ദുബായ്: 2012 ഐപിഎൽ ഫൈനലിന്റെ തനിയാവർത്തനമായി കോൽക്കത്ത നൈറ്റ് റൈഡേഴ്സും ചെന്നൈ സൂപ്പർ കിംഗ്സും 2021ൽ ഏറ്റുമുട്ടിയപ്പോൾ പഴയ തോൽവിക്ക് സിഎസ്കെ പകരം വീട്ടി.
2021 സീസൺ ഫൈനലിൽ കോൽക്കത്ത നൈറ്റ് റൈഡേഴ്സിനെ 27 റൺസിന് തകർത്ത് സിഎസ്കെചാന്പ്യന്മാരായി. ഐപിഎൽ ചരിത്രത്തിൽ എം.എസ്. ധോണിയുടെ ചെന്നൈ സംഘത്തിന്റെ നാലാം കിരീടം. ചെന്നൈയുടെ ഒന്‍പതാം ഫൈനലായിരുന്നു, കോൽക്കത്തയുടെ മൂന്നാമത്തെയും. സ്കോർ: ചെന്നൈ 20 ഓവറിൽ 192/3. കോൽക്കത്ത 20 ഓവറിൽ 165/9.
ഡുപ്ലെസിസ്
ടോസ് നേടിയ കോൽക്കത്ത ക്യാപ്റ്റൻ ഓയിൻ മോർഗൻ ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഫോമിലുള്ള ചെന്നൈ ഓപ്പണർമാരായ ഋതുരാജ് ഗെയ്ക്വാദും (27 പന്തിൽ ഒരു സിക്സും മൂന്ന് ഫോറും ഉൾപ്പെടെ 32) ഫാഫ് ഡുപ്ലെസിസും (59 പന്തിൽ മൂന്ന് സിക്സും ഏഴ് ഫോറും അടക്കം 86) ചേർന്ന് എട്ട് ഓവറിൽ 61 റണ്‍സ് അടിച്ചെടുത്തശേഷമാണ് പിരിഞ്ഞത്.
നേരിട്ട 35-ാം പന്തിൽ ഡുപ്ലെസിസ് അർധസെഞ്ചുറി തികച്ചു. ഈ ഇന്നിംഗ്സുകളോടെ ഗെയ്ക്വാദും ഡുപ്ലെസിസും ഈ സീസൺ റണ്‍വേട്ടയിൽ ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തി.
മൂന്നാം നന്പറായെത്തിയ റോബിൻ ഉത്തപ്പയും (15 പന്തിൽ മൂന്ന് സിക്സ് ഉൾപ്പെടെ 31) നാലാമനായ മൊയീൻ അലിയും (20 പന്തിൽ മൂന്ന് സിക്സും രണ്ട് ഫോറും അടക്കം 37 നോട്ടൗട്ട്) തകർത്തടിച്ചതോടെ ചെന്നൈ മികച്ച സ്കോറിലെത്തി. കോൽക്കത്ത ബൗളർമാരിൽ ഏറ്റവും കൂടുതൽ പ്രഹരം ഏറ്റുവാങ്ങിയത് ലോക്കീ ഫെർഗൂസണ് ആയിരുന്നു, നാല് ഓവറിൽ 56 റണ്‍സ്.
ധോണിയുടെ ഗ്ലൗ ചോർന്നു
193 റണ്‍സ് വിജയലക്ഷ്യവുമായി ക്രീസിലെത്തിയ നൈറ്റ് റൈഡേഴ്സിനായി ഓപ്പണർമാരായ ശുഭ്മാൻ ഗില്ലും (43 പന്തിൽ 51) വെങ്കിടേഷ് അയ്യറും (32 പന്തിൽ 50) മികച്ച തുടക്കമിട്ടു. ഇന്നിംഗ്സിലെ രണ്ടാം ഓവറിന്റെ മൂന്നാം പന്തിൽ അയ്യറിന്റെ ക്യാച്ച് വിക്കറ്റിനു പിന്നിൽ ചെന്നൈ ക്യാപ്റ്റൻ എം.എസ്. ധോണി കൈവിട്ടിരുന്നു. ജോഷ് ഹെയ്സൽവുഡ് ആയിരുന്നു നിർഭാഗ്യവാനായ ബൗളർ. ജീവൻ തിരികെ ലഭിച്ച അയ്യർ തൊട്ടടുത്ത പന്തിൽ സിക്സർ പറത്തുകയും ചെയ്തു.
32 പന്തിൽ 50 റണ്‍സുമായി അയ്യർ പുറത്താകുന്പോൾ കെകെആർ 10.4 ഓവറിൽ 91/1. തുടർന്ന് നിതീഷ് റാണ (0), സുനിൽ നരെയ്ൻ (2) എന്നിവർ അതിവേഗം പുറത്തായതോടെ കെകെആർ 11.3 ഓവറിൽ മൂന്നിന് 97ലേക്ക് ഒതുക്കപ്പെട്ടു.
ഓപ്പണർമാർക്കുശേഷം 9-ാം നന്പറായ ഫെർഗൂസണും (18*) 10-ാം നന്പറായ ശിവം മാവിയും (20) മാത്രമാണ് കെകെആർ ഇന്നിംഗ്സിൽ രണ്ടക്കം കണ്ടത്. തുടക്കത്തിലെ പതറിച്ചയ്ക്കുശേഷം ചെന്നൈ ബൗളർമാർ കളിയുടെ നിയന്ത്രണം കൈപ്പിടിയിലാക്കുകയായിരുന്നു.