തീവ്രവാദം പ്രോത്സാഹിപ്പിക്കുന്ന പാക് നടപടിക്കെതിരേ ഇറാന്റെ കര്‍ശന താക്കീത്. ഭീകരസംഘടനകളെ നിയന്ത്രിച്ചില്ലെങ്കില്‍ പാക്കിസ്ഥാന്റെ മണ്ണില്‍ കടന്നുകയറി തീവ്രവാദ കേന്ദ്രങ്ങളെ ആക്രമിക്കാന്‍ മടിക്കില്ലെന്ന് ഇറാന്റെ മുന്നറിയിപ്പ്. തീവ്രവാദികള്‍ക്ക് പാകിസ്താന് സുരക്ഷയൊരുക്കുകയാണെന്നും ഇത്തരക്കാരെ നേരിടാന്‍ ഉടന്‍ നടപടിയെടുക്കണമെന്നും ഇറാന് സൈനിക മേധാവി മേജര്‍ ജനറല്‍ മൊഹമ്മദ് ബക്കേരിയാണ് ആവശ്യപ്പെട്ടത്.
പാക് തീവ്രവാദികളുടെ ആക്രമണത്തില്‍ കഴിഞ്ഞയാഴ്ച്ച 10 ഇറാന് സൈനികര്‍ മരിച്ചിരുന്നു. ഇതാണ് പാക്കിസ്താനുമായി അതിര്‍ത്തി പങ്കിടുന്ന ഇറാനെ ചൊടിപ്പിച്ചത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ജയ്ഷ് അല്‍ ആദില്‍ എന്ന തീവ്രവാദ ഗ്രൂപ്പ് ഏറ്റെടുത്തിരുന്നു. ആക്രമണത്തിന് ശേഷം ഈ സംഘം പാകിസ്താനിലാണ് അഭയം തേടിയതെന്നും മേജര്‍ ജനറല്‍ മൊഹമ്മദ് ബക്കേരി ചൂണ്ടിക്കാട്ടി. പാകിസ്താന്റെ അതിര്‍ത്തി പ്രദേശങ്ങള്‍ തീവ്രവാദികളുടെ സ്വര്‍ഗഭൂമിയായി തീര്‍ന്നിട്ടുണ്ട്. 2015 ഏപ്രിലില്‍ എട്ട് ഇറാനിയന്‍ സുക്ഷാ സൈനികരുടെ ജിവനെടുത്ത ആക്രമണത്തിനും, 2013 ല്‍ 14 സുരക്ഷാ ഉദ്യോഗസ്ഥരുടെ ജീവനെടുത്ത ആക്രമണത്തിന്റെയും ഉത്തരവാദിത്വം ഏറ്റെടുത്തത് ജയ്ഷ് ആല് ആദിലാണ്.
പാക്കിസ്ഥാന് തീവ്രവാദം പ്രോത്സാഹിപ്പിക്കുകയാണെന്ന ഇന്ത്യന്‍ വാദത്തിനു ബലമേകുന്നതാണ് ഇറാന്റെ പ്രതികരണം. ഇന്ത്യന്‍ സേന അതിര്‍ത്തി കടന്ന് സെര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തിയ രാത്രി ഇറാന് സൈന്യവും പാക് അതിര്‍ത്തിയില്‍ ആക്രമണം നടത്തിയിരുന്നു. പാക്കിസ്ഥാനിലെ തീവ്രവാദ സംഘടനകള്‍ ഇറാന് അതിര്‍ത്തിയില്‍ സൃഷ്ടിക്കുന്ന തലവേദന കുറെ വര്‍ഷമായി വര്‍ധിച്ചു വരികയാണ്.