ബംഗളുരു: വിരാട് കോഹ്ലി നയിച്ച ബാഗ്ലൂർ റോയൽ ചലഞ്ചേഴ്സിനെതിരേ സ്റ്റീവ് സ്മിത്ത് നയിച്ച പൂന സൂപ്പർ ജയന്റിനു ജയം. ആദ്യം ബാറ്റു ചെയ്ത പൂന ഉയർത്തിയ 162 റണ്‍ ലക്ഷ്യത്തിലേക്കു ബാറ്റുവീശിയ ബാംഗ്ലൂർ 27 റണ്‍സ് അകലെ 134ൽ ബാറ്റിംഗ് അവസാനിപ്പിച്ചു. പൂന ബൗളർമാരുടെ മികച്ച പ്രകടനമാണ് സന്ദർശകരുടെ വിജയം ഉറപ്പിച്ചത്. സൂപ്പർ ജയന്റിനായി ശർദുൾ താക്കൂർ, ബെൻ സ്റ്റോക്സ് എന്നിവർ മൂന്നു വിക്കറ്റ് വീതം നേടി.
സ്കോർ: പൂന സൂപ്പർ ജയന്റ്- 161/8(20). ബാഗ്ലൂർ റോയൽ ചലഞ്ചേഴ്സ്- 134/9(20).
ടോസ് നേടിയ റോയൽ ചലഞ്ചേഴ്സ് നായകൻ കോഹ്ലി പൂനയെ ബാറ്റിംഗിന് അയയ്ക്കുകയായിരുന്നു. മികച്ച തുടക്കം ലഭിച്ചെങ്കിലും ബാറ്റിംഗ് ദുഷ്കരമായ പിച്ചിൽ അത് മുതലാക്കാൻ കഴിയാതിരുന്നതാണ് പൂന വൻ സ്കോർ നേടുന്നതിൽനിന്നു തടഞ്ഞത്. രഹാനെ(30), രാഹുൽ ത്രിപാഠി(31), സ്റ്റീവ് സ്മിത്ത്(27), ധോണി(28), മനോജ് തിവാരി(27) എന്നിങ്ങനെയായിരുന്നു പ്രധാന ബാറ്റ്സ്മാൻമാരുടെ സ്കോറുകൾ. ഇതിൽ 11 പന്തിൽനിന്ന് 27 റണ്‍സ് നേടിയ തിവാരിയുടെ ഇന്നിംഗ്സ് വേറിട്ടുനിന്നു. ബാഗ്ലൂരിനായി ആദം മിൽനെ, ശ്രീനാഥ് അരവിന്ദ് എന്നിവർ രണ്ടു വിക്കറ്റ് വീതം നേടി.
മറുപടി ബാറ്റിംഗിനിറങ്ങിയ ബാഗ്ലൂരിന് തുടക്കത്തിൽതന്നെ ഓപ്പണർ മൻദീപ് സിംഗിനെ(0) നഷ്ടപ്പെട്ടു. കോഹ്ലി(28)യും ഡിവില്ല്യേഴ്സും(29) പിടിച്ചുനിൽക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. മറ്റാർക്കും റോയൽ ചലഞ്ചേഴ്സ് നിരയിൽ തിളങ്ങാൻ കഴിഞ്ഞില്ല.