നവാസ് മേത്തര്‍
തലശേരി: ഒഎല്‍എക്സ് വാട്സ് ആപ്പ് കേരള ഗ്രൂപ്പിന്റെ മറവില്‍ തട്ടിപ്പ് നടത്തിയ സംഘം പ്രവര്‍ത്തിക്കുന്നത് ദുബായ് കേന്ദ്രീകരിച്ചെന്ന് സൂചന. ഡൽഹിയിലും സംഘത്തിന് കണ്ണികളുള്ളതായി സൈബര്‍ സെല്ലിന്റെ പ്രാഥമികാന്വേഷണത്തില്‍ വ്യക്തമായതായിട്ടുണ്ട്. തട്ടിപ്പ് സംഘത്തില്‍ മലപ്പുറം വണ്ടൂര്‍ സ്വദേശിയായ ഒരു എൻജിനിയറിംഗ് വിദ്യാര്‍ഥിയും നൈജീരിയന്‍ പൗരന്മാരും ഉള്ളതായി അറിയുന്നു.
സംശയത്തിന്റെ നിഴലിലുള്ള എൻജിനിയറിംഗ് വിദ്യാർഥിയെ പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇയാള്‍ക്ക് നാളെ പരീക്ഷയായതിനാല്‍ പരീക്ഷ കഴിഞ്ഞാലുടന്‍ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനാണ് പോലീസ് നീക്കം. ഇതിനിടയില്‍ തട്ടിപ്പ് സംഘത്തിന്റെ എസ്ബിഐ ഡൽഹിയിലെ ശാഖകകളിലെ രണ്ട് അക്കൗണ്ടുകളില്‍ ഒന്ന് സംശയം തോന്നിയതിനെ തുടര്‍ന്ന് ബാങ്ക് അധികൃതര്‍ സ്വമേധയാ ഫ്രീസ് ചെയ്തതായും പോലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
മറ്റൊരു അക്കൗണ്ട് ഇപ്പോഴും സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. ഈ അക്കൗണ്ടുകളില്‍ ലക്ഷക്കണക്കിന് രൂപയാണ് കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നും എത്തിയിട്ടുള്ളത്. അക്കൗണ്ടില്‍ പണമെത്തി സെക്കന്റുകള്‍ക്കുള്ളില്‍ തന്നെ എടിഎം വഴി അവ പിന്‍വലിച്ചതായും വ്യക്തമായിട്ടുണ്ട്.
തട്ടിപ്പിനിരയായ കേരളത്തിലെ വിദ്യാർഥികളുമായി സംഘത്തിലെ അംഗങ്ങള്‍ ഇപ്പോഴും ചാറ്റ് ചെയ്യുന്നുണ്ടെന്ന പ്രത്യേകതയും ഈ കേസിലുണ്ട്. സംഭവത്തില്‍ പോലീസ് കേസെടുത്ത വിവരം ശ്രദ്ധയില്‍പെട്ട തട്ടിപ്പ് സംഘം പരാതിക്കാരനായ ഡിഗ്രി വിദ്യാർഥിയെ നവ മാധ്യമത്തിലൂടെ ഭീഷണിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
തട്ടിപ്പ് സംബന്ധിച്ച് പത്രത്തില്‍ വന്ന വാര്‍ത്ത നവ മാധ്യമം വഴി നല്കിയപ്പോള് ഇംഗ്ലീഷിലാക്കി നല്കാന് ആവശ്യപ്പെടുകയും നിലവില്‍ ചാറ്റ് ചെയ്തു കൊണ്ടിരിക്കുന്ന ഒരു വ്യക്തി വാര്‍ത്ത ഇംഗ്ലീഷിലാക്കി നല്‍കുകയും ചെയ്തു. തുടര്‍ന്നാണ് തട്ടിപ്പിനിരയായി പരാതി നല്കിയ വിദ്യാര്‍ഥിയെ സംഘത്തിലെ ഒരാള്‍ ഭീഷണിപ്പെടുത്തിയത്. ഈ വിദ്യാർഥിയെ നവമാധ്യമങ്ങളില്‍ ബ്ലോക്ക് ചെയ്ത തട്ടിപ്പുസംഘം ഇപ്പോഴും സമാന രീതിയിലുള്ള തട്ടിപ്പ് തുടരുന്നുണ്ടെന്നാണ് സൂചന.