സ്വന്തം ലേഖകൻ
ഗുരുവായൂർ: ഐപിഎസ് ഓഫീസർ ചമഞ്ഞ് കോടികളുടെ തട്ടിപ്പു നടത്തി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി പിടിയിൽ. തലശ്ശേരി തിരുവങ്ങാട് മണൽവട്ടം കുനിയിൽ വീട്ടിൽ വിപിൻ കാർത്തികാണ് പിടിയിലായത്. ചിറ്റൂർ പോലീസ് പിടികൂടിയ ഇയാളെ ഗുരുവായൂർ ടെന്പിൾ പോലീസിന് കൈമാറി. ഇന്നു പുലർച്ചെയാണ് സംഭവം. ഗുരുവായൂരിൽ കൊണ്ടുവന്ന പ്രതിയെ കൂടുതൽ ചോദ്യം ചെയ്തു വരികയാണ്. അമ്മ ശ്യാമളയോടൊപ്പമാണ് വിപിൻ തട്ടിപ്പ് നടത്തിയിരുന്നത്. കോഴിക്കോട് ബിലാത്തിക്കുളത്തുള്ള വാടക വീട്ടിൽനിന്ന് ശ്യാമളയെ പിടികൂടിയെങ്കിലും വിപിൻ ഓടി രക്ഷപ്പെടുകയായിരുന്നു.
ബാങ്കുകളിൽ നിന്നുള്ള വായ്പാ തട്ടിപ്പിന് പുറമേ ഗുരുവായൂരിലെ ഇന്ത്യൻ ഓവർസീസ് ബാങ്ക് മാനേജർ സുധാദേവിയെ കബളിപ്പിച്ച് 97 പവൻ സ്വർണവും 25 ലക്ഷം രൂപയും കൈക്കലാക്കിയിരുന്നു. ചികിത്സയ്ക്കും ചില ബാധ്യതകൾ തീർക്കാനുമുണ്ടെന്ന് പറഞ്ഞാണ് പണവും സ്വർണവും വാങ്ങിയിരുന്നത്. സ്വർണവും പണവും തിരികെ ലഭിക്കാതായതോടെ സുധാദേവി നൽകിയ പരാതിയാണ് അമ്മയേയും മകനെയും കുടുക്കിയത്.
അറസ്റ്റ് ചിറ്റൂരിൽ
ചിറ്റൂർ: ഐപിഎസുകാരനാണെന്ന് തെറ്റിദ്ധരിപ്പിച്ച് ബാങ്ക് വായ്പയിൽ കാറുകൾ വാങ്ങിയ ശേഷം പണം തിരിച്ചടയ്ക്കാതെ മുങ്ങി വിലസിയ വിപിൻ കാർത്തിക് ആണ് ഇന്നലെ രാത്രി 11.30ന് തത്തമംഗലം ബസ് സ്റ്റാൻഡിൽ വച്ച് അറസ്റ്റിലായത്.
പാലക്കാട് ഡിവൈഎസ്പി സാജു കെ.ഏബ്രഹാമിന്റെ നിർദേശപ്രകാരം ചിറ്റൂർ എസ്ഐ സുധീഷ് കുമാർ, എഎസ്ഐജയൻ, എസ് സി പി .ഒ.രാജേ ഷ് , സിപിഒമാരായ വിഷ്ണു, ഹരിഹരൻ, മുഹമ്മദ് ഷെറീഫ്, അനിൽ കുമാർ എന്നിവരടങ്ങിയ സംഘമാണ് തട്ടിപ്പുവീരനെ അറസ്റ്റ് ചെയ്തത്. ഗുരുവായൂർ ടെന്പിൾ പോലീസ് സ്റ്റേഷനിൽ പ്രതിക്കെതിരെ നാലു പരാതികൾ നിലവിലുണ്ട്.
സൈബർ സെല്ലിന്റെ സഹായത്തോടെയാണ് പ്രതിയുടെ ലൊക്കേഷൻ തിരിച്ചറിഞ്ഞത്. ഇന്നു പുലർച്ചെ ഗുരുവായൂർ ടെന്പിൾ സ്റ്റേഷൻ എസ്ഐ അനന്തകൃഷ്ണൻ ചിറ്റൂർ പോലീസിൽനിന്ന് പ്രതിയെ ഏറ്റു വാങ്ങി.
വ്യാജ രേഖകൾ ചമച്ച് അമ്മയും മകനും തട്ടിയത് കോടികൾ
തൃശൂർ: ജമ്മു കാഷ്മീരിലെ ഐപിഎസ് ഉദ്യോഗസ്ഥൻ ചമഞ്ഞ് മകനും പബ്ലിക് ഇൻഫർമേഷൻ ഓഫീസർ ചമഞ്ഞ് അമ്മയും ചേർന്ന് വ്യാജ രേഖകളുണ്ടാക്കി നടത്തിയത് കോടികളുടെ തട്ടിപ്പ്. അമ്മ തലശ്ശേരി തിരുവങ്ങാട് മണൽവട്ടം കുനിയിൽവീട്ടിൽ ശ്യാമള (58) നേരത്തേ അറസ്റ്റിലായിരുന്നു. പോലീസിന്റെ കണ്ണുവെട്ടിച്ച് കടന്ന ഇവരുടെ മകൻ വിപിൻ കാർത്തിക് (29) ഇന്നു കുടുങ്ങി.
തൃശൂർ സിറ്റി പോലീസ് കമ്മീഷണർ എസ്.എച്ച് യതീശ് ചന്ദ്രയുടെ നിർദ്ദേശപ്രകാരം ഗുരുവായൂർ അസിസ്റ്റന്റ് പോലീസ് കമ്മീഷണർ ബിജുഭാസ്ക്കറിന്റെ നേതൃത്വത്തിൽ ഗുരുവായൂർ ടെന്പിൾ സിഐ സി. പ്രേമാനന്ദകൃഷ്ണനും സംഘവുമാണ് കോഴിക്കോട് ബിലാത്തികുളത്ത് താമസിയ്ക്കുന്ന വാടക വീട്ടിൽവെച്ച് ശ്യാമളയെ അറസ്റ്റുചെയ്തത്.
ജമ്മു കാഷ്മീരിലെ കുപ്പുവാര ജില്ലയിലെ പോലീസ് സൂപ്രണ്ടിന്റെ വ്യാജ സീലും ഒപ്പും വെച്ചുള്ള സാലറി സർട്ടിഫിക്കറ്റുണ്ടാക്കിയായിരുന്നു വിപിൻ കാർത്തിക്കിന്റെ തട്ടിപ്പ്. ഐപിഎസ് ഉദ്യോഗസ്ഥനാണെന്നു പറഞ്ഞ് വിവിധ പോലീസ് സ്റ്റേഷനുകളിൽ കയറിയിറങ്ങിയതിൽ സംശയം തോന്നിയാണ് പോലീസ് അന്വേഷണം ആരംഭിച്ചത്.
തലശ്ശേരി ലോക്കൽഫണ്ട് ഓഡിറ്റോഫീസിൽ പ്യൂണായി ജോലിചെയ്തിരുന്ന ശ്യാമളയെ ഓഫീസറുടെ പേരിൽ വ്യാജ സാലറി സർട്ടിഫിക്കറ്റുണ്ടാക്കി തട്ടിപ്പുനടത്തിയതിന് ജോലിയിൽനിന്നും പിരിച്ചുവിട്ടിരുന്നു. രണ്ടുവർഷക്കാലമായി ഗുരുവായൂരിൽ മമ്മിയൂരിലെ ഒരു ഫ്ളാറ്റിൽ താമസമാക്കിയിരുന്ന പ്രതികൾ വ്യത്യസ്ത തിരിച്ചറിയൽ രേഖകളും വ്യത്യസ്ത മേൽവിലാസവും നൽകി ഗുരുവായൂരിലെ ആറു ബാങ്കുകളിൽ നിന്ന് 11 ആഡംഭര കാറുകൾക്ക് ലോണെടുത്തിട്ടുണ്ട്.
പ്രതികളുടെ വീട്ടിൽനിന്നും കണ്ടെടുത്ത കാർത്തികിന്റെ ഡയറിയിൽനിന്നും സംസ്ഥാനത്തെ നാദാപുരം, തലശ്ശേരി, കോട്ടയം, തിരുവനന്തപുരം, കളമശ്ശേരി, എറണാകുളം, കൊയിലാണ്ടി, വടകര തുടങ്ങിയ വിവിധ സ്ഥലങ്ങളിൽ നിന്നായി പ്രതികൾ സമാനമായ ഒട്ടേറെ തട്ടിപ്പുകൾ നടത്തിയ രേഖകൾ കണ്ടെടുത്തിരുന്നു.