വാഷിംഗ്ടൺ ഡിസി: ഇറാനുമായി ആണവക്കരാർ ഉണ്ടാക്കാൻ താത്പര്യമുണ്ടെന്നും ഇക്കാര്യം വ്യക്തമാക്കി ഇറേനിയൻ നേതൃത്വത്തിനു വ്യാഴാഴ്ച കത്തയച്ചുവെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാൻ ചർച്ചയ്ക്കു തയാറാകുമെന്നാണു പ്രതീക്ഷയെന്നും ടെലിവിഷൻ അഭിമുഖത്തിനിടെ ട്രംപ് പറഞ്ഞു.
ആണവക്കരാർ ഇറാനു ഗുണകരമായിരിക്കും. കരാറിനു സമ്മതിച്ചില്ലെങ്കിൽ ഇറാൻ അണ്വായുധം സ്വന്തമാക്കാതിരിക്കാൻ അമേരിക്കയ്ക്ക് എന്തെങ്കിലും ചെയ്യേണ്ടിവരുമെന്നും ട്രംപ് കൂട്ടിച്ചേർത്തു.
ഇറാനിലെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനയ്യെ അഭിസംബോധന ചെയ്താണ് ട്രംപ് കത്തയച്ചതെന്നു ചില റിപ്പോർട്ടുകളിൽ പറയുന്നു.
2015ൽ മുൻ യുഎസ് പ്രസിഡന്റ് ബറാക് ഒബാമ മുൻകൈയെടുത്ത് ഇറാനുമായി ആണവക്കരാറുണ്ടാക്കിയിരുന്നു. ഇറാന്റെ ആണവപദ്ധതികൾ പരിമിതപ്പെടുത്തുന്നതിനു പകരം അവർക്കെതിരായ ഉപരോധങ്ങൾ പിൻവലിക്കുന്നതായിരുന്നു കരാർ.
അമേരിക്കയ്ക്കു പുറമേ, ബ്രിട്ടൻ, ഫ്രാൻസ്, ചൈന, റഷ്യ, ജർമനി രാജ്യങ്ങളും കരാറിൽ പങ്കാളികളായിരുന്നു. 2018ൽ ട്രംപ് ഭരിക്കവേ ഈ കരാറിൽനിന്ന് അമേരിക്ക ഏപക്ഷീയമായി പിന്മാറുകയും ഇറാനെതിരേ ഉപരോധങ്ങൾ പുനഃസ്ഥാപിക്കുകയും ചെയ്തു. തുടർന്ന് ഇറാൻ ആണവ ഇന്ധന സന്പുഷ്ടീകരണ തോത് ഉയർത്താൻ തുടങ്ങി.