ബാഗ്ദാദ്: അമേരിക്കൻ സൈന്യം ഇറാക്ക് വിടാൻ തീരുമാനിച്ചിട്ടില്ലെന്ന് അമേരിക്ക. യുഎസ് പ്രതിരോധ സെക്രട്ടറി മാർക് എസ്പെർ, ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫ്സ് ചെയർമാൻ ജനറൽ മാർക് മില്ലി എന്നിവരാണ് ഇക്കാര്യം അറിയിച്ചത്.
ഇറാക്കിൽനിന്ന് യുഎസ് സൈന്യത്തെ പിൻവലിക്കുന്നു എന്ന മാധ്യമ വാർത്തകൾക്കു പിന്നാലെയാണു ഉന്നത ഉദ്യോഗസ്ഥരുടെ വിശദീകരണം. യുഎസ് സൈന്യത്തെ പുറത്താക്കണമെന്ന് ഞായറാഴ്ച ഇറാക്ക് പാർലമെന്റ് ആവശ്യപ്പെട്ടിരുന്നു. ഇറേനിയൻ സൈനികമേധാവി ജനറൽ ഖാസിം സുലൈമാനിയെ യുഎസ് വധിച്ചതാണ് ഇറാക്കിനെ പ്രകോപിപ്പിച്ചത്.
പിന്നാലെ ഇറാക്കിനെതിരേ കടുത്ത ഉപരോധം ഏർപ്പെടുത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഭീഷണി മുഴക്കി. ഇറാക്കിൽനിന്നു സൈന്യത്തെ പിൻവലിക്കില്ലെന്നും പിൻവലിക്കേണ്ടിവന്നാൽ ഇറാക്കിൽ വ്യോമതാവളം നിർമിക്കാൻ അമേരിക്കയ്ക്കു ചെലവായ പണം തിരികെ നൽകേണ്ടിവരുമെന്നും ട്രംപ് പറഞ്ഞു.
അതേസമയം, ഇറാക്കിനെതിരേ ഉപരോധമേർപ്പെടുത്തുമെന്ന ട്രംപിന്റെ ഭീഷണിക്കെതിരേ ജർമനി രംഗത്തെത്തി. ഭീഷണികൊണ്ട് ഇറാക്കിനെ വിശ്വാസത്തിലെടുക്കാമെന്ന് താൻ കരുതുന്നില്ലെന്ന് ജർമൻ വിദേശകാര്യ മന്ത്രി ഹയ്കോ മാസ് പറഞ്ഞു.