നവാസ് മേത്തര്‍
തലശേരി: റവന്യുവകുപ്പില്‍ കൃത്യമായി പ്രമോഷന് നടക്കുകയും ഡെപ്യൂട്ടി കളക്ടര്‍മാരായിരുന്ന അര്‍ഹരായ നിരവധിപ്പേര്‍ക്ക് ഐഎഎസ് ലഭിക്കുകയും ചെയ്യുമ്പോള്‍ പോലീസ് സേനയില്‍ പ്രമോഷന് നടക്കാതിരിക്കുകയും അര്‍ഹതപ്പെട്ടവര്‍ക്ക് ഐപിഎസ് ലഭിക്കാതിരിക്കുകയും ചെയ്യുന്നത് സേനയുടെ മനോവീര്യം കെടുത്തുമെന്ന് ആക്ഷേപം.
നിലവില്‍ എസ്ഐയായി സര്‍വീസില്‍ കയറി പ്രമോഷനിലൂടെ ഐപിഎസ് വരെ എത്തിയ ഒരാള്‍ മാത്രമേ ഇപ്പോള്‍ സര്വീസിലുള്ളു. അതു കെ.ജെ. ജോസഫ് ആണ്. ഇദ്ദേഹം ഡിസംബറില്‍ വിരമിക്കുന്നതോടെ കേരളത്തില്‍ എസ്ഐ യായി സര്‍വീസില്‍ കയറി ഐപിഎസ് ലഭിച്ചവര്‍ ഇല്ലാതാകും.
കൃത്യമായ കാരണങ്ങളില്ലാതെ അര്‍ഹതപ്പെട്ടവര്‍ക്ക് പ്രമോഷന് നല്‍കാതിരിക്കുന്നത് ന്യായീകരിക്കാനാവില്ലെന്ന് മുന്‍ ഡിജിപി കെ.ജെ. ജോസഫ് രാഷ്ട്രദീപികയോട് പറഞ്ഞു. ഐപിഎസുകാരുടെ വിരമിക്കല്‍ പ്രായം 55 ആയിരിക്കെ വിരമിച്ചവര്‍ക്ക് അര്‍ഹതപ്പെട്ട പ്രമോഷന് ലഭിക്കാത്തതിനെ തുടര്‍ന്ന് സുപ്രീം കോടതി ഇടപെടുകയും വിരമിച്ച ശേഷം നിരവധി ഓഫീസര്‍മാര്‍ സര്‍വീസില്‍ തിരിച്ചെത്തുകയും ചെയ്തിട്ടുണ്ട്.
സംസ്ഥാനത്ത് ഭൂരിഭാഗം ജില്ലകളിലും പ്രമോട്ടഡ് ഐപിഎസുകാര്‍ ജില്ലാ പോലീസ് ചീഫുമാരായിരുന്ന കാലവും ഉണ്ടായിരുന്നു. പ്രമോഷന് ഫയലുകള്‍ ഒരു പരിധി വിട്ട് വൈകിപ്പിക്കാന്‍ ആര്‍ക്കും സാധിക്കില്ല. ഓരോ വര്‍ഷവും ഐപിഎസ് ലഭിക്കേണ്ടവരുടെ ലിസ്റ്റ് സംസ്ഥാനങ്ങള്‍ നല്‍കണം.
യുപിഎസ്സി ഇത് സംബന്ധിച്ച് റിമൈൻഡറും അയക്കും. ഇതിനെയെല്ലാം മറികടന്ന് ഫയലുകള്‍ വൈകിപ്പിച്ച് അര്‍ഹതപ്പെട്ടവര്‍ പ്രമോഷന് ലഭിക്കാതെ വിരമിച്ചാല്‍ അറുപത് കഴിഞ്ഞാലും അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ നല്‍കേണ്ടി വരുമന്നും കെ.ജെ ജോസഫ് തുടര്‍ന്ന് പറഞ്ഞു.
2017 മുതല്‍ 2019 വരെ റവന്യൂ വകുപ്പില്‍ ഐഎഎസ് ലഭിച്ചവര്‍ നിരവധിയാണ്. കണ്ണൂര്‍, കൊല്ലം, ഇടുക്കി ഉള്‍പ്പെടെയുള്ള ജില്ലകളില്‍ ഇത്തരത്തില്‍ ഐഎഎസ് ലഭിച്ചവരാണ് ജില്ലാ കളക്ടര്‍മാരായി സേവനമനുഷ്ടിക്കുന്നത്.
എന്നാല്‍ പോലീസ് സേനയില്‍ പന്ത്രണ്ട് വര്‍ഷം പൂര്‍ത്തിയാക്കിയ സീനിയര്‍ ഡിവൈഎസ്പി മാര്‍ക്ക് പ്രമോഷനോ ഐപിഎസോ ലഭിക്കാതിരിക്കുന്നത് ന്യായീകരിക്കാനാവില്ലെന്ന് സേനയിലുള്ളവര്‍ പറയുന്നു.
വര്‍ഷങ്ങള്‍ക്ക് മുമ്പ് എസ്പിമാരായി പ്രമോട്ട് ചെയ്യപ്പെട്ട എന്‍ഐഎ എസ്പി എ.പി. ഷൗക്കത്തലി, മലപ്പുറം ക്രൈംബ്രാഞ്ച് എസ്പി കെ.വി. സന്തോഷ്, കോഴിക്കോട് ഇന്റലിജന്‍സ് എസ്പി സുനില്‍, കോഴിക്കോട് വിജിലന്‍സ് എസ്പി എന്‍. ശശിധരന്, തൃശൂര്‍ ക്രൈംബ്രാഞ്ച് എസ്പി കെ. സുദര്ശന്, പോലീസ് ട്രെയിനിംഗ് കോളേജ് പ്രിന്‍സിപ്പല്‍ ജോണ്‍കുട്ടി തുടങ്ങിയ നിരവധി ഉദ്യോഗസ്ഥര്ക്കിനിയും ഐപിഎസ് ലഭിച്ചിട്ടില്ല.
റവന്യൂ വകുപ്പിലെ പ്രമോഷന് സെക്രട്ടറിയേറ്റില്‍ നിന്ന് കൃത്യമായി നടപടി ക്രമങ്ങള്‍ പാലിച്ച് ഫയല്‍ നീങ്ങുമ്പോള്‍ പോലീസ് സേനയിലെ പ്രമോഷന് ഫയലുകള്‍ പോലീസ് ഹെഡ് ക്വാര്‍ട്ടറില്‍ നിന്ന് ഒച്ചിഴയുന്ന വേഗത്തില്‍ പോലും നീങ്ങുന്നില്ലെന്നതാണ് വസ്തുത. കഴിഞ്ഞ നാല് വര്‍ഷമായി ഈ ഫയലുകള്‍ക്ക് അനക്കമില്ലാതായിട്ട്.
“ഞങ്ങള്‍ അച്ചടക്കമുള്ള സേനയിലെ അംഗങ്ങളാണ്, പ്രതികരണത്തിനില്ല, പ്രമോഷന് ലഭിക്കാത്തതില്‍ അതിയായ സങ്കടമുണ്ട് പക്ഷേ പ്രതികരണത്തിന് പരിമിതിയുണ്ട്’ പ്രമോഷന് അര്‍ഹതയുണ്ടായിട്ടും ഇതുവരെ പരിഗണിക്കാത്തിനെക്കുറിച്ചുള്ള ചോദ്യത്തിന് തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള ഒരു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്റെ മറുപടിയാണിത്.
സംസ്ഥാനത്ത് നിരവധി എസ്പി മാരുടെ പോസ്റ്റുകളാണ് ഇപ്പോള്‍ ഒഴിഞ്ഞു കിടക്കുന്നത്. ഐപിഎസുകാരുടെ ഒഴിവുകളില്‍ ഡിവൈഎസ്പി മാരെ പ്രമോട്ട് ചെയ്ത് താത്കാലിക ചുമതല നല്കി വന്നിരുന്നു. എന്നാല്‍ ഏതാനും വര്‍ഷങ്ങളായി ഈ നടപടിയും നിലച്ചിരിക്കുകയാണ്.
പോലീസില്‍ കൃത്യമായി പ്രമോഷന് നടക്കുകയും കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്ക് ഐപിഎസ് ലഭിക്കുകയും ചെയ്താല്‍ കേരളത്തിലെ മിക്ക ജില്ലകളിലും പ്രമോട്ടഡ് ഐപിഎസുകാര്‍ ക്രമസമാധാന ചുമതലയില്‍ ജില്ലാ ചീഫുമാരായി മാറുമെന്ന് ഉദ്യോസ്ഥര്‍ തന്നെ പറയുന്നു.
ഇത്തരത്തില്‍ പ്രമോട്ടഡ് ഐപിഎസുമാരുടെ വരവിന് തടയിടാനാണ് പ്രമോഷന് ഫയലിന് ചില കേന്ദ്രങ്ങള്‍ കുരുക്കിടുന്നതെന്നാണ് ഒരു വിഭാഗം പറയുന്നത്.