ഓ… പൊടി അടിച്ചാല്‍ ഒരു രക്ഷയുമില്ലെന്നേ, പിന്നെ തുമ്മലോടു തുമ്മലായിരിക്കും. ഇങ്ങനെ പറയുന്നവരെ നാം ദിനംപ്രതി കാണാറില്ലേ. അഞ്ചോ ആറോ അതില്‍ കൂടുതലോ തുമ്മുന്നവരാണ് ഇതില്‍ പലരും. അവര്‍ക്ക് അതു പ്രശ്‌നമാണെങ്കില്‍ദിവസവും 8000ലധികം തവണ തുമ്മുന്ന ആളുടെ അവസ്ഥയോ. അങ്ങനയൊക്കെ തുമ്മാന്‍ പറ്റുമോ എന്നാണ് ചോദ്യമെങ്കില്‍ ഇറ സക്‌സേന എന്ന ഒന്‍പതു വയസുകാരിയെക്കുറിച്ചു കൂടി കേള്‍ക്കണം.
അങ്ങ് ഇംഗ്ലണ്ടിലെ കോള്‍ചെസ്റ്ററില്‍ താമസിക്കുന്ന ഇറ സക്‌സേനക്ക് മൂന്നാഴ്ച മുന്‍പാണ് തുമ്മല്‍ പിടിപെട്ടത്. ഒരു ദിവസം തുമ്മലോടെയാണ് മകള്‍ എഴുന്നേറ്റതെന്നും പിന്നീട് തുമ്മല്‍ ഗുരുതരമാവുകയായിരുന്നുവെന്ന് ഇറയുടെ മാതാവ് പ്രിയ സക്‌സേന പറഞ്ഞു. ഉറങ്ങുമ്പോള്‍ മാത്രമാണ് ഇറ തുമ്മാതിരിക്കുന്നത്. എഴുന്നേല്‍ക്കുമ്പോള്‍ വീണ്ടും തുമ്മല്‍ തുടങ്ങും. ഒരു മിനിറ്റില്‍ പത്തു തവണയാണ് ഇറ തുമ്മുന്നത്.
ഡോക്ടര്‍മാരെ കാണിച്ചെങ്കിലും കാര്യമായ പ്രയോജനമുണ്ടായില്ല. പലരും ആദ്യമായിട്ടാണത്രേ ഇതുപോലൊരു രോഗിയെ ചികിത്സിക്കുന്നതുതന്നെ. അലര്‍ജിയോ ജലദോഷമോ മൂലമാകാം ഇറയ്ക്ക് തുമ്മല്‍ വരാന്‍ കാരണമെന്നാണ് ഒരുവിഭാഗം ഡോക്ടര്‍മാര്‍ പറയുന്നത്. തലച്ചോറിലെ സിഗ്‌നലില്‍ വ്യതിയാനം ഉണ്ടായതുകൊണ്ടാകാം ഇത് സംഭവിച്ചതെന്നാണ് മറ്റൊരു കൂട്ടര്‍ പറയുന്നത്. എന്തൊക്കെയാണെങ്കിലും മരുന്നു കൊണ്ടൊന്നും തുമ്മല്‍ മാറിയിട്ടില്ല.
തുമ്മല്‍ പരിധി വിട്ടതോടെ ഇറയുടെ സ്കൂളില്‍ പോക്കും മുടങ്ങിയിരിക്കുകയാണ്. കൂടുതല്‍ സമയവും വീട്ടില്‍ തന്നെ കഴിച്ചുകൂട്ടുകയാണ് ഇപ്പോള്‍. ഡെയ്‌ലി മെയില്‍ അടക്കമുള്ള മാധ്യമങ്ങള്‍ ഇറയുടെ അവസ്ഥ വാര്‍ത്തയാക്കിയതോടെ വിദഗ്ധ ഡോക്ടര്‍മാര്‍ സഹായം വാഗ്ദാനം ചെയ്തു രംഗത്തെത്തിയിട്ടുണ്ട്.