കോൽക്കത്ത: റോബിൻ ഉത്തപ്പയും ഗൗതം ഗംഭീറും ഒരിക്കൽക്കൂടി നൈറ്റ് റൈഡേഴ്സിന് രക്ഷകരായി, ഡൽഹി ഡെയർ ഡെവിൾസിന് ഏഴു വിക്കറ്റ് തോൽവി. ഉത്തപ്പയുടേതടക്കം നിർണായക ക്യാച്ചുകൾ കൈവിട്ട് ഡൽഹി തോൽവി ഇരന്നുവാങ്ങുകയായിരുന്നു. ജയത്തോടെ കോൽക്കത്ത ഐപിഎൽ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനം നിലനിർത്തി.സ്കോർ: ഡൽഹി ഡെയർ ഡെവിൾസ്- 160/6(20). കോൽക്കത്ത നൈറ്റ് റൈഡേഴ്സ്- 161/3(16.2).
മലയാളി താരം സഞ്ജു സാംസണിന്റെയും ശ്രേയസ് അയ്യരുടെയും ബാറ്റിംഗ് മികവിൽ ഡൽഹി ഉയർത്തിയ 161 റണ്സ് വിജയലക്ഷ്യം കോൽക്കത്ത 16.2 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. ഗംഭീർ 52 പന്തിൽനിന്ന് 71 റണ്സുമായി പുറത്താകാതെനിന്നപ്പോൾ ഉത്തപ്പ 33 പന്തിൽ 59 റണ്സ് നേടി പുറത്തായി. ഇരുവരും ചേർന്ന് രണ്ടാം വിക്കറ്റിൽ 108 റണ്സ് കൂട്ടിച്ചേർത്തു. കഴിഞ്ഞ മത്സരത്തിലും ഗംഭീർ-ഉത്തപ്പ സഖ്യം സെഞ്ചുറി കൂട്ടുകെട്ട് പടുത്തുയർത്തിയിരുന്നു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഡൽഹിക്ക് കരുണ് നായരെ(16) തുടക്കത്തിൽ നഷ്ടമായെങ്കിലും പിന്നീട് ഒത്തുചേർന്ന സഞ്ജുവും ശ്രേയസ് അയ്യരും ഡൽഹിയെ സുരക്ഷിത സ്ഥാനത്തേക്കു നയിക്കുമെന്നു തോന്നിപ്പിച്ചു. സഞ്ജു 38 പന്തിൽ 60 റണ്സ് നേടിയപ്പോൾ ശ്രേയസ് 34 പന്തിൽ 47 റണ്സ് നേടി പുറത്തായി. ഇരുവരും ചേർന്ന് രണ്ടാം വിക്കറ്റിൽ 75 റണ്സ് കൂട്ടിച്ചേർത്തു.
ഒരുഘട്ടത്തിൽ 131/2 എന്ന നിലയിലായിരുന്ന ഡൽഹി, ഇരുവരും പുറത്തായശേഷം റണ്സ് കണ്ടെത്താൻ ബുദ്ധിമുട്ടി. പേസർ നഥാൻ കോൾട്ടർനൈലിന്റെ പന്തുകൾക്കു മുന്നിൽ പതറിയതോടെ സ്കോർ 160ൽ ഒതുങ്ങി. കോൾട്ടർനൈൽ മൂന്നു വിക്കറ്റ് നേടി.