പരവൂർ: ഇറാനിൽ തടവിലായ മലയാളികളെ മോചിപ്പിക്കാൻ കേന്ദ്രസർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ബന്ധുക്കൾ. പരവൂർ കോങ്ങാൽ കൊല്ലന്റഴികം വീട്ടിൽ ഷാഹുൽ ഹമീദ്, പുതുമല ഷാഹിദാ മൻസിലിൽ ഷംസീർ എന്നിവരാണ്ഇറാൻ ജയിലിൽ കഴിയുന്നത്.
സമുദ്രാതിർത്തി ലംഘിച്ചു മത്സ്യബന്ധനം നടത്തിയെന്ന് ആരോപിച്ചാണ് ഇറാൻ തടവിലാക്കിയത്. കാലിന് വൈകല്യമുള്ള വ്യക്തിയാണ് ഷാഹുൽ ഹമീദ്.
കഴിഞ്ഞ 18നു വൈകിട്ട് ഷാഹുൽ ഹമീദ് വീട്ടിൽ ഫോൺ ചെയ്തിരുന്നു. കടലിൽ പോകുകയാണെന്ന് പറഞ്ഞു. മത്സ്യബന്ധനം കഴിഞ്ഞ് കരയിൽ എത്തുമ്പോൾ വിളിക്കുകയാണ് പതിവ്.
എന്നാൽ പതിവ് സമയം പിന്നിട്ടിട്ടും ഫോൺ വന്നില്ല. അതോടെ കുടുംബാംഗങ്ങൾ ആശങ്കയിലായി. ഇതിനിടെയാണു ഷാഹുൽ ഹമീദിന് ഒപ്പം ഇറാനിൽ പിടിയിലായ തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശിയുടെ ബന്ധുക്കൾ വിവരം ഷാഹുൽ ഹമീദിന്റെ കുടുംബങ്ങളെ വിവരം അറിയിക്കുന്നത്.
കഴിഞ്ഞ അവധിക്കു നാട്ടിൽ എത്തിയശേഷം ഒരു മാസം മുൻപാണ് ഷാഹുൽ ഹമീദ് യുഎ ഇയിലേക്ക് മടങ്ങിയത്. ഇരുപത് വർഷമായി ഗൾഫിൽ മത്സ്യബന്ധന ജോലിയിലാണെങ്കിലും ഇതുവരെ കിടപ്പാടം പോലും സ്വന്തമായി ഇല്ല.
കുടുംബ വീട്ടിലാണ് കഴിയുന്നത്. കടൽ തീരത്തോടു ചേർന്നു വഴി പോലും ഇല്ലാത്ത വീട് തകർച്ചയുടെ വക്കിലാണ്.നഗരസഭയിൽനിന്നു നേരത്തേ വീടിനു തുക അനുവദിച്ചെങ്കിലും തീരദേശ പരിപാലന നിയമം മൂലം നിർമാണം സാധ്യമല്ലാത്തതിനാൽ തുക ലാപ്സായി.
മത്സ്യബന്ധന തൊഴിൽ ആണെങ്കിലും ഷാഹുൽ ഹമീദിനും വല്ലപ്പോഴുമാണ് ജോലി ലഭിക്കുന്നത്. അവസാനം അവധിക്കു വന്നപ്പോൾ ഇനി മടങ്ങുന്നില്ലെന്ന് പറഞ്ഞിരുന്നതാണ്.
എന്നാൽ വീട്ടിലെ ബുദ്ധിമുട്ടുകൾ കാരണം വീണ്ടും പോവുകയായിരുന്നു. ഷാഹുൽ ഹമീദിനു പുറമേ ഷംസീർ, അഞ്ചുതെങ്ങ് സ്വദേശികളായ 5 പേരും 3 തമിഴ്നാട് സ്വദേശികളും ഇവരുടെ സ്പോൺസറായ യുഎഇ സ്വദേശിയുമാണ് ഇറാനിൽ ജയലിലായത്.
ജയിലിൽ ബോട്ട് ഉടമയായ സ്പോൺസർ ഒരു മുറിയിലും മറ്റുള്ള 10 പേർ മറ്റൊരു സെല്ലിലുമാണ് കഴിയുന്നത്.ഇറാനിലെ ജയിലിൽ കഴിയുന്ന മത്സ്യത്തൊഴിലാളികളെ മോചിപ്പിക്കാൻ നയതന്ത്ര ഇടപെടലുകൾ നടത്തണമെന്ന ആവശ്യം ശക്തമാകുകയാണ്.
മത്സ്യത്തൊഴിലാളികളുടെ പരിതാപകരമായ അവസ്ഥ കണക്കിലെടുത്ത് മോചിപ്പിക്കാനുള്ള നടപടികൾ കേന്ദ്ര സർക്കാർ സ്വീകരിക്കണമെന്ന് വീട്ടുകാർ ആവശ്യപ്പെട്ടു.