നവാസ് മേത്തര്
തലശേരി: സംസ്ഥാനത്ത് നാലുവര്ഷമായി മുടങ്ങിക്കിടക്കുന്ന സീനിയര് ഡിവൈഎസ്പി മാരുടെ പ്രമോഷന് സംബന്ധിച്ച വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയിലേക്ക്.
ഇരുപത്തിയഞ്ച് വര്ഷം സര്വീസ് പൂര്ത്തിയാക്കിയ ഡിവൈഎസ്പിമാരെ എസ്പിമാരായി പ്രമോട്ട് ചെയ്യാന് അടിയന്തിര നടപടി സ്വീകരിക്കണമെന്ന് കേരള പോലീസ് സീനിയര് ഓഫീസേഴ്സ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് തിരുവനന്തപുരം റൂറല് അഡീഷണല് എസ്പി ഇ.എസ്. ബിജുമോന്, സെക്രട്ടറി ഡിവൈഎസ്പി വി.സുഗതന് എന്നിവര് മുഖ്യമന്ത്രിയോട് നിവേദനത്തില് ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിക്ക് സംഘടന നല്കിയ നിവേദനത്തിന്റെ കോപ്പി രാഷ്ട്രദീപികക്ക് ലഭിച്ചു. എസ്ഐ യായി സര്വീസില് കയറി ഐപിഎസ് ലഭിച്ച പത്തനംതിട്ട ജില്ലാ പോലീസ് ചീഫ് കെ.ജി. സൈമണ് ഡിസംബറില് വിരമിക്കുന്നതോടെ കേരളത്തില് എസ്ഐയായി സര്വീസില് കയറി പ്രമോഷനിലൂടെ എസ്പിയായവരോ ഐപിഎസ് ലഭിച്ചവരോ ഇല്ലാത്ത സാഹചര്യമുള്പ്പെടെ ചൂണ്ടിക്കാട്ടിക്കൊണ്ടാണ്
സംഘടനാ തലത്തില് ഉദ്യോഗസ്ഥഥര് തങ്ങളുടെ ആവശ്യവുമായി മുഖ്യമന്ത്രിയെ സമീപിച്ചിട്ടുള്ളത്. കേരള പോലീസില് നിലവില് 52 ഐപിഎസ് പോസ്റ്റുകളിലാണ് പ്രമോഷന് വഴി നിയമനം നടക്കേണ്ടതെന്ന് മുഖ്യമന്ത്രിക്ക് നല്കിയ നിവേദനത്തില് സീനിയര് ഓഫീസ് അസോസിയേഷന് ചൂണ്ടിക്കാട്ടുന്നു.
ഇതില് 39 എണ്ണവും ഒഴിഞ്ഞ് കിടക്കുന്നു. നിലവില് റിട്ടയര് ചെയ്തവരില് 13 പേര് ഐപിഎസ് ലഭിച്ചാല് സര്വീസില് തിരിച്ചു വരാന് സാധ്യതയുള്ളവരാണ്. ബാക്കി 26 ഒഴിവുകളും അഡീഷണല് എസ്പിമാര്ക്കും സീനിയര് ഡിവൈഎസ്പി മാര്ക്കും അര്ഹതപ്പെട്ട പ്രമോഷന് ഒഴിവുകളാണ്.
ഈ ഒഴിവുകള് നികത്തിയില്ലെങ്കില് സേനയുടെ ദൈന്യദിന പ്ര്വര്ത്തനത്തെ വരെ ബാധിക്കുമെന്നും നിവേദനത്തില് പറയുന്നു. 2020 മെയ് 31 ന് വിരമിച്ച 5 നോണ് ഐപിഎസ് എസ്പിമാരുള്പ്പെടെ 31 ഡിവൈഎസ്പിമാര്ക്ക് പ്രമോഷന് നല്കാവുന്നതാണെന്നും 1995,96 വര്ഷങ്ങളില് സര്വീസില് പ്രവേശിച്ച സബ് ഇന്സ്പെക്ടര്മാരില് ഭൂരിഭാഗവും അര്ഹതപ്പെട്ട
എസ്പി പ്രമോഷനും ഗ്രേഡും ലഭിക്കാതെ 25 വര്ഷത്തെ സര്വീസ് ഉണ്ടായിട്ടും ഡിവൈഎസ്പി മാരായി വിരമിക്കേണ്ട സ്ഥിതിയാണെന്നും അടിയന്തിരമായി ഒഴിഞ്ഞ് കിടക്കുന്ന പ്രമോട്ടഡ് ഐപിഎസ് തസ്തികകളില് ഡിപിസി നടത്തി സീനിയര് ഡിവൈഎസ്പിമാരെ പ്രമോട്ട് ചെയ്ത് 2017 മുതലുള്ള പ്രമോട്ടഡ് ഐപിഎസ് തസ്തികകള് നികത്താന് നടപടി സ്വകരിക്കണമെന്നും സംഘടന നിവേദനത്തിലൂടെ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.