ഹൈദരാബാദ്: വന്നവർ വന്നവർ ബാറ്റെടുത്ത് കലിതുള്ളിയതോടെ ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്കോർ എന്ന റിക്കാർഡ് കുറിക്കപ്പെട്ടു.
മുംബൈ ഇന്ത്യൻസിനെ തല്ലിത്തകർത്ത് സണ്റൈസേഴ്സ് ഹൈദരാബാദ് 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ നേടിയത് 277 റണ്സ്. ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ടീം സ്കോറാണിത്. റോയൽ ചലഞ്ചേഴ്സ് ബംഗളൂരു 2013ൽ പൂന വാരിയേഴ്സിന് എതിരേ നേടിയ 263/5 എന്ന റിക്കാർഡാണ് തകർന്നത്.
അടിയും തിരിച്ചടിയും തീപ്പൊരി സൃഷ്ടിച്ച മത്സരത്തിൽ സൺറൈസേഴ്സ് 31 റൺസിന് മുംബൈ ഇന്ത്യൻസിനെ തോൽപ്പിച്ചു. തിലക് വർമ്മ (34 പന്തിൽ 64), ടീം ഡേവിഡ് (22 പന്തിൽ 42 നോട്ടൗട്ട് ), ഇഷാൻ ശർമ (13 പന്തിൻ 34) എന്നിവരാണ് തിരിച്ചടിക്ക് നേതൃത്വം നൽകിയത്. 523 റൺസ് പിറന്ന റിക്കാർഡ് മത്സരത്തിനാണ് ഐപിഎൽ വെടിക്കെട്ട് സാക്ഷ്യം വഹിച്ചത്. സ്കോർ: സൺറൈസേഴ്സ് 277/3 (20). മുംബൈ ഇന്ത്യൻസ് 246/5 (20).
വെടിക്കെട്ട് അടി
ടോസ് നഷ്ടപ്പെട്ട് ക്രീസിലെത്തിയ സണ്റൈസേഴ്സ് 4.1 ഓവറിൽ 45 റണ്സ് എടുത്തപ്പോൾ ആദ്യ വിക്കറ്റ് നഷ്ടമായി. മായങ്ക് അഗർവാളായിരുന്നു (11) പുറത്തായത്. തുടർന്ന് ട്രാവിസ് ഹെഡും (24 പന്തിൽ 62) അഭിഷേക് ശർമയും (23 പന്തിൽ 63) ചേർന്ന് വെടിക്കെട്ട് അടി കാഴ്ചവച്ചു. നേരിട്ട 18-ാം പന്തിൽ ട്രാവിസ് ഹെഡും 16-ാം പന്തിൽ അഭിഷേക് ശർമയും അർധസെഞ്ചുറി പൂർത്തിയാക്കി.
ഐപിഎൽ ചരിത്രത്തിൽ ആദ്യ 10 ഓവറിൽ ഏറ്റവും കൂടുതൽ റണ്സ് എന്ന റിക്കാർഡും (148/1) ഇന്നലെ പിറന്നു. മുംബൈ ഇന്ത്യൻസിന്റെ (131/3) പേരിലെ റിക്കാർഡാണ് പഴങ്കഥയായത്. സണ്റൈസേഴ്സിനായി ഏറ്റവും വേഗത്തിൽ അർധസെഞ്ചുറി നേടുന്ന ബാറ്റർ എന്ന നേട്ടവും അഭിഷേക് സ്വന്തമാക്കി.
നേരിട്ട 23-ാം പന്തിൽ അർധസെഞ്ചുറിയുമായി ഹെൻറിച്ച് ക്ലാസനും ക്രീസ് വാണു. 34 പന്തിൽ 80 റണ്സുമായി ക്ലാസനും 28 പന്തിൽ 42 റണ്സുമായി എയ്ഡൻ മാർക്രവും പുറത്താകാതെ നിന്നു.
രോഹിത് @ 200
ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനു വേണ്ടി രോഹിത് ശർമയുടെ 200-ാം മത്സരമായിരുന്നു. മുംബൈക്കുവേണ്ടി 200 ഐപിഎൽ മത്സരങ്ങൾ കളിക്കുന്ന ആദ്യതാരമാണ് രോഹിത്. 12 പന്തിൽ 26 റണ്സുമായി രോഹിത് മടങ്ങി. പാറ്റ് കമ്മിൻസിന്റെ പന്തിൽ അഭിഷേക് ശർമയുടെ ക്യാച്ചിലായിരുന്നു രോഹിത് പുറത്തായത്.
ദയനീയം മഫക
നാണംകെട്ട റിക്കാർഡോടെ ഐപിഎൽ അരങ്ങേറ്റം നടത്താനായിരുന്നു ദക്ഷിണാഫ്രിക്കൻ കൗമാര പേസർ ക്വേന മഫകയുടെ വിധി. സണ്റൈസേഴ്സ് ബാറ്റർമാരുടെ സൂര്യഗ്രഹണം കണക്കുള്ള ബാറ്റിംഗിൽ മഫക നാല് ഓവറിൽ വഴങ്ങിയത് 66 റണ്സ്. ഐപിഎല്ലിൽ ഒരു വിദേശ ബൗളർ വഴങ്ങുന്ന ഏറ്റവും ഉയർന്ന റണ്സാണിത്.