ഹൈദരാബാദ്: തുടർച്ചയായ ആറ് തോൽവിക്കു ശേഷം റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന് വിജയ മധുരം. ഐപിഎൽ ട്വന്റി-20 ക്രിക്കറ്റ് സീസൺ 17ലെ തുടർ തോൽവിയുടെ കയ്പ്പുനീരിൽ നിന്ന് മുക്തമായി ആസിബി 35 റൺസിന്റെ ജയമാഘോഷിച്ചു.
സീസണിലെ കൂറ്റനടിക്കാരെന്ന പേരെടുത്ത സൺറൈസേഴ്സ് ഹൈദരാബാദിനെയാണ് ആർസിബി തോൽപ്പിച്ചത്. ഈ ജയത്തോടെ പ്ലേ ഓഫ് വിദൂര സാധ്യത മങ്ങാതെ കാക്കാനും ആർസിബിക്കു സാധിച്ചു. സ്കോർ: റോയൽ ചലഞ്ചേഴ്സ് ബംഗളൂരു 206/7 (20). സൺറൈസേഴ്സ് ഹൈദരാബാദ് 171/8 (20).
സീസണിൽ മൂന്ന് തവണ 260ൽ കൂടുതൽ റൺസ് നേടിയ സൺറൈസേഴ്സിനെ ആർസിബി എറിഞ്ഞൊതുക്കുകയായിരുന്നു.
രണ്ട് വിക്കറ്റ് വീതം വീഴ്ത്തി കാമറൂൺ ഗ്രീൻ, കരൺ ശർമ, സപ്നം സിംഗ് എന്നിവർ ആർസിബി ബൗളിംഗ് ആക്രമണത്തിനു നേതൃത്വം നൽകി. ഷഹ്ബാസ് അഹമ്മദ് (40 നോട്ടൗട്ട് ), പാറ്റ് കമ്മിൻസ് (31), അഭിഷേക് ശർമ (31) എന്നിവരാണ് ഹൈദരാബാദിന്റെ ടോപ് സ്കോറർമാർ.
ടോസ് നേടിയ റോയൽ ചലഞ്ചേഴ്സ് ബംഗളൂരു ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസി (12 പന്തിൽ 25), വിൽ ജാക്സ് (6) എന്നിവരെ നഷ്ടപ്പെട്ടപ്പോൾ ആർസിബിയുടെ സ്കോർ ഏഴ് ഓവറിൽ 65/2. വിരാട് കോഹ്ലിയും (43 പന്തിൽ 51) രജത് പാട്ടിദാറും (20 പന്തിൽ 50) ചേർന്ന് മൂന്നാം വിക്കറ്റിൽ 65 റണ്‍സ് നേടി. പാട്ടിദാർ നടത്തിയ കടന്നാക്രമണമാണ് ആർബിസി ഇന്നിംഗ്സ് 200 കടക്കാൻ സഹായകമായത്. അഞ്ച് സിക്സും രണ്ട് ഫോറും അടങ്ങുന്നതായിരുന്നു പാട്ടിദാറിന്റെ ഇന്നിംഗ്സ്.
കോഹ്ലിയുടെ 53-ാം ഐപിഎൽ അർധശതകമാണ് ഇന്നലെ പിറന്നത്. ഒരു സിക്സും നാല് ഫോറും അടങ്ങുന്നതായിരുന്നു കോഹ്ലിയുടെ ഇന്നിംഗ്സ്. 2024 ഐപിഎല്ലിൽ ടോപ് സ്കോററായ കോഹ്ലിക്ക് ഒന്‍പത് ഇന്നിംഗ്സിൽ 430 റണ്‍സായി.