മെക്സിക്കോ: ഓട്ടിസം ബാധിതയായ പെൺകുട്ടിക്കു 11 -ാം വയസിൽ ബിരുദാനന്തരബിരുദം. അധാര പെരെസ് സാഞ്ചസ് എന്ന ഈ മെക്സിക്കോ പെൺകുട്ടി എൻജിനിയറിംഗിലാണ് ബിരുദാനന്തര ബിരുദം സ്വന്തമാക്കിയത്.
സാഞ്ചസിന്റെ ഐക്യു സ്കോർ ഏവരെയും അത്ഭുതപ്പെടുത്തുന്നതാണ്. 162 ആണ് ഈ അപൂർവപ്രതിഭയുടെ ഐക്യു സ്കോർ എന്നു ടൈംസ് നൗ റിപ്പോർട്ട് ചെയ്യുന്നു. ലോകം കണ്ട മികച്ച ഭൗതികശാസ്ത്രജ്ഞനായ ആൽബർട്ട് ഐൻസ്റ്റീന്റേതിനേക്കാൾ കൂടുതൽ.
ഓട്ടിസം ബാധിത ആയതിന്റെ പേരിൽ ചെറിയ ക്ലാസുകളിൽ പഠിക്കുമ്പോൾതന്നെ വലിയ അവഗണനകളും പരിഹാസങ്ങളും സാഞ്ചസിന് നേരിടേണ്ടി വന്നിരുന്നു.
എങ്കിലും അഞ്ചാമത്തെ വയസിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. ഒരു വർഷത്തിനുശേഷം മിഡിൽ, ഹൈസ്കൂൾ വിദ്യാഭ്യാസവും.
ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി ഓഫ് മെക്സിക്കോയിൽനിന്ന് ഇൻഡസ്ട്രിയൽ എൻജിനീയറിംഗിലാണ് ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയത്.
ചെറുപ്പത്തിൽ നോക്കിയിരുന്ന തെറാപ്പിസ്റ്റാണ് സാഞ്ചസിന്റെ പ്രതിഭയെ തിരിച്ചറിഞ്ഞതും പ്രതിഭാധനരായ കുട്ടികൾക്കുള്ള സ്കൂളായ സെന്റർ ഫോർ അറ്റൻഷൻ ടു ടാലന്റിനോട് സാഞ്ചസിന് പ്രവേശനം നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തത്.
നിലവിൽ മെക്സിക്കൻ ബഹിരാകാശ ഏജൻസിയുമായി ചേർന്ന് പ്രവർത്തിക്കുന്ന സാഞ്ചസിന് ബഹിരാകാശയാത്രിക ആകുക എന്നതാണ് ലക്ഷ്യം.