14-ാം വയസിൽ ഐപിഎൽ അരങ്ങേറ്റം. റിക്കാർഡുകൾക്കൊപ്പം തന്റെ വരവറിയിച്ച പോരാട്ടം കാഴ്ചവച്ചുള്ള മടക്കം. അതേ രാജസ്ഥാൻ റോയൽസ് താരം വൈഭവ് സൂര്യവംശിയാണ് ഇപ്പോൾ ക്രിക്കറ്റ് ലോകത്തെ ചർച്ചാ വിഷയം. നേരിട്ട ആദ്യ പന്ത് തന്നെ സിക്സ്.
സ്വപ്നസമാനമായിരുന്നു വൈഭവ് സൂര്യവംശിയുടെ അരങ്ങേറ്റം. ലക്നോ ബൗളർമാരെ തകർത്തടിച്ച് തുടങ്ങിയ വൈഭവ് ക്രിക്കറ്റ് ആരാധകരെ ഞെട്ടിച്ചു. 20 പന്തിൽ 34 റണ്‍സെടുത്താണ് രാജസ്ഥാന്റെ ഈ യുവ താരം, അല്ല ബേബി താരം മടങ്ങിയത്. ബിഹാർ സ്വദേശിയായ വൈഭവ് ആഭ്യന്തര ക്രിക്കറ്റിൽ ബിഹാറിനായും ഐപിഎല്ലിൽ രാജസ്ഥാനൊപ്പവും കളിക്കുന്നു.
സ്വപ്നതുല്യമായ തുടക്കം:
ഒരു അരങ്ങേറ്റ താരത്തിന്റെ സ്വപ്നതുല്യമായ തുടക്കമായിരുന്നു വൈഭവ് സൂര്യവംശിയുടേത്. നേരിട്ട ആദ്യ പന്തിൽ തന്നെ ഇന്ത്യയുടെ ദേശീയ ടീം പേസറായ ഷാർദുൽ ഠാക്കൂറിനെ സിക്സർ പറത്തി ഇടംകൈയൻ ബാറ്ററായ വൈഭവ് ഐപിഎൽ കരിയറിനു തുടക്കം കുറിച്ചു.
മടക്കം മതിവരാതെ:
തകർത്തടിച്ച് റണ്‍സ് വാരിക്കൂട്ടിയെങ്കിലും വിക്കറ്റ് നഷ്ടമായി വൈഭവ് മടങ്ങിയത് നിരാശയുടെ മുഖവുമായി തല കുനിച്ച് വളരെ സാവധാനമായിരുന്നു. തനിക്ക് ഇനിയും ക്രീസിൽ തുടരേണ്ടതുണ്ട്, എന്റെ ബാറ്റുകൾ നിശബ്ദമാകാൻ ആഗ്രഹിക്കുന്നില്ലെന്ന് അവന്റെ ഓരോ ചുവടും പറഞ്ഞുകൊണ്ടിരുന്നു. ഗാലറികളിൽ അവന്റെ പേര് ആവർത്തിച്ച് മുഴങ്ങി. അരങ്ങേറ്റത്തിന്റെ യാതൊരു സഭാകന്പവുമില്ലാതെ, സമ്മർദമില്ലാതെ ഷാർദുൽ ഠാക്കൂറിനെതിരേ സിക്സ് പറത്തിയുള്ള സ്വപ്നസമാനമായ തുടക്കം വലിയ യാത്രയുടെ ആരംഭമാണെന്ന് അവൻ ഉറച്ച് വിശ്വസിച്ചു.
മൂന്ന് റിക്കാർഡ്:
ഐപിഎൽ അരങ്ങേറ്റം കുറിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ചരിത്രം കുറിച്ചാണ് 14 വർഷവും 23 ദിവസവും മാത്രം പ്രായമുള്ള വൈഭവ് ലക്നോവിനെതിരേ ബാറ്റിംഗ് പൂരത്തിന് തുടക്കമിട്ട് മടങ്ങിയത്. 2008-ൽ ഇന്ത്യൻ പ്രീമിയർ ലീഗ് ആരംഭിച്ചതിന് ശേഷമാണ് 2011-ൽ വൈഭവ് ജനിച്ചത്. ടൂർണമെന്റ് ആരംഭിച്ചതിന് ശേഷം ജനിച്ച് ഐപിഎല്ലിൽ കളിക്കുന്ന ആദ്യ താരമെന്ന നേട്ടവും ഇതോടെ വൈഭവിന് സ്വന്തമായി. ഐപിഎൽ മത്സരത്തിൽ സിക്സ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരവും ബൗണ്ടറി നേടുന്ന പ്രായം കുറഞ്ഞ താരവും വൈഭവാണ്. കഴിഞ്ഞ വർഷം നടന്ന മെഗാതാരലേലമാണ് വൈഭവിനെ രാജസ്ഥാനിലെത്തിച്ചത്. 1.1 കോടി രൂപ നൽകി റോയൽസ് താരത്തെ സ്വന്തമാക്കി.
വൈറലായി സൂര്യവംശി
എന്തൊരു അരങ്ങേറ്റമാണ് ഇതെന്നാണ് വൈഭവിന്റെ ബാറ്റിങ് വിഡിയോ പങ്കുവച്ച് ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ എക്സ് പ്ലാറ്റ്ഫോമിൽ പ്രതികരിച്ചത്. ഒരു എട്ടാം ക്ലാസുകാരന്റെ ഐപിഎൽ അരങ്ങേറ്റം കാണാൻ താൻ നേരത്തേ എഴുന്നേറ്റുവെന്നും സുന്ദർ പിച്ചൈ വ്യക്തമാക്കി.