ടെഹ്റാന്‍: അമേരിക്ക-ഇറാന്‍ ബന്ധം അനുദിനം വഷളായിക്കൊണ്ടിരിക്കുകയാണ്. മരുഭൂമിയിലെ ഭൂഗര്‍ഭ അറകളില്‍ സൂക്ഷിച്ചിരിക്കുന്ന ആയുധശേഖരത്തിന്റെ വീഡിയോ ഇറാന്‍ പുറത്തു വിട്ടത് ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷത്തിന് ആക്കം കൂട്ടുകയാണ്. ശത്രുക്കളെ ഉന്മൂലനം ചെയ്യാന്‍ ശേഷിയുള്ള മിസൈലുകള്‍ ഉള്‍ക്കൊള്ളുന്ന വന്‍ ആയുധ ശേഖരം മരുഭൂമിയിലെ ഭൂഗര്‍ഭത്തില്‍ സൂക്ഷിച്ചിരിക്കുന്നതിന്റെ ഞെട്ടിപ്പിക്കുന്ന വീഡിയോ ദൃശ്യങ്ങളാണ് ഇറാന്‍ പുറത്തു വിട്ടത്.
യുഎസ്- ഇറാന്‍ സംഘര്‍ഷ സാധ്യത മുമ്പില്ലാത്ത വിധത്തില്‍ മൂര്‍ച്ഛിച്ചിരിക്കുന്നു വേളയിലാണ് ശത്രുക്കള്‍ക്കുള്ള കടുത്ത താക്കീതെന്ന നിലയില്‍ ഇറാന്റെ സ്റ്റേറ്റ് ടെലിവിഷന്‍ നെറ്റ് വര്‍ക്ക് ഈ വിഷ്വലുകള്‍ പുറത്ത് വിട്ടിരിക്കുന്നത്. ഇറാന് കടുത്ത താക്കീതേകി യുഎസ് സര്‍വസജ്ജമായ യുദ്ധക്കപ്പലുകള്‍ മേഖലയിലേക്ക് അയച്ചതിന്റെ പ്രതികരണമെന്ന നിലയിലാണ് ഇറാന്‍ ഭൂഗര്‍ഭത്തിലെ മിസൈല്‍ ശേഖരത്തിന്റെ ഞെട്ടിപ്പിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വിട്ടിരിക്കുന്നത്.
നിര്‍ണായകമായ ഈ വേളയില്‍ സ്വന്തം പൗരന്മാരെ പ്രചോദിപ്പിക്കുകയും അവരില്‍ രാജ്യസ്‌നേഹം ഉയര്‍ത്തുകയും ചെയ്യുകയെന്ന ലക്ഷ്യങ്ങളും ഈ ഫൂട്ടേജുകള്‍ പുറത്ത് വിട്ടതിലൂടെ ഇറാന്‍ ലക്ഷ്യമിടുന്നുവെന്നാണ് സൂചന. ഭൂമിക്കടിയിലുള്ള നീണ്ട തുരങ്കത്തില്‍ മിസൈലുകള്‍ അടക്കമുള്ള നിരവധി ആയുധങ്ങള്‍ പൂര്‍ണമായും നിറച്ചിരിക്കുന്നുവെന്ന് ഈ ദൃശ്യങ്ങളിലൂടെ വെളിപ്പെട്ടിട്ടുണ്ട്. ക്വിയാം 1 ബാലിസ്റ്റിക് മിസൈല്‍ സിസ്റ്റത്തിന്റെ ഭാഗങ്ങളും ഈ തുരങ്കത്തില്‍ കാണാന്‍ സാധിക്കും. ഈ ബങ്കറിന്റെ കവാടത്തില്‍ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമെയ്‌നിയുടെയും പ്രസിഡന്റ് ഹസന്‍ റൗഹാനിയുടെയും വലിയ ചിത്രങ്ങളും വച്ചിരിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം.
ഈ കവാടത്തിന് പുറകിലെ വലിയ ഡോറുകള്‍ തുറക്കപ്പെടുമ്പോള്‍ മങ്ങിയ വെളിച്ചത്തില്‍ ടണലിന്റെ ദൃശ്യങ്ങള്‍ ഫൂട്ടേജില്‍ കാണാന്‍ സാധിക്കും. മോട്ടോറൈസ്ഡ് ക്രെയിനിനാല്‍ പട്ടാളക്കാര്‍ ഒരു ആയുധത്തിന്റെ കേസ് നീക്കുന്ന ദൃശ്യങ്ങളാണ് നാം പിന്നീട് കാണുന്നത്. തുടര്‍ന്ന് ഇത് ഒരു ബോംബിന്റെ താഴത്തെ ഭാഗത്തേക്ക് കൂട്ടിച്ചേര്‍ക്കുന്നുമുണ്ട്. തുടര്‍ന്ന് ഇതൊരു ട്രോളിയിലേക്ക് കയറ്റുകയും ഒരു പ്രദേശത്തേക്ക് കൊണ്ട് പോയി ആകാശത്തേക്ക് ലക്ഷ്യം വച്ച് സ്ഥാപിക്കുകയും ചെയ്യുന്നുണ്ട്. തുടര്‍ന്ന് ടണലില്‍ നിന്നും ക്യാമറയുടെ നേര്‍ക്ക് മിസൈല്‍ അയക്കുന്ന വിഷ്വലാണ് കാണാന്‍ സാധിക്കുന്നത്. തല്‍ഫലമായി തീജ്വാലകളും പുകയും നിറയുന്നുമുണ്ട്.
നിലവില്‍ നടന്ന് കൊണ്ടിരിക്കുന്ന മുസ്ലിം രാജ്യങ്ങളുടെ സമ്മിറ്റില്‍ വച്ച് ഇറാന് നേരെ നടന്ന ആരോപണങ്ങളെ ഇന്നലെ ഇറാന്റെ വിദേശകാര്യ മന്ത്രി തിരസ്‌കരിച്ചിട്ടുണ്ട്. പ്രദേശത്തെ സുസ്ഥിരതയ്ക്കും സുരക്ഷയ്ക്കും ഇറാന്റെ പെരുമാറ്റം ഭീഷണിയാകുന്നുവെന്ന് ശത്രുരാജ്യമായ സൗദി ആരോപിച്ച് അധികം വൈകുന്നതിന് മുമ്പാണ് സമ്മിറ്റില്‍ വച്ച് ഇറാനെതിരെ വിമര്‍ശനമുയര്‍ന്നിരിക്കുന്നത്. യുഎസും ഇസ്രയേലും ഇറാനെതിരെ നടത്തി വരുന്ന അജണ്ടയുടെ ഭാഗമായിട്ടാണ് ഈ കുറ്റപ്പെടുത്തലുകളെന്നാണ് ഇറാന്‍ വിദേശകാര്യമന്ത്രാലയത്തിന്റെ വക്താവ് പ്രതികരിച്ചിരിക്കുന്നത്. വീഡിയോ പുറത്തു വന്നതിനു ശേഷം ലോകത്തിന്റെ ആശങ്ക വര്‍ദ്ധിച്ചിരിക്കുകയാണ്.