ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിന്റെ 17-ാം പതിപ്പിന് വർണാഭമായ പര്യവസാനം. 2024 ഐപിഎല്ലിൽ കളിച്ചതിൽ ഏറ്റവും മികച്ച 11 കളിക്കാരെ ഇവിടെ അവതരിപ്പിക്കുന്നു. ഒരുപക്ഷേ, നിങ്ങൾ ഹൃദയത്തിലേറ്റിയ കളിക്കാർ ഇതിൽ ഉണ്ടായേക്കില്ല.
2024 സീസണിൽ ഉടനീളം നടത്തിയ ഇംപാക്ട് റേറ്റിംഗിന്റെ അടിസ്ഥാനത്തിലുള്ള 11 അംഗ സൂപ്പർ ടീമിനെയാണ് അണിനിരത്തുന്നത്. ക്രിക്ഇൻഫോ പുറത്തുവിട്ട 2024 ടീം ഓഫ് ദ സീസണിന്റെ ക്യാപ്റ്റൻ സഞ്ജു സാംസൺ ആണെന്നതാണ് ഏറ്റവും ശ്രദ്ധേയം. ടീമിൽ നാല് വിദേശ കളിക്കാരെ മാത്രമേ ഉൾപ്പെടുത്താൻ സാധിക്കൂ എന്നതും പരിഗണിച്ചാണ് 2024 ഐപിഎൽ സൂപ്പർ ടീമിനെ അവതരിപ്പിക്കുന്നത്.
നിക്കോളാസ് പുരാൻ
അഞ്ച്, ആറ് നന്പറുകളിലായി നിക്കോളാസ് പുരാൻ ലക്നോ സൂപ്പർ ജയന്റ്സിനുവേണ്ടി 14 ഇന്നിംഗ്സിൽനിന്ന് 178.21 സ്ട്രൈക്ക് റേറ്റിൽ 499 റൺസ് നേടി. വെസ്റ്റ് ഇൻഡീസ് താരത്തിന്റെ ഏറ്റവും മികച്ച ഐപിഎൽ സീസൺ ആണിത്. 45.63 ആണ് ഇംപാക്ട് റേറ്റ്.
ട്രിസ്റ്റൺ സ്റ്റബ്സ്
17 മുതൽ 20വരെയുള്ള ഡെത്ത് ഓവറുകളിൽ ഈ സീസണിൽ ഏറ്റവും വിനാശകാരിയായ ബാറ്ററായിരുന്നു ഡൽഹി ക്യാപ്പിറ്റൽസിന്റെ ദക്ഷിണാഫ്രിക്കൻ താരം ട്രിസ്റ്റൺ സ്റ്റബ്സ്. 17-20 ഓവറുകളിൽ 75 പന്ത് നേരിട്ട് 223 റൺസ് സ്റ്റബ്സ് അടിച്ചുകൂട്ടി. 297.33 ആണ് ഡെത്ത് ഓവറുകളിൽ സ്റ്റബ്സിന്റെ സ്ട്രൈക്ക് റേറ്റ്. 32.50 ആണ് ഇംപാക്ട് റേറ്റ്. 13 ഇന്നിംഗ്സിൽനിന്ന് 190.90 സ്ട്രൈക്ക് റേറ്റിൽ 378 റൺസ് ഈ സീസണിൽ താരം സ്വന്തമാക്കി.
വിരാട് കോഹ്ലി
ഈ സീസണിലെ ടോപ് സ്കോററാണ് റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ വിരാട് കോഹ്ലി. ഈ ടൂർണമെന്റിൽ ചുരുങ്ങിയത് 10 മത്സരം കളിച്ചതിൽ ഏറ്റവും മികച്ച ഇംപാക്ട് റേറ്റിംഗ് ഉള്ള ബാറ്ററാണ് കോഹ്ലി. 47.53 ആണ് കോഹ്ലിയുടെ ഇംപാക്ട് റേറ്റിംഗ്. 15 ഇംന്നിംഗ്സിൽനിന്ന് 154.69 സ്ട്രൈക്ക്റേറ്റിൽ 741 റൺസ് കോഹ്ലി സ്വന്തമാക്കി.
നെരെയ്ൻ
ഐപിഎൽ ചരിത്രത്തിൽ മറ്റൊരു ഓൾ റൗണ്ടറിനും സാധിക്കാത്ത നേട്ടമാണ് 2024 സീസണിൽ കോൽക്കത്ത നൈറ്റ് റൈഡേഴ്സിനുവേണ്ടി വെസ്റ്റ് ഇൻഡീസുകാരനായ സുനിൽ നരെയ്ൻ സ്വന്തമാക്കിയത്. ഐപിഎൽ ചരിത്രത്തിൽ 175+ സ്ട്രൈക്ക് റേറ്റോടെ 450ൽ അധികം റൺസും ഏഴിൽ താഴം ഇക്കോണമിയിൽ 15ൽ അധികം വിക്കറ്റും നേടുന്ന ആദ്യ താരമാണ് നരെയ്ൻ. 79.66 ആണ് നരെയ്ന്റെ ഈ സീസണിലെ ഇംപാക്ട് റേറ്റിംഗ്. 14 മത്സരങ്ങളിൽനിന്ന് 180.74 സ്ട്രൈക്ക് റേറ്റിൽ 488 റൺസും 6.69 ഇക്കോണമിയിൽ 17 വിക്കറ്റും നരെയ്ൻ സ്വന്തമാക്കി.
സഞ്ജു സാംസൺ
മുൻ സീസണുകളെ അപേക്ഷിച്ച് സഞ്ജു സാംസന്റെ ഏറ്റവും മികച്ച സീസൺ ആയിരുന്നു 2024. രാജസ്ഥാൻ റോയൽസ് ക്യാപ്റ്റനായ സഞ്ജു ആദ്യ 11 മത്സരങ്ങളിൽ 163.54 സ്ട്രൈക്ക് റേറ്റിൽ 471 റൺസ് നേടി. അവസാന നാല് ഇന്നിംഗ്സിൽനിന്ന് 103.44 സ്ട്രൈക്ക് റേറ്റിൽ 60 റൺസ് മാത്രമേ നേടിയുള്ളൂ. എന്നാൽ, ഈ സീസണിലെ ഏറ്റവും മികച്ച മൂന്നാം നന്പർ ബാറ്ററായിരുന്നു സഞ്ജു. 36.12 ആണ് ഇംപാക്ട് റേറ്റിംഗ്. 15 ഇന്നിംഗ്സിൽനിന്ന് 153.46 സ്ട്രൈക്ക് റേറ്റിൽ 531 റൺസ് നേടി.
റിയാൻ പരാഗ്
നാലാം നന്പറിൽ 2024 ഐപിഎല്ലിലെ ഏറ്റവും മികച്ച ബാറ്റിംഗ് കാഴ്ചവച്ചത് രാജസ്ഥാൻ റോയൽസിന്റെ റിയാൻ പരാഗാണ്. നാലാം നന്പറിൽ മികച്ച രണ്ടാമത് പ്രകടനം കാഴ്ചവച്ച രജത് പാട്ടിദാറിനേക്കാൾ 251 റൺസ് അധികം പരാഗ് സ്കോർ ചെയ്തു. 42.30 ആണ് റിയാൻ പരാഗിന്റെ ഇംപാക്ട് റേറ്റിംഗ്. 14 ഇന്നിംഗ്സിൽനിന്ന് 149.21 സ്ട്രൈക്ക് റേറ്റിൽ 573 റൺസ് റിയാൻ പരാഗ് സ്വന്തമാക്കി.
ആന്ദ്രെ റസൽ
ഈ സീസണിൽ വെറും 120 പന്ത് മാത്രമാണ് കോൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ വെസ്റ്റ് ഇൻഡീസ് താരം ആന്ദ്രെ റസൽ നേരിട്ടത്. 185.00 സ്ട്രൈക്ക് റേറ്റിൽ 222 റൺസ് അടിച്ചുകൂട്ടുകയും ചെയ്തു. മധ്യ ഓവറുകളിൽ വിക്കറ്റ് വീഴ്ത്താൻ റസലിനു സാധിച്ചു. 55.85 ആണ് റസലിന്റെ ഇംപാക്ട് റേറ്റ്. 14 മത്സരങ്ങളിൽനിന്ന് 185.00 സ്ട്രൈക്ക് റേറ്റിൽ 222 റൺസ് നേടി, 10.05 ഇക്കോണമിയിൽ 19 വിക്കറ്റും സ്വന്തമാക്കി.
കുൽദീപ് യാദവ്
2024 സീസണിൽ ഏറ്റവും കൂടുതൽ ഇംപാക്ട് റേറ്റിംഗുള്ള രണ്ടാമത് ബൗളറാണ് ഡൽഹി ക്യാപ്പിറ്റൽസിന്റെ കുൽദീപ് യാദവ്. 11 മത്സരങ്ങളിൽ 8.65 ഇക്കോണമിയിൽ 16 വിക്കറ്റ് കുൽദീപ് സ്വന്തമാക്കി. 52.65 ആണ് ഈ സ്പിന്നറിന്റെ ഇംപാക്ട് റേറ്റിംഗ്.
ഹർഷിത് റാണ
കോൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ കിരീടത്തിൽ നിർണായക പങ്കുവഹിച്ച പേസറാണ് ഹർഷിത് റാണ. 42.91 ആണ് ഇംപാക്റ്റ് റേറ്റിംഗ്. 11 മത്സരങ്ങളിൽനിന്ന് 9.08 ഇക്കോണമിയിൽ 19 വിക്കറ്റ് സ്വന്തമാക്കി.
ജസ്പ്രീത് ബുംറ
ഈ സീസൺ ഐപിഎല്ലിൽ ഏറ്റവും മികച്ച ഇംപാക്ട് റേറ്റുള്ള ബൗളറാണ് മുംബൈ ഇന്ത്യൻസിന്റെ ജസ്പ്രീത് ബുംറ. ടൂർണമെന്റിൽ കളിച്ചതിൽ ഇംപാക്ട് റേറ്റിംഗിൽ സുനിൽ നരെയ്നു പിന്നിൽ രണ്ടാം സ്ഥാനവും ബുംറയ്ക്കുണ്ട്. 14 മത്സരങ്ങളിൽനിന്ന് 6.48 ഇക്കോണമിയിൽ 20 വിക്കറ്റ് ബുംറ സ്വന്തമാക്കി. 59.38 ആണ് ഇംപാക്ട് റേറ്റ്.
സന്ദീപ് ശർമ
ഈ ടൂർണമെന്റിൽ സന്ദീപ് ശർമയേക്കാൾ വിക്കറ്റ് വീഴ്ത്തിയ 22 ബൗളർമാരുണ്ട്. എന്നാൽ, സന്ദീപ് ശർമ ഈ ഐപിഎല്ലിൽ എറിഞ്ഞ 38 ഓവറുകളിൽ 28ഉം പവർപ്ലേയിലും ഡെത്ത് ടൈമിലുമായിരുന്നു. പവർപ്ലേയിൽ എറിഞ്ഞ 15 ഓവറിൽ 7.6 മാത്രമായിരുന്നു ഈ രാജസ്ഥാൻ റോയൽസ് ബൗളറിന്റെ ഇക്കോണമി. അതുകൊണ്ടുതന്നെ 41.29 ആണ് സന്ദീപിന്റെ ഇംപാക്ട് റേറ്റ്. 10 ഇന്നിംഗ്സിൽനിന്ന് 8.18 ഇക്കോണമിയിൽ 13 വിക്കറ്റ് മാത്രമാണ് സന്ദീപ് വീഴ്ത്തിയത്.ഇംപാക്ട് സബ്: രജത് പാട്ടിദാർ (ആർസിബി), വരുൺ ചക്രവർത്തി (കെകെആർ).