ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിന്റെ ചരിത്രത്തിലെ അതുല്യ റിക്കാർഡുകൾ പലതാണ്. അഞ്ചു തവണ കിരീടം സ്വന്തമാക്കിയ ചെന്നൈ സൂപ്പർ കിംഗ്സും മുംബൈ ഇന്ത്യൻസുമാണ് ചാന്പ്യൻപട്ടത്തിൽ ഒന്നാമത്.
ടൂർണമെന്റിൽ ഇതുവരെ കിരീടം നേടാത്ത റോയൽ ചലഞ്ചേഴ്സ് ബംഗളൂരു, പഞ്ചാബ് കിംഗ്സ്, ഡൽഹി ക്യാപ്പിറ്റൽസ് എന്നീ ടീമുകൾ കന്നിക്കിരീടം ലക്ഷ്യമിട്ടാണ് പോരാട്ടത്തിനെത്തുന്നത്. ഐപിഎല്ലിൽ ടീമുകളുടെ പേരിലുള്ള അപൂർവ റിക്കാർഡുകളിൽ ചിലത്…
ഏറ്റവും കൂടുതൽ സെഞ്ചുറി
ഐപിഎൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ സെഞ്ചുറി അവകാശപ്പെടാനുള്ളത് റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന്. ഇതുവരെ കിരീടം നേടാനായില്ലെങ്കിലും ആർസിബിയുടെ പേരിൽ 17 സെഞ്ചുറികളുണ്ട്.
കന്നി ഐപിഎൽ ചാന്പ്യന്മാരായ രാജസ്ഥാൻ റോയൽസും കിരീടം ഇതുവരെ നേടാത്ത പഞ്ചാബ് കിംഗ്സുമാണ് (14) ആർസിബിക്കു പിന്നിൽ രണ്ടാം സ്ഥാനത്ത്. ഐപിഎല്ലിൽ ഏറ്റവും കൂടുതൽ സെഞ്ചുറിയുള്ള താരം ആർസിബിയുടെ മുൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയാണ്. ഏഴ് സെഞ്ചുറി കോഹ്ലിയുടെ പേരിലുണ്ട്.
12 പ്ലേ ഓഫ്
എം.എസ്. ധോണിയുടെ ക്യാപ്റ്റൻസിയിൽ ചെന്നൈ സൂപ്പർ കിംഗ്സ് ഐപിഎല്ലിൽ കളിച്ച 14 സീസണിൽ 12ലും പ്ലേ ഓഫിൽ പ്രവേശിച്ചു. മറ്റൊരു ടീമിനും ഇത്രയും പ്ലേ ഓഫ് അവകാശപ്പെടാനില്ല. വിലക്കിനെത്തുടർന്ന് 2016, 2017 സീസണിൽ ചെന്നൈ സൂപ്പർ കിംഗ്സ് ഐപിഎല്ലിൽ ഇല്ലായിരുന്നു. 10 തവണ പ്ലേ ഓഫ് കളിച്ച മുംബൈ ഇന്ത്യൻസാണ് രണ്ടാമത്. ചെന്നൈ 10 തവണ ഫൈനൽ കളിച്ചു എന്നതും റിക്കാർഡാണ്.
കിരീടം നിലനിർത്തിയവർ
ഐപിഎൽ കിരീടം അവകാശപ്പെടാൻ ഏഴ് ഫ്രാഞ്ചൈസികളുണ്ടെങ്കിലും കിരീടം നിലനിർത്തിയത് രണ്ട് ടീമുകൾ മാത്രം. ചെന്നൈ സൂപ്പർ കിംഗ്സും (2010, 2011) മുംബൈ ഇന്ത്യൻസും (2019, 2020) മാത്രമാണ് ഇതുവരെ കിരീടം നിലനിർത്തിയ ടീമുകൾ.
പിരിച്ചുവിടപ്പെട്ട ഡെക്കാണ് ചാർജേഴ്സ്, ചെന്നൈ സൂപ്പർ കിംഗ്സ്, മുംബൈ ഇന്ത്യൻസ്, കോൽക്കത്ത നൈറ്റ് റൈഡേഴ്സ്, ഗുജറാത്ത് ടൈറ്റൻസ്, രാജസ്ഥാൻ റോയൽസ്, സണ്‍റൈസേഴ്സ് ഹൈദരാബാദ് എന്നീ ടീമുകളാണ് ഇതുവരെ ഐപിഎൽ ചാന്പ്യൻപട്ടം കരസ്ഥമാക്കിയത്.
എലിമിനേറ്റർ കളിച്ച് ജയിച്ചായിരുന്നു സണ്‍റൈസേഴ്സ് ഹൈദരാബാദ് 2016ൽ കപ്പുയർത്തിയത്. എലിമിനേറ്ററിലൂടെ ഫൈനലിലെത്തി കിരീടം നേടിയ ആദ്യ ടീമാണ് ഹൈദരാബാദ്.
കൂടുതൽ ഫിഫർ
ഏറ്റവും കൂടുതൽ സെഞ്ചുറി ആർസിബിക്കാണെങ്കിൽ ഏറ്റവും കൂടുതൽ അഞ്ച് വിക്കറ്റ് വീഴ്ത്തിയ ടീം മുംബൈ ഇന്ത്യൻസാണ്. ആറ് തവണ മുംബൈ ഇന്ത്യൻസ് ബൗളർമാർ അഞ്ച് വിക്കറ്റ് പ്രകടനം കാഴ്ചവച്ചു.
അൽസാരി ജോസഫ്, മുനാഫ് പട്ടേൽ, ഹർഭജൻ സിംഗ്, ആകാശ് മധ്വാൾ, ലസിത് മലിംഗ, ജസ്പ്രീത് ബുംറ എന്നിവരാണ് മുംബൈക്കായി ഇതുവരെ ഐപിഎല്ലിൽ അഞ്ച് വിക്കറ്റ് നേട്ടം ആഘോഷിച്ചവർ. മറ്റൊരു ടീമിനും നാലിൽ കൂടുതൽ അഞ്ച് വിക്കറ്റ് അവകാശപ്പെടാനില്ല.
അൽസാരി ജോസഫ് 2019ൽ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരേ 12 റണ്‍സ് വഴങ്ങി ആറ് വിക്കറ്റ് വീഴ്ത്തിയതാണ് ഐപിഎൽ ചരിത്രത്തിലെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനം.
.