ജറുസലെം: ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം. ഇറാനിലെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമാക്കിയാണ് ഇന്നു പുലർച്ചെ ആക്രമണം നടന്നത്. ടെഹ്റാനിൽ വലിയ സ്ഫോടനങ്ങളുണ്ടായതായി ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ടെഹ്റാൻ വിമാനത്താവളത്തിനടുത്തും സ്ഫോടനം നടന്നു. നിരവധി കെട്ടിടങ്ങള്‍ സ്ഫോടനത്തിൽ തകര്‍ന്നു. വലിയ രീതിയിലുള്ള നാശനഷ്ടങ്ങളുണ്ടായതായാണ് റിപ്പോര്‍ട്ട്. ആളപായം സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
ആക്രമണം നടത്തിയതായി ഇസ്രയേൽ സ്ഥിരീകരിച്ചു. ഇറാന്റെ നിരന്തര പ്രകോപനത്തിനുള്ള മറുപടിയാണിതെന്നും ഇറാന്റെ തിരിച്ചടി എന്തായാലും നേരിടാൻ സജ്ജമാണെന്നും ഇസ്രയേൽ വ്യക്തമാക്കി.
ഒക്ടോബർ ഒന്നിന് ഇരുന്നൂറിലേറെ മിസൈലുകൾ ഇസ്രയേൽ ലക്ഷ്യമാക്കി ഇറാൻ തൊടുത്തിരുന്നു. മിസൈൽ ആക്രമണത്തിൽ കാര്യമായ ആളപായം ഉണ്ടായില്ലെങ്കിലും വലിയ തിരിച്ചടിയുണ്ടാകുമെന്ന് ഇസ്രയേൽ വ്യക്തമാക്കിയിരുന്നു.
മറ്റേതു പരമാധികാര രാജ്യത്തെയും പോലെ തിരിച്ചടിക്കാനുള്ള അവകാശം ഇസ്രയേലിനുണ്ടെന്നും ഇസ്രയേലിനെയും ജനങ്ങളെയും പ്രതിരോധിക്കാൻ ആവശ്യമായ കാര്യങ്ങൾ ചെയ്യുമെന്നും ഇസ്രയേൽ സൈന്യം വ്യക്തമാക്കി.
ഇറാന്റെ സൈനിക കേന്ദ്രങ്ങള്‍ അടക്കം ലക്ഷ്യമിട്ടുള്ള ഇസ്രയേലിന്റെ ആക്രമണം യുദ്ധം രൂക്ഷമാക്കുന്നതിന് ഇടയാക്കും. ഇസ്രയേലിന്റെ ആക്രമണത്തിന് മറുപടി നൽകാൻ ഇറാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുണ്ട്.