പ്രത്യേക ലേഖകൻ
അമേരിക്കയും ഇറാനുമായുള്ള വിഷയത്തിൽ ഇറാന്റെ പക്ഷത്തുനിൽക്കാനുള്ള ഇറാക്കിന്റെ തീരുമാനം ഇന്ത്യക്കു പ്രശ്നങ്ങൾ സൃഷ്ടിക്കും. ഇറാക്കിലെ അമേരിക്കൻ ഭടന്മാരെ പിൻവലിക്കണമെന്ന് ഇറാക്കി പാർലമെന്റ് ആവശ്യപ്പെട്ടു. തങ്ങളെ പുറത്താക്കിയാൽ ഇറാക്കിനെതിരേ കർക്കശ ഉപരോധം പ്രഖ്യാപിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പു നൽകി.
പാർലമെന്റ് തീരുമാനം നടപ്പാക്കാൻ ഇറാക്കി ഭരണകൂടം തുനിഞ്ഞാൽ അമേരിക്ക ഉപരോധം പ്രഖ്യാപിക്കുമെന്നു തീർച്ച. ഉപരോധത്തിലെ മുഖ്യഭാഗം ഇറാക്കിന്റെ ക്രൂഡ് ഓയിൽ കയറ്റുമതിക്കു വിലക്ക് ഏർപ്പെടുത്തുന്നതാകും. ഇന്ത്യ ബുദ്ധിമുട്ടിലാകുന്നത് അവിടെയാണ്.
ചുരുങ്ങിയ കാലംകൊണ്ട് ഇന്ത്യയുടെ മുഖ്യ എണ്ണദാതാവായി ഇറാക്ക് മാറിയിരുന്നു. സൗദി അറേബ്യയെ ഒന്നാം സ്ഥാനത്തുനിന്നു പിന്തള്ളിയാണ് ഇറാക്ക് ഒന്നാമതെത്തിയത്. ഇറാനെതിരേ അമേരിക്ക ഉപരോധം പ്രഖ്യാപിച്ചപ്പോഴാണ് ഇറാക്കിലേക്ക് ഇന്ത്യ കൂടുതലായി തിരിഞ്ഞത്.
ഇറാക്കിന്റെ ക്രൂഡ് ഓയിൽ വാങ്ങരുതെന്നു വന്നാൽ ഇന്ത്യ വേറെ രാജ്യങ്ങളെ ആശ്രയിക്കണം. നമ്മുടെ മൊത്തം ക്രൂഡ് ഇറക്കുമതിയുടെ 22 ശതമാനം ഇറാക്കിൽനിന്നാണ്. 2018-19 ൽ മൊത്തം 20.8 കോടി ടൺ ക്രൂഡ് ഇറക്കുമതി ചെയ്തതിൽ 4.66 കോടി ടണ്ണും ഇറാക്കിൽനിന്നായിരുന്നു. ഈ ധനകാര്യവർഷം ആദ്യ ആറുമാസംകൊണ്ട് 2.6 കോടി ടൺ ക്രൂഡ് ഇറാക്കിൽനിന്നു വാങ്ങി. പെട്ടെന്ന് ഈ തോതിലുള്ള ഇറക്കുമതി സ്രോതസ് കണ്ടെത്തുക എളുപ്പമല്ല.
ഇറാക്കിന് ഉപരോധം പ്രഖ്യാപിച്ചാൽ ലോക എണ്ണവിപണിയെയും അതു സാരമായി ബാധിക്കും. പ്രതിദിനം 46.2 ലക്ഷം വീപ്പ എണ്ണ ഉത്പാദിപ്പിക്കുന്ന രാജ്യമാണ് ഇറാക്ക്. ആഗോള ഉത്പാദനത്തിന്റെ അഞ്ചുശതമാനം വരും ഇത്. ഒപെകി(പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ സംഘടന)ൽ സൗദി അറേബ്യ കഴിഞ്ഞാൽ ഏറ്റവുമധികം ഉത്പാദനവും കയറ്റുമതിയും നടത്തുന്ന രാജ്യം ഇറാക്കാണ്. ഇറാക്കിന്റെ എണ്ണ വിപണിയിൽനിന്ന് ഒഴിവായാൽ ക്രൂഡ് വിലവർധന പരിധിവിട്ടുപോകാം. വീപ്പയ്ക്ക് നൂറു ഡോളറിനു മുകളിലേക്കു ക്രൂഡ് ഓയിൽ കയറിയെന്നുവരും. അതു രാജ്യത്തു വിലക്കയറ്റം നിയന്ത്രണാതീതമാക്കും.
ഇറാക്കിന് ഉപരോധം വന്നാൽ ആ രാജ്യത്തു കോൺട്രാക്ടുകളും മറ്റും നേടിയിട്ടുള്ള ഇന്ത്യൻ കന്പനികൾക്കും പ്രശ്നമാകും. ഐഎസ് (ഇസ്ലാമിക് സ്റ്റേറ്റ്) വരുന്നതിനു മുന്പ് ഇറാക്കിൽ ആയിരക്കണക്കിന് ഇന്ത്യക്കാർ ജോലിചെയ്തിരുന്നു. ഐഎസിന്റെ തേർവാഴ്ചക്കാലത്ത് അവർ മിക്കവരും തിരികെപ്പോന്നു. കുറെപ്പേരെ ഐഎസ് തടവിലാക്കുകയും വധിക്കുകയും ചെയ്തു. ഐഎസ് തോറ്റശേഷം ചുരുക്കം ഇന്ത്യൻ കന്പനികളേ ഇറാക്കിലേക്കു തിരിച്ചുചെന്നിട്ടുള്ളു.