിൽ 772 റണ്‍സ് അടിച്ചെടുത്തു. 102 നോട്ടൗട്ട് ഉയർന്ന് സ്കോർ. ഇത്തവണയും സണ്‍റൈസേഴ്സ് ഹൈദരാബാദിനായാണ് കളിക്കുന്നത്.
വിൽ ജാക്സ് (2024)

റോയൽ ചലഞ്ചേഴ്സ് ബംഗളൂരു താരമായ വിൽ ജാക്സ് 2024ൽ തന്റെ അരങ്ങേറ്റം ഗംഭീരമാക്കി. 41 പന്തിൽ സെഞ്ചുറി തികച്ച ഇംഗ്ലണ്ട് ഓൾറൗണ്ടറായ വിൽ, ഗുജറാത്ത് ടൈറ്റൻസ് ബൗളർമാരെ അഞ്ചു ഫോറും 10 സിക്സും പറത്തി. മത്സരത്തിൽ 41 പന്തിൽ 100 റണ്‍സെടുത്ത് പുറത്താകാതെ നിന്നു.
എട്ട് മത്സരങ്ങൾ കളിച്ച വിൽ 175.57 സ്ട്രൈക്ക് റേറ്റിൽ 230 റണ്‍സ് അടിച്ചെടുത്തു. 100 നോട്ടൗട്ട് ഉയർന്ന സ്കോർ. വിൽ ജാക്സ് മുംബൈ ഇന്ത്യൻസിനു വേണ്ടിയാണ് ഉത്തവണ കളിക്കുന്നത്.
ഈ റിക്കാർഡുകൾക്കു മുകളിൽ 2025 സീസണിൽ അടിപൊട്ടുമോ…? കാത്തിരുന്നു കാണാം! ഇനി രണ്ടു നാൾ മാത്രം…