ടെഹ്റാൻ:ഇറാന് സദാചാര പോലീസിന്റെ കസ്റ്റഡിയില്‍ മഹ്സ അമിനിയെന്ന ഇരുപത്തിരണ്ടുകാരി കൊല്ലപ്പെട്ട സംഭവത്തില്‍ രാജ്യവ്യാപകമായി വന്‍ പ്രതിഷേധം ഇപ്പോഴും അലയടിക്കുന്നു.
ആയിരക്കണക്കിനു യുവാക്കളും യുവതികളും ഹിജാബിനെതിരേ തെരുവിലിറങ്ങി പ്രതിഷേധിച്ചു.
ഇറാന് ഭരണകൂടത്തിനെതിരെയും ആത്മീയ നേതാക്കള്‍ക്കെതിരെയും വന്‍ പ്രതിഷേധമാണ് ഈ മാസമാദ്യം തെരുവുകളില്‍ അലയടിച്ചത്.
യുവതികള്‍ ശിരോവസ്ത്രങ്ങള്‍ കത്തിക്കുകയും മുടി മുറിക്കുകയും ചെയ്തു. സംഭവത്തിൽ 450-ലേറെ പേരെ പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്.
സാമൂഹ്യപ്രവർത്തകരും മാധ്യമപ്രവർത്തകരും അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു. സദാചാര പോലീസിന്റെ നടപടിക്കെതിരെയുള്ള പ്രതിഷേധത്തെ അനുകൂലിച്ചു ലോകമെമ്പാടും ജനങ്ങള്‍ രംഗത്തെത്തി.
വിവിധ നഗരങ്ങളില്‍ ഇറാനിലെ പ്രതിഷേധിക്കുന്ന യുവാക്കള്‍ക്കു ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു പ്രകടനങ്ങള്‍ നടന്നു.
ഹിജാബിനെതിരെയുള്ള സമരങ്ങളില്‍ അമ്പതിലേറെ പേര് കൊല്ലപ്പെട്ടുവെന്ന് ഇറാന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പോലീസ് ലാത്തിച്ചാര്‍ജിലും വെടിവയ്പ്പിലും നിരവധി പേര്‍ക്കു ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.
സദാചാര പോലീസ് എന്തിന്?
ഇസ്ലാമിക ഭരണം നിലവിലുള്ള ഇറാനില്‍ സ്ത്രീകള്‍ പൊതുസ്ഥലങ്ങളില്‍ ശിരോവസ്ത്രമായ ഹിജാബ് ഉള്‍പ്പെടെയുള്ള വസ്ത്രധാരണ നിയമങ്ങള്‍ പാലിക്കണം.
ഇക്കാര്യങ്ങള്‍ പരിശോധിക്കുകയാണ് സദാചാര പോലീസിന്റെ ചുമതല. ഇറാന് സര്‍ക്കാരിന്റെ ഭാഗമായാണ് സദാചാര പോലീസിന്റെ പ്രവര്‍ത്തനം.
സദാചാര പോലീസ് ഇത്തരം കാര്യങ്ങളില്‍ ഇടപെടുന്നതു സാധാരണമാണ്. സദാചാര പോലീസിന്റെ പ്രവവര്ത്തനങ്ങള്ക്കെതിരേ ഇതിനു മുന്‍പും പരാതികളുയര്‍ന്നിട്ടുണ്ട്.
രാജ്യത്തു മതപരമായ വസ്ത്രധാരണനിയമങ്ങള് കര്‍ശനമാക്കുമെന്ന് ഇറാന് പ്രസിഡന്റ് ഇബ്രാഹിം റെയ്സി അറിയിച്ചിരുന്നു. ഇതിനു ശേഷം വ്യാപകമായി സദാചാര പോലീസ് സത്രീകളെ പിടികൂടികൂടുന്നുണ്ട്.
സദാചാര പോലീസിന്റെ ചട്ടങ്ങള്‍
ഇറാന് നിയമമനുസരിച്ച് സ്ത്രീകള്‍ ശിരോവസ്ത്രമായ ഹിജാബ് നിര്‍ബന്ധമായും ധരിക്കണം. ഇറുകിയ വസ്ത്രങ്ങള്‍ ധരിച്ചു പൊതുസ്ഥലങ്ങളില്‍ നടക്കാന്‍ പാടില്ല.
സ്കൂളുകളില്‍ ഏഴു വയസിനു മേല്‍ പ്രായമുള്ള പെണ്‍കുട്ടികള്‍ ഹിജാബ് ധരിക്കണം. അതേസമയം പൊതുസ്ഥലങ്ങളില്‍ കുട്ടികള്‍ക്കു ഹിജാബ് നിര്‍ബന്ധമല്ല.
ഹിജാബ് ധരിക്കുമ്പോള്‍ തലമുടി വെളിയില്‍ കാണാന്‍ പാടില്ല. അങ്ങനെ കണ്ടാല്‍ അതു കുറ്റകരമായി കണക്കാക്കുകയും ശിക്ഷ ലഭിക്കുകയും ചെയ്യും.
ഹിജാബ് ധരിച്ചപ്പോള്‍ മഹ്സ അമിനിയുടെ മുടി വെളിയില്‍ കണ്ടതാണ് അവര്‍ക്കു ജീവന് നഷ്ടമാകാന്‍ കാരണം.