മൊഹാലി: വാർണറുടെ കുട്ടികളുടെ മൂന്ന് അർധസെഞ്ചുറികൾക്കു പകരംവയ്ക്കാൻ പഞ്ചാബ് നിരയിൽ ഒരു ഷോണ്‍ മാർഷ് മാത്രമുണ്ടായപ്പോൾ സണ്‍റൈസേഴ്സ് ഹൈദരാബാദിന് 26 റണ്‍സ് വിജയം. ഹൈദരാബാദ് ഉയർത്തിയ 208 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന കിംഗ്സ് ഇലവൻ പഞ്ചാബിന് ഒന്‍പതു വിക്കറ്റ് നഷ്ടത്തിൽ 181 റണ്‍സ് മാത്രമാണ് നേടാൻ കഴിഞ്ഞത്.
ഷോണ്‍ മാർഷിന്റെ ഒറ്റയാൾ പോരാട്ടം മാത്രമായിരുന്നു പഞ്ചാബ് ഇന്നിംഗ്സിന്റെ സവിശേഷത. മാർഷ് 50 പന്തിൽനിന്ന് 84 റണ്‍സ് നേടി പുറത്തായി. മറ്റാർക്കും പഞ്ചാബ് നിരയിൽ മാർഷിനു പിന്തുണ നൽകാൻ കഴിഞ്ഞില്ല. സണ്‍റൈസേഴ്സിനായി ആശിഷ് നെഹ്റ, സിദ്ധാർഥ് കൗൾ എന്നിവർ മൂന്നു വിക്കറ്റും ഭുവനേശ്വർ കുമാർ രണ്ടു വിക്കറ്റും നേടി.
സ്കോർ: സണ്‍ റൈസേഴ്സ് ഹൈദരാബാദ്- 207/3(20). കിംഗ്സ് ഇലവൻ പഞ്ചാബ്- 181/9(20).ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് 20 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 207 റണ്‍സെടുത്തു. ഓപ്പണർമാരായ ഡേവിഡ് വാർണറുടെയും (27 പന്തിൽ 51) ശിഖർ ധവാന്റെയും (48 പന്തിൽ 77) മികച്ച ബാറ്റിംഗാണ് ഹൈദരാബാദിനു കൂറ്റൻ സ്കോർ സമ്മാനിച്ചത്.
കെയ്ൻ വില്യംസണ് 27 പന്തിൽ 54 റണ്‍സെടുത്തു പുറത്താകാതെ നിന്നു. വാർണറുടെ ഇന്നിഗ്സിൽ നാലു ബൗണ്ടറിയും നാലു സിക്സുമുണ്ടായിരുന്നു. ഒന്‍പതു ബൗണ്ടറിയുടെയും ഒരു സിക്സിന്റെയും പിൻബലത്തിലാണ് ധവാൻ മികച്ച സ്കോർ സ്വന്തമാക്കിയത്.