ടെഹ്റാൻ: യുഎസ് ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാൻ സൈനിക കമാൻഡർ ഖാസിം സുലൈമാനിയുടെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്രയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് നിരവധി പേർ മരിച്ചതായി റിപ്പോർട്ട്. ഇറാനിയൻ നഗരമായ കെർമനിൽ സംസ്കാര ചടങ്ങുകൾ ആരംഭിക്കാനിരിക്കെയാണ് ദുരന്തമുണ്ടാകുന്നത്.
35 പേർ മരിച്ചെന്നാണു പ്രാഥമിക റിപ്പോർട്ട്. 48 പേർക്കു പരിക്കേറ്റതായും റിപ്പോർട്ടുള്ളതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നിരവധി പേർ റോഡിൽ ചലനമറ്റു കിടക്കുന്നതിന്റെ ദൃശ്യങ്ങൾ ഓണ്ലെനുകളിൽ പ്രത്യക്ഷപ്പെട്ടു. ദുരന്തമുണ്ടായെന്ന റിപ്പോർട്ടുകൾ ഇറാൻ അടിയന്തര വൈദ്യ സേവന വിഭാഗം മേധാവി സ്ഥിരീകരിച്ചു. ലക്ഷക്കണക്കിന് ആളുകളാണ് സുലൈമാനിക്ക് അന്ത്യാജ്ഞലി അർപ്പിക്കാൻ കെർനനിൽ ഒത്തുകൂടിയിട്ടുള്ളത്.
കഴിഞ്ഞ വെള്ളിയാഴ്ച യുഎസ് നടത്തിയ വ്യോമാക്രമണത്തിലാണ് ഇറാൻ റെവലൂഷനറി ഗാർഡ്സിലെ ഉന്നതസേനാ വിഭാഗമായ ഖുദ്സ് ഫോഴ്സ് തലവനായ ജനറൽ ഖാസിം സുലൈമാനി കൊല്ലപ്പെട്ടത്. ഇറാന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന ഷഹേദ് അൽ ഷാബി സേനയുടെ ഡെപ്യൂട്ടി കമാൻഡർ അൽ മുഹാന്ദിസ് അടക്കമുള്ളവരും ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.