ഗോഹട്ടി: ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിൽ രാജസ്ഥാൻ റോയൽസിന് തുടർച്ചയായ നാലാം തോൽവി. പ്ലേ ഓഫ് ഉറപ്പിച്ച രാജസ്ഥാൻ, പ്ലേ ഓഫ് കാണാതെ പുറത്തായ പഞ്ചാബ് കിംഗ്സിനോട് അഞ്ച് വിക്കറ്റ് തോൽവി വഴങ്ങി. ഇതോടെ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനം ലഭിക്കുമെന്ന രാജസ്ഥാന്റെ പ്രതീക്ഷയ്ക്കും മങ്ങലേറ്റു. സ്കോർ: രാജസ്ഥാൻ റോയൽസ് 144/9 (20). പഞ്ചാബ് കിംഗ്സ് 145/5 (18.5).
മികച്ച ഓൾ റൗണ്ട് പ്രകടനം നടത്തിയ സാം കറനാണ് പഞ്ചാബിനെ ജയത്തിലെത്തിച്ചത്. രണ്ട് വിക്കറ്റ് വീഴ്ത്തിയ കറൻ 41 പന്തിൽ 63 റൺസുമായി പുറത്താകാതെയും നിന്നു. 48 റൺസ് എടുക്കുന്നതിനിടെ നാല് വിക്കറ്റ് നഷ്ടപ്പെട്ട ശേഷമായിരുന്നു പഞ്ചാബിന്റെ തിരിച്ചുവരവ് ജയം.
ടോസ് നേടിയ രാജസ്ഥാൻ ക്യാപ്റ്റൻ സഞ്ജു സാംസണ് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. നാട്ടിലേക്ക് മടങ്ങിയ ഇംഗ്ലീഷ് താരം ജോസ് ബട്ലറിന്റെ അഭാവത്തിൽ മറ്റൊരു ഇംഗ്ലീഷുകാരനായ ടോം കോഹ്ലർ കാഡ്മോറായിരുന്നു രാജസ്ഥാന്റെ ഓപ്പണിംഗ് റോളിലെത്തിയത്.
എന്നാൽ, ഇന്നിംഗ്സിന്റെ നാലാം പന്തിൽ യശസ്വി ജയ്സ്വാളിനെ (4) രാജസ്ഥാനു നഷ്ടപ്പെട്ടു. ഏഴാം ഓവറിന്റെ നാലാം പന്തിൽ സഞ്ജുവും (15 പന്തിൽ 18) പുറത്ത്. തൊട്ടടുത്ത ഓവറിൽ കോഹ്ലറും (23 പന്തിൽ 18) മടങ്ങി.
പിന്നീട് രാജസ്ഥാന്റെ രക്ഷകനായത് പതിവുപോലെ റിയാൻ പരാഗ് ആയിരുന്നു. 34 പന്തിൽ ആറ് ഫോറിന്റെ സഹായത്തോടെ പരാഗ് 48 റണ്‍സ് നേടി. ആർ. അശ്വിന് (19 പന്തിൽ 28) ഒപ്പം നാലാം വിക്കറ്റിൽ പരാഗ് 50 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി.
ധ്രുവ് ജുറെൽ (0) കൂറ്റനടിയിലൂടെ സ്കോർ ഉയർത്തുമെന്നു പ്രതീക്ഷിച്ചെങ്കിലും ഗോൾഡൻ ഡക്കായി. റോവ്മാൻ പവലും (4), ഡൊണോവൻ ഫെരേരയുമെല്ലാം (7) വന്നതും പോയതും വേഗത്തിൽ. വാലറ്റത്ത് ട്രെന്റ് ബോൾട്ട് ഒന്‍പത് പന്തിൽ 12 റണ്‍സ് നേടി.
പഞ്ചാബ് കിംഗ്സിനുവേണ്ടി രാഹുൽ ചാഹർ, ഹർഷൽ പട്ടേൽ, ക്യാപ്റ്റൻ സാം കറൻ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.