ഇന്ത്യ പാക് അധീന കാഷ്മീരില്‍ സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തിയതിനു മുമ്പുള്ള രാത്രി ബലൂചിസ്ഥാനില്‍ ഇറാന് വലിയതോതില്‍ ആക്രമണം നടത്തിയിരുന്നു. അന്ന് പാക് അധിനിവേശ കാഷ്മീരില്‍ ഇന്ത്യന്‍ ഓപ്പറേഷന് ഇറാന്റെ ഈ ചെയ്തികള്‍ വലിയ സഹായമായിരുന്നു. ഇപ്പോള്‍ പാക്കിസ്ഥാനിലെ ജെയ്ഷെ മുഹമ്മദ് തീവ്രവാദികള്‍ക്കെതിരേ അവരുടെ തട്ടകത്തില്‍ പോയി നടത്തിയ വ്യോമാക്രമണം നടത്തിയ സമയത്തും ഇറാന്-പാക്കിസ്ഥാന് അതിര്‍ത്തി അശാന്തമായിരുന്നു.
പുല്‍വാമയില്‍ ഇന്ത്യന്‍ സൈനികര്‍ക്ക് നേരെ ഭീകരാക്രമണം ഉണ്ടായതിന്റെ തലേദിവസം ഇറാന്റെ തെക്കുകിഴക്കന്‍ പ്രവിശ്യയിലെ അതിര്‍ത്തിയില്‍ അവരുടെ 27 സൈനികരാണ് കൊല്ലപ്പെട്ടത്. സൈനിക ബസില്‍ സ്ഫോടകവസ്തു നിറച്ച കാര്‍ ഇടിപ്പിച്ചു നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് ഉന്നത സൈനിക വിഭാഗമായ റവല്യൂഷനറി ഗാര്‍ഡ്സ് അംഗങ്ങളായിരുന്നു. ഈ സംഭവത്തിനുശേഷം 24 മണിക്കൂറിനുള്ളിലാണ് പുല്‍വാമയിലും ആക്രമണം ഉണ്ടാകുന്നത്.
വംശീയ ന്യൂനപക്ഷമായ ബലൂചികള്‍ കൂടുതല്‍ സ്വയംഭരണാവശ്യം ഉന്നയിച്ചു സായുധ പ്രക്ഷോഭം നടത്തുന്ന ഇറാനിലെ സിസ്താന്ബലൂചിസ്ഥാന് പ്രവിശ്യ പാക്ക് അതിര്‍ത്തിയോടു ചേര്‍ന്നാണ്. മേഖലയില്‍ സജീവമായ ഭീകരസംഘടനയായ ‘ജയ്ഷ് അല്‍ അദല്‍’ ആണു ചാവേര്‍സ്ഫോടനത്തിനു പിന്നിലെന്ന് ഇറാന് കുറ്റപ്പെടുത്തുന്നു. ഭീകരരെ പാക്കിസ്ഥാന് ശിക്ഷിച്ചില്ലെങ്കില്‍ ശക്തമായി തിരിച്ചടിക്കുമെന്നായിരുന്നു ഇറാന് സൈന്യത്തിന്റെ മുന്നറിയിപ്പ്. ഇന്ത്യ ആദ്യ സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തിയ സമയത്തും ഇതുപോലൊരു ആക്രമണം ഇറാനെതിരേ പാക്കിസ്ഥാന് തീവ്രവാദികളില്‍ നിന്നും ഉണ്ടായിരുന്നു.
സൗദി അറേബ്യയോട് പാക്കിസ്ഥാനോട് കൂടുതല്‍ അടുക്കുന്നതില്‍ ഇറാന് താല്പര്യമില്ല. ഇസ്ലാമിക രാഷ്ട്രങ്ങളെങ്കിലും ഇറാനും സൗദിയും കീരിയും പാമ്പും പോലെയാണ്. അതിനൊപ്പം പാക് തീവ്രവാദികളുടെ നിരന്തര ശല്യം കൂടിയാകുമ്പോള്‍ ഇറാന് പാക്കിസ്ഥാനോടുള്ള താല്പര്യക്കുറവ് വര്‍ധിക്കുകയേയുള്ളു. എന്തായാലും ചൈനയുടെ മൃദുസൗഹൃദം ഒഴിച്ചു നിര്‍ത്തിയാല്‍ അയല്‍ക്കാരായ അഫ്ഗാനിസ്ഥാനും ബംഗ്ലാദേശും ഒപ്പം ഇറാനും ഇന്ത്യയ്ക്കൊപ്പമാണ്.
പാക്കിസ്ഥാനിലെ സാമ്പത്തികരംഗം ഏറെക്കുറെ തകര്‍ന്ന മട്ടാണ്. അന്താരാഷ്ട്ര നാണയനിധിയില്‍ നിന്നുള്ള വായ്പകളും ചൈനയുടെയും സൗദിയുടെയും സാമ്പത്തികസഹായവുമാണ് ആ രാജ്യത്തെ കുറച്ചെങ്കിലും പിടിച്ചുനിര്‍ത്തുന്നത്. ഇമ്രാന് ഖാനെതിരേ രാജ്യത്തു വലിയതോതില്‍ രോക്ഷം ഉയരുന്നുണ്ട്.