ഹൈദരാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പത്താം പതിപ്പിന് ഇന്ന് കൊടി ഉയരും. ഇനി കുട്ടിക്രിക്കറ്റ് ഉത്സവത്തിന്റെ 47 നാളുകള്‍. മേയ് 21നാണ് ഫൈനല്‍. ഇന്ത്യന്‍ ക്രിക്കറ്റില്‍ ഏറെ വിപ്ലവങ്ങള്‍ക്കും വിജയങ്ങള്‍ക്കും നാണക്കേടുകള്‍ക്കും ഇടയാക്കിയ ടൂര്‍ണമെന്റിന്റെ ജനപ്രീതി ഇന്ത്യയിലും ലോകമെമ്പാടും വ്യാപിച്ചു കഴിഞ്ഞു.
ഐപിഎല്‍ പത്താം സീസണു കൊടിയേറുമ്പോള്‍ എട്ടു ടീമുകളും അങ്കപ്പുറപ്പാടിന് ഒരുങ്ങിയിരിക്കുന്നു. പല ടീമുകളെയും പരിക്ക് വലയ്ക്കുകയാണ്. ഇത്തവണ ചാമ്പ്യന്മാരാകാന് ഏറെ സാധ്യതയുള്ള റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരിനാണ് വലിയ തിരിച്ചടി നേരിട്ടിരിക്കുന്നത്.
ഹൈദരാബാദിലെ രാജീവ് ഗാന്ധി രാജ്യാന്തര സ്റ്റേഡിയത്തില്‍ നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ സണ്‍റൈസേഴ്സ് ഹൈദരാബാദ് റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിനെ നേരിടും.
10 വേദികളിലായി 60 മത്സരങ്ങളാണ് സീസണില്‍ ആകെയുള്ളത്. 56 ലീഗ് മത്സരങ്ങള്‍, രണ്ടു ക്വാളിഫയര്‍ പോരാട്ടങ്ങള്‍, ഒരു എലിമിനേറ്റര്‍, അവസാനം ഹൈദരാബാദിലെ കലാശപ്പോരാട്ടം. ഇതോടെ ഒന്നര മാസം നീണ്ടുനില്‍ക്കുന്ന ക്രിക്കറ്റ് മാമാങ്കത്തിനു തിരശീല വീഴും.
2008ല്‍ ആരംഭിച്ച ഐപിഎല്‍ മത്സരങ്ങള്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ജനപ്രീതിയുള്ള കായിക മത്സരമാക്കി മാറ്റാനായി. ജനങ്ങളുടെ ഇടയിലെ ആകര്‍ഷകത്വം സ്റ്റേഡിയങ്ങള്‍ കാണികളെക്കൊണ്ടു നിറച്ചു.
ടെലിവിഷനില്‍ കളി കാണുന്നവരുടെ എണ്ണത്തിലും വര്‍ധനയുണ്ടായി. ഇന്ത്യയില്‍ ടെസ്റ്റിനും ഏകദിനത്തിലും ലഭിക്കുന്ന പിന്തുണയെക്കാള്‍ കൂടുതല്‍ ഐപിഎല്‍ മത്സരങ്ങളില്‍ ലഭിച്ചു തുടങ്ങുകയും ചെയ്തു. പണം ഒഴുകുന്ന ടൂര്ണമെന്റായതുകൊണ്ട് അഴിമതിയും ടൂര്‍ണമെന്റില്‍ കടന്നുവന്നു. വാതുവയ്പും സ്പോട് ഫിക്സിംഗും ഇടയ്ക്ക് ഐപിഎലിന്റെ ശോഭ കെടുത്തി. വാതുവയ്പ് പല പ്രമുഖ കളിക്കാരുടെയും ജയില്‍ വാസത്തിനും ദേശീയ ടീമിലെ സ്ഥാന നഷ്ടത്തിനും വഴിതെളിച്ചു.
ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പും ഏഷ്യാ കപ്പുമെല്ലാം അടുത്തടുത്ത് നടന്നതിനാല്‍ ശോഭ കുറഞ്ഞ കഴിഞ്ഞ സീസണില്‍നിന്ന് ഏറെ മാറ്റം പത്താം സീസണില്‍ പ്രതീക്ഷിക്കാമെന്ന് അണിയറക്കാര്‍ ഉറപ്പുതരുന്നു. അടുത്ത വര്‍ഷം മുഴുവന്‍ കളിക്കാരെയും ഉള്‍പ്പെടുത്തി ലേലം നടക്കുമെന്നതിനാല്‍ ഈ സീസണു മുന്നോടിയായി നടന്ന ലേലത്തില്‍ പ്രധാന പൊസിഷനിലേക്കുള്ള താരങ്ങളെ മാത്രമാണ് എല്ലാ ടീമും വാങ്ങിയത്.
ഇംഗ്ലീഷ് ഓള് റൗണ്ടര്‍ ബെന്‍ സ്റ്റോക്സിനെ റൈസിംഗ് പൂന സൂപ്പര്‍ ജയന്റ് റിക്കാര്‍ഡ് തുക കൊടുത്തു വാങ്ങിയപ്പോള്‍ ഇന്ത്യന്‍ മുന്‍നിര താരങ്ങളായ ഇഷാന്ത് ശര്‍മയെയും ഇര്ഫാന് പഠാനെയും ടീമിലെടുക്കാന്‍ ഒരു ടീമും മുന്നോട്ടു വന്നില്ല.
വിരാട് കോഹ്ലി – റോയല്‍ ചലഞ്ചേഴസ് ബംഗളൂരു, രോഹിത് ശര്‍മ – മുംബൈ ഇന്ത്യന്‍സ്, ഗൗതം ഗംഭീര്‍ – കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്, സുരേഷ് റെയ്ന – ഗുജറാത്ത് ലയണ്‍സ്, സഹീര്‍ ഖാന് – ഡല്‍ഹി ഡെയര്‍ ഡെവിള്‍സ്, സ്റ്റീവ് സ്മിത്ത് – റൈസിംഗ് പൂന സൂപ്പര്‍ ജയന്റ് , ഗ്ലെന്‍ മാക്സ്വെല് – കിംഗ്സ് ഇലവന് പഞ്ചാബ് , ഡേവിഡ് വാര്‍ണര്‍ – സണ്‍റൈസേഴ്സ് ഹൈദരാബാദ് എന്നിവരാണ് ഓരോ ടീമുകളുടെയും നായകന്മാര്. നിലവിലെ ചാന്പ്യന്മാരായ സണ്‍റൈസേഴ്സ് ഇത്തവണയും കിരീടം നിലനിര്‍ത്താമെന്ന പ്രതീക്ഷയിലാണ്.
രണ്ടു വട്ടം കിരീടം നേടിയ മുംബൈ ഇന്ത്യന്‍സും കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സും ട്രിപ്പിള്‍ തികയ്ക്കാമെന്ന കണക്കു കൂട്ടലിലുമാണ് കളത്തിലിറങ്ങുക. കഴിഞ്ഞ സീസണിലുള്‍പ്പെടെ മൂന്നു വട്ടം ഫൈനലില്‍ കാലിടറിയ റോയല്‍ ചലഞ്ചേഴ്സിന് ഈ സീസണ് നിര്‍ണായകമാണ്.
പത്തു സീസണുകളിലും കളിച്ചിട്ടും ഇതുവരെ ചാന്പ്യന്മാരാകാന് സാധിക്കാത്ത നിര്‍ഭാഗ്യം ഇത്തവണ തിരുത്തിക്കുറിക്കാനാണ് കിംഗ്സ് ഇലവനും ഡല്‍ഹി ഡെവിള്‍സും മാറ്റുരയ്ക്കുക. ആദ്യ സീസണില്‍തന്നെ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തിയതിന്റെ പകിട്ടില്‍ ഗുജറാത്ത് ലയണ്‍സും ദുരന്തമായ ഒന്നാം സീസണില്‍നിന്നു പാഠം ഉള്‍ക്കൊണ്ടു സൂപ്പര്‍ ജയന്റും കച്ചകെട്ടുന്നു.sthash.Fs64Xkhe.dpuf