മൂന്ന് പതിറ്റാണ്ടായി പോലീസ് സേനയില്‍ ജോലി ചെയ്യുന്ന വ്യക്തി നാല് വര്‍ഷം മുമ്പ് സേനയില്‍ ചേര്‍ന്ന, ഉന്നത പദവിയിലുള്ള വനിതാ ഓഫീസറെ സല്യൂട്ട് ചെയ്യുന്നു. പുറമേ കാണുന്നവര്‍ക്ക് അത്രയേ തോന്നൂ. എന്നാല്‍ ഇരുവരെക്കുറിച്ചും കൂടുതല്‍ അന്വേഷിച്ചാല്‍ മനസിലാവുന്നത് ചില കൗതുകകരമായ വസ്തുതകളാണ്.
ഡെപ്യൂട്ടി പോലീസ് കമ്മീഷണറായ എ ആര് ഉമാമഹേശ്വര ശര്‍മ്മ അഭിമാനത്തോടെ സല്യൂട്ടടിച്ചത്, തെലങ്കാനയിലെ ജഗ്തിയാല്‍ ജില്ലയിലെ പോലീസ് സൂപ്രണ്ടായ, സിന്ധു ശര്‍മ എന്ന സ്വന്തം മകള്‍ക്കാണ്.
2014 ഐപിഎസ് ബാച്ചിലെ ഉദ്യോഗസ്ഥയായ സിന്ധുവും അടുത്ത വര്‍ഷം സര്‍വീസില്‍ നിന്ന് വിരമിക്കാനിരിക്കുന്ന ഉമാമഹേശ്വര ശര്‍മയും ഒരേ സ്ഥലത്ത് ഡ്യൂട്ടിയ്ക്ക് വരുന്നത് ഇതാദ്യമാണ്. ഈയവസരത്തിലാണ് കാഴ്ചക്കാരില്‍ കൗതുകമുണര്‍ത്തിക്കൊണ്ട് അച്ഛന് മകള്‍ക്ക് സല്യൂട്ടടിച്ചത്.
കൗതുക ദൃശ്യങ്ങള്‍ കാമറയില്‍ പകര്‍ത്തിയ മാധ്യമപ്രവര്‍ത്തകരോട്, ഇത് തങ്ങളുടെ ജോലിയുടെ ഭാഗമാണെന്നും ഇതില്‍ അഭിമാനപ്രശ്നമോ ഈഗോയുടെ കാര്യമോ ഇല്ലെന്നാണ് ഇരുവരും പ്രതികരിച്ചത്. ഒന്നിച്ച് ജോലി ചെയ്യാനായതില്‍ സന്തോഷവും അഭിമാനവും ഉണ്ടെന്നും ഇരുവരും കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ ഇങ്ങനെയൊരു ദൃശ്യം പൊതുവേ അപൂര്‍വമായതിനാല്‍ സമൂഹമാധ്യമങ്ങളില്‍ വലിയ പ്രചാരമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.