പ്രശസ്ത എഴുത്തുകാരന് സല്മാന് റുഷ്ദിക്കെതിരായ ആക്രമണത്തിന്റെ ഉത്തരവാദിത്തം അദ്ദേഹത്തിനും അദ്ദേഹത്തെ പിന്തുണയ്ക്കുന്നവര്‍ക്കും മാത്രമാണെന്ന വാദവുമായി ഇറാന്.
അഭിപ്രായ സ്വാതന്ത്ര്യം റുഷ്ദിയുടെ എഴുത്തിലെ മതത്തിനെതിരായ അധിക്ഷേപങ്ങളെ ന്യായീകരിക്കുന്നില്ലെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് നാസര്‍ കനാനി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഇസ്ലാമിക വിശുദ്ധിയെ അപമാനിച്ചും 150 കോടി മുസ്ലിംകളുടെ വികാരം മറികടന്നുകൊണ്ടും സല്മാന് റുഷ്ദി ജനരോഷം സ്വയം വിളിച്ചു വരുത്തുകായിരുന്നുവെന്നു കനാനി പറഞ്ഞു.
”സല്മാന് റുഷ്ദിക്കെതിരായ ആക്രമണത്തില്‍ അദ്ദേഹത്തെയും പിന്തുണയ്ക്കുവരെയുമല്ലാതെ മറ്റാരെയും കുറ്റപ്പെടുത്താന്‍ കഴിയുമെന്നു ഞങ്ങള്‍ കരുതുന്നില്ല. ഇക്കാര്യത്തില്‍ ഇറാനെ കുറ്റപ്പെടുത്താന്‍ ആര്‍ക്കും അവകാശമില്ല. റുഷ്ദിയെ ആക്രമിച്ചയാളെക്കുറിച്ച് മാധ്യമങ്ങളില്‍ വന്നതല്ലാത്ത വിവരങ്ങളൊന്നും ഇറാന്റെ പക്കലില്ല,” അദ്ദേഹം പറഞ്ഞു.
വെസ്റ്റേണ്‍ ന്യൂയോര്‍ക്കിലെ ഷൗട്ടക്വാ ഇന്‍സ്റ്റിറ്റിയൂഷന്റെ സാഹിത്യ പരിപാടിയില്‍ പങ്കെടുക്കവെ വേദിയില്‍ വെച്ചാണ് റുഷ്ദിയ്ക്ക് കുത്തേറ്റത്.
തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ എഴുപത്തി അഞ്ചുകാരനായ സല്മാന് റുഷ്ദി സുഖം പ്രാപിച്ചുവരികയാണ്.
വെന്റിലേറ്ററില്‍നിന്നു മാറ്റിയ അദ്ദേഹത്തിനു സംസാരിക്കാന്‍ കഴിയുന്നുണ്ട്. കഴുത്തിലും വയറ്റിലും വലതു കണ്ണിലും നെഞ്ചിലും വലത് തുടയിലുമാണു റുഷ്ദിക്കു കുത്തേറ്റത്.
റുഷ്ദിയുടെ ആരോഗ്യത്തില്‍ പുരോഗതിയുണ്ടെന്ന് മുന്‍ ഭാര്യ പദ്മ ലക്ഷ്മി ട്വീറ്റ് ചെയ്തു. വെള്ളിയാഴ്ചത്തെ പേടിസ്വപ്നത്തിനുശേഷം ആശങ്കകള്‍ നീങ്ങിയെന്നും അദ്ദേഹത്തിന് എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും അവര്‍ ട്വീറ്റില്‍ പറഞ്ഞു.
ലെബനീസ് വംശജനായ ഹാദി മാറ്റര്‍ എന്ന ഇരുപത്തിനാലുകാരനായ ന്യൂജേഴ്സി നിവാസി റുഷ്ദിയെ ആക്രമിച്ചത്. ഇയാളെ സംഭവസ്ഥലത്തുനിന്നു തന്നെ പൊലീസ് പിടികൂടിയിരുന്നു.
ഇന്ത്യന്‍ വംശജനായ സല്മാന് റുഷ്ദി ‘ദ സാത്താനിക് വേഴ്സസ്’ എന്ന നോവല്‍ 1988ല്‍ പ്രസിദ്ധീകരിച്ചതു മുതല്‍ ഭീഷണി നേരിടുകയായിരുന്നു.
പുസ്തകം ദൈവനിന്ദ ആരോപിച്ച് ഇറാനില്‍ നിരോധിച്ചിരുന്നു. റുഷ്ദിയുടെ വധിക്കാന്‍ ആഹ്വാനം ചെയ്ത് ഇറാന്റെ അന്തരിച്ച പരമോന്ന നേതാവ് ആയത്തുള്ള റുഹോല്ല ഖൊമേനി 1989ല്‍ ഫത്വ പുറപ്പെടുവിക്കുകയും ചെയ്തു.
റുഷ്ദിയെ കൊല്ലുന്നവര്‍ക്ക് ഇറാന് 30 ലക്ഷം ഡോളറാണു പാരിതോഷികം വാഗ്ദാനം ചെയ്തിരുന്നത്.
എന്നാല്‍, ഫത്വയെ പിന്തുണയ്ക്കില്ലെന്ന് 1998ല്‍ ഇറാന് സര്‍ക്കാര്‍ പറഞ്ഞിരുന്നു. ഇതേത്തുടര്‍ന്ന് സമീപ വര്‍ഷങ്ങളില്‍ റുഷ്ദി പൊതുസമൂഹത്തില്‍ സജീവമായിരുന്നു.
സല്മാന് റുഷ്ദിക്കെതിരായ ആക്രമണത്തെ അപലപിച്ച പ്രശസ്ത എഴുത്തുകാരി ജെ കെ റൗളിങ്ങിനു കഴിഞ്ഞദിവസം വധഭീഷണി ഉയര്‍ന്നിരുന്നു. ട്വിറ്ററിലാണു ഭീഷണി ഉയര്‍ന്നത്.
റുഷ്ദിക്കെതിരായ വധശ്രമത്തില്‍ ഭയം പ്രകടിപ്പിച്ച് ജെ കെ റൗളിങ് വെള്ളിയാഴ്ചയാണു ട്വീറ്റ് ചെയ്തത്. ”ഭയപ്പെടുത്തുന്ന വാര്‍ത്ത. ഇപ്പോള്‍ വല്ലാത്ത അസ്വസ്ഥത തോന്നുന്നു. അദ്ദേഹം സുഖമായിരിക്കട്ടെ,” എന്നായിരുന്നു ട്വീറ്റ്. ഇതിനോടുള്ള കമന്റായി ‘വിഷമിക്കേണ്ട, നിങ്ങളാണ് അടുത്തത്,” എന്നാണു മീര്‍ ആസിഫ് അസീസ് എന്ന ട്വിറ്റര്‍ ഉപയോക്താവ് കുറിച്ചിരിക്കുന്നത്.