അബുദാബി: ഐപിഎൽ പൂരത്തിന് ഇന്ന് തുടക്കം. കോവിഡ്-19 മഹാമാരിയുടെ പശ്ചാത്തലത്തിൽ ഇന്ത്യവിട്ട് യുഎഇയിൽ ചേക്കേറിയ ഐപിഎൽ ട്വന്റി-20യുടെ 13-ാം എഡിഷനാണ് ഇന്ന് തുടക്കം കുറിക്കുന്നത്.
ചിരവൈരികളായ മുംബൈ ഇന്ത്യൻസും ചെന്നൈ സൂപ്പർ കിംഗ്സുമാണ് ഇന്ത്യൻ സമയം രാത്രി 7.30ന് നടക്കുന്ന ഉദ്ഘാടന പോരാട്ടത്തിൽ കൊന്പുകോർക്കുക.
രോഹിത് ശർമയുടെ നേതൃത്വത്തിൽ മുംബൈ ഇന്ത്യൻസും എം.എസ്. ധോണിയുടെ നേതൃത്വത്തിൽ ചെന്നൈ സൂപ്പർ കിംഗ്സും നേർക്കുനേർ ഇറങ്ങുന്പോൾ ഐപിഎൽ ആരാധകരുടെ പ്രതീക്ഷയും ആവേശവും വാനോളമുയരും.
കാരണം, ഐപിഎൽ ചരിത്രത്തിൽ ഏറ്റവും വിജയകരമായ രണ്ട് ടീമുകളാണിവർ.കോവിഡിന്റെ ഭീഷണിയിൽ അഞ്ച് മാസം ആശങ്കയിൽ കഴിഞ്ഞശേഷമാണ് ഐപിഎലിൽ ഇന്ന് അബുദാബിയിൽ ആദ്യ ടോസ് നടക്കുക.
കോവിഡ് പശ്ചാത്തലത്തിൽ ഉദ്ഘാടന മാമാങ്കമോ ആഘോഷങ്ങളോ ഇല്ലാതെയാണ് ടൂർണമെന്റിനു തുടക്കം കുറിക്കുന്നത്.