സ്വന്തം ലേഖകൻ
തൃശൂർ: ഐപിഎസ് ഓഫീസറാണെന്ന് തെറ്റിദ്ധരിപ്പിച്ച് ബാങ്കുകളേയും വ്യക്തികളേയും കബൽപ്പിച്ച് വ്യാജരേഖകൾ ചമച്ച് കോടികൾ വായ്പയെടുത്ത വ്യാജ ഐപിഎസ് ഓഫീസർ ഇപ്പോൾ ചാവക്കാട് സബ് ജയിലിലാണ്. പാലക്കാട് ചിറ്റൂരിനടുത്ത് തത്തമംഗലത്തു നിന്ന് പിടിയിലായ വിപിൻ കാർത്തിക്കിനെ ചാവക്കാട് കോടതിയാണ് കഴിഞ്ഞ ദിവസം റിമാൻഡു ചെയ്ത് ചാവക്കാട് സബ് ജയിലിലേക്ക് അയച്ചത്. കേസിൽ കൂട്ടാളിയായിരുന്ന അമ്മ ശ്യാമള വിയ്യൂർ ജയിലിലാണ്.
വിപിൻ കാർത്തിക്കിനെ കസ്റ്റഡിയിൽ വിട്ടു കിട്ടാൻ ഗുരുവായൂർ ടെന്പിൾ പോലീസ് ചൊവ്വാഴ്ച കോടതിയിൽ അപേക്ഷ നൽകുമെന്ന് സി.ഐ പ്രേമാനന്ദകൃഷ്ണൻ പറഞ്ഞു. കസ്റ്റഡിയിൽ കിട്ടിയാൽ വിപിൻ വ്യാജരേഖകൾ സമർപിച്ച് വായ്പകളെടുത്ത ബാങ്കുകളിൽ തെളിവെടുപ്പ് നടത്തും.
സ്വർണവും പണവും കൈക്കലാക്കിയ കേസിലും തെളിവെടുപ്പുണ്ടാകും. ബാങ്കുകൾക്ക് പുറമെ ആർടിഒ ഓഫീസിലും തെളിവെടുപ്പ് വേണ്ടി വരും. വായ്പയെടുത്തു വാങ്ങിയ ആഡംബര കാറുകൾ വൈകാതെ വിൽപന നടത്തിയതിന്റെ വിശദാംശങ്ങൾ കിട്ടാനും മറ്റുമായാണ് ആർടിഒ ഓഫീസുകളിൽ തെളിവെടുപ്പ് നടത്തുക.
സബ് ജയിലിലും വിപിൻ കാർത്തിക് ഐപിഎസ് (വ്യാജൻ) ഡീസന്റ്
ചാവക്കാട് സബ് ജയിലിൽ റിമാൻഡിൽ കഴിയുന്ന വിപിൻ കാർത്തിക്ക് ഐപിഎസ് (വ്യാജൻ) ജയിലിനകത്തും ഡീസന്റ്. ചാവക്കാട് കോടതി റിമാൻഡ് ചെയ്ത് ചാവക്കാട് സബ് ജയിലിലെത്തിയ വിപിൻ കുഴപ്പങ്ങളൊന്നും ഉണ്ടാക്കുന്നില്ലെന്നും ജയിലിലെ രീതികളുമായി സഹകരിക്കുന്നുണ്ടെന്നും ചാവക്കാട് സബ് ജയിൽ അധികൃതർ പറഞ്ഞു. മുൻപ് മൂന്നു തവണ തിരുവനന്തപുരം, തലശേരി തുടങ്ങിയവിടങ്ങളിൽ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ള വിപിൻ കാർത്തിക്കിന് ജയിൽ വാസം പുത്തരിയല്ല.