ലക്നോ: അയോധ്യ വിധിയില്‍ പുനഃപരിശോധന ഹർജി നൽകണോയെന്ന കാര്യം ചർച്ച ചെയ്യാൻ ചേരുന്ന യോഗം സംബന്ധിച്ച് തനിക്ക് അറിവില്ലെന്ന് കേസിലെ പ്രധാന പരാതിക്കാരനായ ഇഖ്ബാല്‍ അന്‍സാരി. മുസ്ലിം വ്യക്തി നിയമ ബോർഡിൽനിന്നും ഇത് സംബന്ധിച്ച് അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
പുനഃപരിശോധന ഹർജി നൽകണോയെന്ന കാര്യം പരിശോധിക്കാൻ മുസ്ലിം വ്യക്തി നിയമ ബോർഡ് ഞായറാഴ്ച യോഗം ചേരുന്ന വിവരം അറിഞ്ഞിരുന്നു. എന്നാൽ ഇതുമായി ബന്ധപ്പെട്ട് തനിക്ക് അറിയിപ്പൊന്നും ലഭിച്ചിട്ടില്ല- അദ്ദേഹം വ്യക്തമാക്കി. ബോർഡിന് താൽപര്യമുള്ളത് അവർക്ക് ചെയ്യാൻ കഴിയും. താൻ അതിന്റെ ഭാഗമാകുന്നില്ല. നീണ്ടുനിന്ന തർക്കത്തിന് വിധിയിലൂടെ പരിഹാരമായി എന്നാണ് തനിക്ക് തോന്നുന്നത്. സമൂഹം അത് അംഗീകരിക്കണം- അൻസാരി കൂട്ടിച്ചേർത്തു.
മസ്ജിദ് നിര്‍മ്മിക്കുവാന്‍ അനുവദിച്ച അഞ്ചേക്കര്‍ ഭൂമി കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുത്ത 67 ഏക്കറിനുള്ളില്‍ തന്നെ വേണമെന്ന് അന്‍സാരി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. അങ്ങനയല്ലെങ്കില്‍ അനുവദിച്ച അഞ്ചേക്കര്‍ ഭൂമി സ്വീകരിക്കുകയില്ലെന്നും അദ്ദേഹം പറഞ്ഞു.