ഹൈദരാബാദ്: ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിന്റെ 17-ാം സീസണിണിൽ സൺറൈസേഴ്സ് ഹൈദരാബാദിനു മിന്നും ജയം. നിലവിലെ ചാമ്പ്യൻമാരായ ചെന്നൈ സൂപ്പർ കിംഗ്സിനെ ആറ് വിക്കറ്റിന് സൺറൈസേഴ്സ് കീഴടക്കി. സ്കോർ: ചെന്നൈ സൂപ്പർ കിംഗ്സ് 165/5 (20). സൺറൈസേഴ്സ് ഹൈദരാബാദ് 166/4 ( 18.1).
36 പന്തിൽ ഒരു സിക്സും നാല് ഫോറും അടക്കം 50 റൺസ് എടുത്ത എയ്ഡൻ മാർക്രമാണ് സൺറൈസേഴ്സ് ഇന്നിംഗ്സിലെ ടോപ് സ്കോറർ. അഭിഷേക് ശർമ 12 പന്തിൽ നാല് സിക്സും മൂന്ന് ഫോറും അടക്കം 37 റൺസ് നേടി. അഭിഷേക് ശർമയാണ് പ്ലെയർ ഓഫ് ദ മാച്ച്. ട്രാവിസ് ഹെഡ് (24 പന്തിൽ 31), നിതീഷ് കുമാർ റെഡ്ഡി (എട്ട് പന്തിൽ 14 നോട്ടൗട്ട്) എന്നിവരും സൺറൈസേഴ്സിനു വേണ്ടി തിളങ്ങി.
ടോസ് നഷ്ടപ്പെട്ട് ആദ്യം ക്രീസിലെത്തിയ ചെന്നൈ സൂപ്പർ കിംഗ്സിന്റെ തുടക്കം സുഖകരമല്ലായിരുന്നു. ഒന്‍പത് പന്തിൽ 12 റണ്‍സ് നേടിയ രചിൻ രവീന്ദ്രയെ ഭുവനേശ്വർ കുമാർ മിഡ്ഓണിൽ എയ്ഡൻ മാർക്രത്തിന്റെ കൈകളിലെത്തിച്ചു.
21 പന്തിൽ ഒരു സിക്സും മൂന്ന് ഫോറും അടക്കം 26 റണ്‍സ് നേടിയ ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്വാദിന്റെ ഉൗഴമായിരുന്നു അടുത്തത്. ഷഹ്ബാസ് അഹമ്മദിന്റെ പന്തിൽ അബ്ദുൾ സമദിനു ക്യാച്ച് നൽകി ഋതുരാജ് മടങ്ങി.
മൂന്നാം വിക്കറ്റിൽ അജിങ്ക്യ രഹാനെയും ശിവം ദുബെയും ചേർന്ന് 39 പന്തിൽ 65 റണ്‍സ് നേടിയതായിരുന്നു സിഎസ്കെയുടെ ഇന്നിംഗ്സിലെ ഉയർന്ന കൂട്ടുകെട്ട്. 24 പന്തിൽ നാല് സിക്സും രണ്ട് ഫോറും അടക്കം 45 റണ്‍സ് നേടിയ ദുബെയെ ഹൈദരാബാദ് ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് പുറത്താക്കി.
30 പന്തിൽ 35 റണ്‍സ് നേടിയ അജിങ്ക്യ രഹാനെ ജയദേവ് ഉനദ്ഘടിനും വിക്കറ്റ് സമ്മാനിച്ചു. ഡാരെൽ മിച്ചലിനും (11 പന്തിൽ 13) കാര്യമായൊന്നും ചെയ്യാൻ സാധിച്ചില്ല. അതോടെ ചെന്നൈയുടെ സ്കോർ 165ൽ ഒതുങ്ങി.
കമ്മിൻസ്, രഹാനെ
പാറ്റ് കമ്മിൻസ് ഐപിഎല്ലിൽ 50 വിക്കറ്റ് തികച്ചു. ട്വന്റി-20 ക്രിക്കറ്റിൽ 150 വിക്കറ്റും. ഐപിഎല്ലിൽ 50+ വിക്കറ്റുള്ള നാലാമത് ഓസ്ട്രേലിയക്കാരനാണ് കമ്മിൻസ്. ഷെയ്ൻ വാട്സണ് (92), മിച്ചൽ ജോണ്സണ് (61), ഷെയ്ൻ വോണ്‍ (57) എന്നിവരാണ് മുന്‍പ് 50 ഐപിഎൽ വിക്കറ്റ് കടന്ന ഓസീസ് താരങ്ങൾ.
ചെന്നൈ സൂപ്പർ കിംഗ്സിന്റെ അജിങ്ക്യ രഹാനെ ഐപിഎല്ലിൽ 4,500 റണ്‍സ് കടക്കുന്നതിനും ഇന്നലത്തെ മത്സരം സാക്ഷ്യംവഹിച്ചു. ഇതിൽ 2810 റണ്‍സും രാജസ്ഥാൻ റോയൽസ് ജഴ്സിയിലാണ് രഹാനെ നേടിയത്.