കറാച്ചി: പാക്കിസ്ഥാനിലെ ഭീകരകേന്ദ്രങ്ങളിൽ ഇറാൻ ആക്രമണം നടത്തിയതിനു തൊട്ടുപിന്നാലെ ഇറാനിൽ പാക്കിസ്ഥാന്റെ ആക്രമണം. ഇറാനിലെ ഭീകരകേന്ദ്രങ്ങളിലാണ് ആക്രമണം നടന്നതെന്നാണ് റിപ്പോർട്ട്. പാക്ക് മാധ്യമങ്ങളാണ് ഇതു സംബന്ധിച്ച വാർത്ത പുറത്തുവിട്ടത്. എന്നാൽ, ആക്രമണവുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളും ഔദ്യോഗികമായി പ്രതികരിക്കാൻ തയാറായിട്ടില്ല.
ബലൂചിസ്ഥാൻ ലിബറേഷൻ ആർമിയുടെ നേതൃത്വത്തിൽ ഇറാനിൽ പ്രവർത്തിക്കുന്ന ഭീകരകേന്ദ്രങ്ങൾ ലക്ഷ്യമിട്ടാണ് ആക്രമണങ്ങൾ നടത്തിയതെന്നാണ് പാക്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ബലൂചിസ്ഥാൻ ലിബറേഷൻ ആർമി (ബിഎൽഎ), ബലൂചിസ്ഥാൻ ലിബറേഷൻ ഫ്രണ്ട് (ബിഎൽഎഫ്) തുടങ്ങിയ ബലൂച് തീവ്രവാദ ഗ്രൂപ്പുകൾ ഇറാനിൽ സജീവമായി പ്രവർത്തിക്കുന്നുണ്ടെന്നും അവർ പാക്ക് വിരുദ്ധപ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്നും പാക്കിസ്ഥാൻ ആരോപിക്കുന്നു.
കഴിഞ്ഞദിവസം പാക്കിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിലെ പാഞ്ജർ മേഖല കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ജയ്ഷ് അൽ അദൽ എന്ന ഭീകരസംഘടനയുടെ താവളങ്ങളിൽ ഇറാൻ ആക്രമണം നടത്തിയിരുന്നു. ആക്രമണത്തിന്റെ ദൃശ്യങ്ങൾ ഇറാൻ സൈന്യം പുറത്തു വിടുകയും ചെയ്തിരുന്നു. ആക്രമണത്തിൽ രണ്ടു കുട്ടികൾ കൊല്ലപ്പെടുകയും മൂന്നു പേർക്കു പരിക്കേൽക്കുകയും ചെയ്തിരുന്നു.
ഇറാന്റെ ആക്രമണത്തെ പാക്കിസ്ഥാൻ അപലപിക്കുകയും കനത്തതിരിച്ചടിയുണ്ടാകുമെന്നു മുന്നറിയിപ്പു നൽകുകയും ചെയ്തിരുന്നു. പ്രതിഷേധസൂചകമെന്നോണം ഇറാനിലെ തങ്ങളുടെ സ്ഥാനപതിയെ പാക്കിസ്ഥാൻ തിരിച്ചുവിളിച്ചു. ഇസ്ലാമാബാദിലെ ഇറേനിയൻ നയതന്ത്ര കാര്യാലയത്തിലെ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി വിശദീകരണവും തേടി.