വാഷിംഗ്ടൺ ഡിസി : ഗൾഫിൽ യുഎസ് കപ്പലുകളെ ശല്യപ്പെടുത്തുന്ന ഇറാന്റെ ഗൺബോട്ടുകൾ തകർക്കാൻ യുഎസ് നാവികസേനയ്ക്ക് ഉത്തരവു നൽകിയെന്നു പ്രസിഡന്റ് ട്രംപ് ട്ര്വിറ്ററിൽ അറിയിച്ചു.
ഇറാന് വിപ്ലവഗാർഡുകളുടെ 11 സ്പീഡ്ബോട്ടുകൾ യുഎസ് നാവികസേനയുടെയും തീരസംരക്ഷണസേനയുടെയും കപ്പലുകൾക്കു സമീപത്തേക്ക് പാഞ്ഞെത്തിയ സംഭവം നടന്നത് ഒരാഴ്ച മുന്പാണ്.
വടക്കൻ ഗൾഫ് മേഖലയിൽ യുഎസ് കപ്പലുകൾ സൈനികാഭ്യാസം നടത്തിയപ്പോഴാണ് ഇറാന്റെ സ്പീഡ് ബോട്ടുകൾ എത്തിയത്. ഏറ്റുമുട്ടലുണ്ടായില്ല. വെടിവയ്പും നടന്നില്ല.
എന്നാൽ കപ്പലുകളുടെ പത്തുവാര അടുത്ത് സ്പീഡ്ബോട്ടുകൾ എത്തിയത് അപകടകരമാണെന്നു പെന്റഗൺ ചൂണ്ടിക്കാട്ടി. യുഎസ് കപ്പലുകൾ മുന്നറിയിപ്പു നൽകിയെങ്കിലും ഒരു മണിക്കൂറിനുശേഷമാണു സ്പീഡ്ബോട്ടുകൾ പിൻവാങ്ങിയത്.
ഉപഗ്രഹം വിക്ഷേപിച്ച് ഇറാൻ
ഇറാന്റെ ആദ്യത്തെ സൈനിക ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിലെത്തിച്ചെന്ന വിപ്ളവഗാർഡുകളുടെ അവകാശവാദത്തിനു പിന്നാലെയാണ് ട്രംപ് ഗൺബോട്ടുകൾ തകർക്കാൻ ഉത്തരവിട്ടതെന്നതു ശ്രദ്ധേയമാണ്.
ഇന്നലെ രാവിലെയാണ് നൂർ എന്നു പേരിട്ടിരിക്കുന്ന സൈനിക ഉപഗ്രഹം ഇറാൻ വിക്ഷേപിച്ചത്. വിക്ഷേപണം വിജയകരമായിരുന്നുവെന്ന് ഇറാൻ അവകാശപ്പെട്ടു.
ഉപഗ്രഹ വിക്ഷേപണത്തിന് ഉപയോഗിക്കുന്ന ബാലിസ്റ്റിക് സാങ്കേതിക വിദ്യ ആണവായുധങ്ങൾ വഹിക്കുന്ന മിസൈലുകളിലും പ്രയോഗിക്കാനാവുമെന്നു യുഎസ് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി. തങ്ങൾക്ക് ആണവമോഹമില്ലെന്ന് ഇറാൻ വ്യക്തമാക്കി.