മുംബൈ: കോവിഡ് ഭീഷണിയെത്തുടർന്ന് പാതിവഴിയിൽ നിർത്തിവച്ച 14-ാം സീസണ് ഐപിഎൽ ട്വന്റി-20 ക്രിക്കറ്റ് സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിൽ പൂർത്തിയാക്കുമെന്ന് ബിസിസിഐ വൃത്തങ്ങൾ.
യുഎഇയിലായിരിക്കും ശേഷിച്ച മത്സരങ്ങൾ അരങ്ങേറുക. രണ്ട് ക്വാളിഫയർ, ഒരു എലിമിനേറ്റർ, ഫൈനൽ ഉൾപ്പെടെ 31 മത്സരങ്ങളാണ് ഇനി നടക്കാനുള്ളത്.
13-ാം സീസണ് കോവിഡ് ഭീഷണിയുടെ പശ്ചാത്തലത്തിൽ യുഎഇയിൽ ആയിരുന്നു പൂർണമായി നടത്തിയത്.
സെപ്റ്റംബർ 18 മുതൽ ഒക്ടോബർ 12വരെ ഐപിഎൽ നടത്താനാണു ബിസിസിഐ ശ്രമിക്കുന്നത്. മറ്റ് ക്രിക്കറ്റ് ബോർഡുകളുടെ ഷെഡ്യൂളുകളും പരിഗണിച്ചുമാത്രമേ ഐപിഎൽ 14-ാം സീസണ് പുനരാരംഭിക്കാൻ സാധിക്കൂ.
കരീബിയൻ പ്രീമിയർ ലീഗ് ഓഗസ്റ്റ് 28നാണ് ആരംഭിക്കുക. അതിനു മുന്പ് ഐപിഎൽ അവസാനിക്കുന്ന തരത്തിലായിരിക്കും ബിസിസിഐ നീക്കം. ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ ടെസ്റ്റ് പരന്പരയിലെ അവസാന മത്സരം സെപ്റ്റംബർ 14നാണ് അവസാനിക്കുക.
ഐസിസി ട്വന്റി-20 ലോകകപ്പ് ആരംഭിക്കാൻ ഒരാഴ്ച മാത്രം ശേഷിക്കേയായിരിക്കും ഐപിഎൽ അവസാനിക്കുക. ഇന്ത്യയിൽ കോവിഡ് ഭീഷണി അതിഭീകരമായി തുടരുന്ന പശ്ചാത്തലത്തിൽ ട്വന്റി-20 ലോകകപ്പിനും വേദിയാകുക യുഎഇ ആയിരിക്കുമെന്നാണ് റിപ്പോർട്ട്.
നാല് ടീമുകളുടെ ബയോ സോക്യൂർ ബബിളിനുള്ളിൽ കോവിഡ്-19 റിപ്പോർട്ട് ചെയ്തതോടെ മേയ് നാലിനാണ് ഐപിഎൽ താത്കാലികമായി റദ്ദാക്കിയത്.