ബ്രിട്ടിഷ് എണ്ണക്കപ്പലായ സ്റ്റെന ഇംപറോ പിടിച്ചെടുക്കുന്നതിനു മുമ്പ് ഇറാന്‍ സൈനികര്‍ നടത്തിയത് അതീവ നാടകീയ നീക്കങ്ങളെന്നു തെളിയിക്കുന്ന ശബ്ദസന്ദേശം പുറത്ത്. സ്റ്റെന ഇംപറോയ്ക്ക് അകമ്പടി നല്‍കുന്ന മണ്‍ട്രോസ് എന്ന ബ്രിട്ടിഷ് നാവിക കപ്പലിലെ സൈനികര്‍ക്ക് ഇറാന്‍ സൈന്യം മുന്നറിയിപ്പു നല്‍കുന്ന ശബ്ദ സന്ദേശമാണ് പുറത്തുവന്നത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഗള്‍ഫിലെ ഹോര്‍മുസ് കടലിടുക്കില്‍വച്ചു ഇറാനിയന്‍ റവല്യൂഷനറി ഗാര്‍ഡ്‌സ് ബ്രിട്ടിഷ് കപ്പല്‍ പിടിച്ചെടുത്ത്. എണ്ണക്കപ്പലിന്റെ ദിശ മാറ്റിയില്ലെങ്കില്‍ പിടിച്ചെടുക്കുമെന്നു മണ്‍ട്രോസ് കപ്പലിലെ സൈനികര്‍ക്ക് ഇറാന്‍ സൈന്യം മുന്നറിയിപ്പ് നല്‍കുന്നതാണ് ശബ്ദസന്ദേശത്തിലുള്ളത്. അനുസരിച്ചാല്‍ സുരക്ഷിതരായിരിക്കുമെന്നും ഇറാന്‍ സൈനികര്‍ പറയുന്നു.
രാജ്യാന്തര ജലപാതയിലൂടെ തടസ്സമില്ലാതെ പോകാന്‍ സാധിക്കണമെന്നും നിയമങ്ങള്‍ ലംഘിക്കുന്നില്ലെന്നു ഉറപ്പുവരുത്തണമെന്നും ബ്രിട്ടന്‍ സന്ദേശത്തിനു മറുപടി നല്‍കി. രാജ്യാന്തര പാതയിലൂടെ പോകുമ്പോള്‍, കപ്പല്‍ തടയാന്‍ നിയമം അനുവദിക്കുന്നില്ലെന്നും ബ്രിട്ടിഷ് നാവികര്‍ അറിയിച്ചു. എന്നാല്‍ സുരക്ഷാ പരിശോധനയ്ക്കായി കപ്പല്‍ പിടിച്ചെടുക്കുകയാണെന്ന് ഇറാന്‍ അറിയിച്ചു. മീന്‍പിടിത്ത ബോട്ടിനെ കപ്പല്‍ ഇടിച്ചതായി ഇറാന്‍ ആരോപിച്ചിരുന്നെങ്കിലും ഇതു സംബന്ധിച്ച് ശബ്ദ സന്ദേശത്തില്‍ ഒന്നും പറയുന്നില്ല.
സ്റ്റെന ഇംപറോ ഇറാന്‍ പിടിച്ചെടുക്കുമ്പോള്‍ മണ്‍ട്രോസ് അകലെയായിരുന്നുവെന്നും അതുകൊണ്ടാണ് ഫലപ്രദമായി ഇടപെടാന്‍ സാധിക്കാതിരുന്നതെന്നും യുകെ അധികൃതര്‍ അറിയിച്ചു. കമാന്‍ഡോകള്‍ കപ്പല്‍ പരിശോധിക്കുന്നതിന്റെയും ഹെലികോപ്റ്ററുകളും ചേര്‍ന്നു വളയുന്നതിന്റെയും ദൃശ്യങ്ങള്‍ ഇറാന്‍ സൈന്യം കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ഇറാന്റെ നീക്കും തടയാന്‍ സാധിക്കാതിരുന്നതിനെ യുറോപ്യന്‍ സഖ്യകക്ഷികള്‍ അപലപിച്ചിട്ടുണ്ട്. ഇറാന്‍ എണ്ണക്കപ്പലായ ‘ഗ്രേസ് വണ്‍’ ഈ മാസമാദ്യം ജിബ്രാള്‍ട്ടര്‍ കടലിടുക്കില്‍വച്ചു പിടിച്ചെടുത്തതിനെ തുടര്‍ന്ന് എല്ലാ ബ്രിട്ടിഷ് കപ്പലുകളുടെയും സുരക്ഷ വര്‍ധിപ്പിക്കാന്‍ നിര്‍ദേശമുണ്ടായിരുന്നു. എന്നിട്ടും അകമ്പടി നല്‍കുന്ന കപ്പലിനു വീഴ്ച സംഭവിച്ചതില്‍ ബ്രിട്ടനില്‍ രോഷം പുകയുന്നുണ്ട്.
അതേസമയം, പിടിച്ചെടുത്ത എണ്ണക്കപ്പല്‍ വിട്ടുകൊടുക്കണമെന്ന ബ്രിട്ടന്റെ ആവശ്യം ഇറാന്‍ തള്ളിയതോടെ ഹോര്‍മുസ് കടലിടുക്കില്‍ സ്ഥിതിഗതികള്‍ രൂക്ഷമാകുകയാണ്. കപ്പലിലെ 23 ജീവനക്കാരും സുരക്ഷിതരാണെന്ന് നങ്കൂരമിട്ടിരിക്കുന്ന ബന്ദര്‍ അബ്ബാസിലെ തുറമുഖ അതോറിറ്റി മേധാവി അറിയിച്ചു. അവരുടെ ആവശ്യങ്ങളെല്ലാം നിറവേറ്റും. എന്നാല്‍ കപ്പലില്‍ പരിശോധന നടത്തേണ്ടതുണ്ടെന്നും പറഞ്ഞു. ക്യാപ്റ്റനടക്കം 18 ഇന്ത്യക്കാരും മൂന്ന് റഷ്യക്കാരും ഓരോ ലാത്വിയന്‍, ഫിലിപ്പീന്‍സ് സ്വദേശികളുമാണ് കപ്പലിലുള്ളത്.
ഇവരില്‍ മൂന്ന് പേരാണു മലയാളികള്‍. കപ്പലില്‍ സുരക്ഷാപരിശോധന നടത്തുമെന്നും ജീവനക്കാരുടെ സഹകരണമനുസരിച്ചായിരിക്കും അന്വേഷണത്തിലെ പുരോഗതിയെന്നും ഇറാന്‍ വ്യക്തമാക്കി. തല്‍ക്കാലം കപ്പല്‍ വിട്ടുകിട്ടാനുള്ള നടപടികള്‍ക്കാണു മുന്‍ഗണനയെന്നും ഉപരോധം ശക്തമാക്കണമോ എന്നു പിന്നീട് പരിശോധിക്കുമെന്നും ബ്രിട്ടന്‍ വ്യക്തമാക്കി. ഒമാന്റെ സമുദ്രാതിര്‍ത്തിക്കുള്ളിലൂടെയാണ് തങ്ങള്‍ കടന്നുപോയതെന്നു ബ്രിട്ടന്‍ ഐക്യരാഷ്ട്രസംഘടനയെ അറിയിച്ചു.