ടെഹ്റാൻ: ഇറാൻ നാവികസേനയുടെ ഏറ്റവും വലിയ കപ്പൽ കടലിൽ തീപിടിച്ച് മുങ്ങി. ഇറാനിലെ ജാസ് തുറമുഖത്തിന് സമീപം ഒമാൻ ഉൾക്കടലിലാണ് സംഭവമെന്ന് ഇറാനിലെ അർധ ഔദ്യോഗിക വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.
ഖാർഗ് എന്ന പരിശീലന കപ്പലാണ് മുങ്ങിയത്. ബുധനാഴ്ച പുലർച്ചെ രണ്ടരയ്ക്കാണ് തീപടർന്നത്. അഗ്നിശമന സേനാംഗങ്ങൾ ഇത് നിയന്ത്രിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. അപകടത്തിൽ ആളപായം ഉണ്ടായിട്ടില്ലെന്ന് ഇറാൻ വാർത്താ ഏജൻസി സ്ഥിരീകരിച്ചു.
തീ കത്തിക്കൊണ്ടിരിക്കുന്ന കപ്പലിന് പുറകിൽ ലൈഫ് ജാക്കറ്റുകൾ ധരിച്ച നാവികർ നിൽക്കുന്ന ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്.