ന്യൂഡൽഹി: ഒമാനു സമീപം ഹോർമുസ് കടലിടുക്കിൽ ഇറാൻ പിടിച്ചെടുത്ത ഇസ്രയേലിന്റെ എംഎസ്സി ഏരീസ് ചരക്കു കപ്പലിലെ 17 ഇന്ത്യക്കാരെ ഇന്ത്യൻ എംബസി അധികൃതർ ഇന്നു സന്ദർശിക്കും. ജീവനക്കാരുമായി കൂടിക്കാഴ്ച്ചയ്ക്ക് ഇന്ത്യൻ എംബസി അധികൃതർക്ക് ഇന്നു സമയം നൽകുമെന്നാണു വിവരം.
കപ്പലിലുള്ള 17 ഇന്ത്യാക്കാരിൽ നാലു മലയാളികളുണ്ട്. കോട്ടയം വാഴൂരിൽ താമസിക്കുന്ന തൃശൂർ സ്വദേശിനി ആൻ ടെസ ജോസഫ്, കോഴിക്കോട് രാമനാട്ടുകര സ്വദേശി ശ്യാം നാഥ് തേലംപറമ്പത്ത്, പാലക്കാട് സ്വദേശി സുമേഷ്, വയനാട് സ്വദേശി പി.വി. ധനേഷ് എന്നിവരാണു കപ്പലിലുള്ള മലയാളികൾ.
ഇതിൽ ആൻ ടെസ ജോസഫ് കുടുംബവുമായി ഇന്നലെ ഫോണിൽ സംസാരിച്ചിരുന്നു. കപ്പലിലുള്ളവർ എല്ലാവരും സുരക്ഷിതരാണെന്നും മറ്റു പ്രശ്നങ്ങളില്ലെന്നും ആൻ ടെസ കുടുംബത്തെ അറിയിച്ചു.
കപ്പലിൽ കുടുങ്ങിയവരെ മോചിപ്പിക്കാൻ എല്ലാ ഇടപെടലുകളും നടത്തുന്നുണ്ടെന്നു കേന്ദ്ര മന്ത്രി വി. മുരളീധരന്റെ ഓഫീസിൽനിന്നു ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുണ്ട്. കപ്പൽ കമ്പനിയുടെ മുംബൈ ഓഫീസ് അധികൃതർ ബന്ധുക്കളുമായി സംസാരിച്ചു.