മുംബൈ: ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സിന് ഈ സീസണിലെ ആദ്യ തോൽവി. മുംബൈ ഇന്ത്യൻസിനോട് 37 റണ്‍സിനാണ് ചെന്നൈ പരാജയപ്പെട്ടത്. മുംബൈ ഉയർത്തിയ 171 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടർന്ന ചെന്നൈയ്ക്കു തുടക്കത്തിൽതന്നെ കനത്ത തിരിച്ചടിയാണ് നേരിട്ടത്.
സ്കോർ ബോർഡ് ആറ് റണ്‍സിൽ എത്തിയപ്പോൾതന്നെ ചെന്നൈയുടെ ഓപ്പണർമാർ പവലിയൻ കയറി. അംബാട്ടി റായിഡു പൂജ്യത്തിനും വാട്സണ് അഞ്ച് റണ്‍സിനുമാണ് പുറത്തായത്. റെയ്നയ്ക്കും (16) കാര്യമായി സംഭവന ചെയ്യാൻ സാധിച്ചില്ല.
കേദാർ ജാദവിനു മാത്രമാണ് ചെന്നൈ നിരയിൽ തിളങ്ങാനായത്. 54 പന്തിൽ ഒരു സിക്സും എട്ട് ഫോറും ഉൾപ്പെടെ 58 റണ്‍സെടുത്ത ജാദവാണ് ടോപ്പ് സ്കോറർ. 12 റണ്‍സെടുത്ത ധോണിയെ ഹാർദിക് പാണ്ഡ്യ പുറത്താക്കി.
പിന്നാലെ ജാദവിനെ മലിംഗയും വീഴ്ത്തി. ഇതോടെ ചെന്നൈയുടെ പതനം പൂർത്തിയായി. ചെന്നൈ നിരയിൽ നാല് പേർക്കു മാത്രമാണ് രണ്ടക്കം കടക്കാൻ സാധിച്ചത്. മൂന്ന് വീക്കറ്റ് വീതം വീഴ്ത്തി ഹാർദിക് പാണ്ഡ്യയും മലിംഗയുമാണ് ചെന്നൈയുടെ നടുവോടിച്ചത്. ജയ്സണ്‍ ബെഹ്റെൻഡോർഫ് രണ്ട് വിക്കറ്റ് വീഴ്ത്തി.
നേരത്തെ, സൂര്യകുമാർ യാദവിന്റെ അർധസെഞ്ചുറിയുടെ മികവിലാണ് മുംബൈ 170 റൺസെടുത്തത്. സൂര്യകുമാർ യാദവ് 43 പന്തിൽ ഒരു സിക്സും എട്ട് ഫോറും അടക്കം 59 റണ്‍സ് നേടി ടോപ് സ്കോററായി. കൃണാൽ പാണ്ഡ്യ 32 പന്തിൽ 42 റണ്‍സ് സ്വന്തമാക്കി. ഇരുവരും നാലാം വിക്കറ്റിൽ 62 റണ്‍സ് കൂട്ടിച്ചേർത്തു. ഏഴ് പന്തിൽ രണ്ട് സിക്സ് ഉൾപ്പെടെ 17 റണ്‍സുമായി പൊള്ളാർഡും എട്ട് പന്തിൽ മൂന്ന് സിക്സും ഒരു ഫോറും അടക്കം 25 റണ്‍സുമായി ഹാർദിക് പാണ്ഡ്യയും പുറത്താകാതെനിന്നു.
ഡ്വെയ്ൻ ബ്രാവോ എറിഞ്ഞ 20-ാം ഓവറിൽ കിറോണ്‍ പൊള്ളാർഡും ഹാർദിക് പാണ്ഡ്യയും ചേർന്ന് 29 റണ്‍സാണ് അടിച്ചുകൂടിയത്. ഇതാണ് മത്സരത്തിൽ നിർണായകമായത്.