ചാത്തന്നൂർ: ദേശീയപാതയ്ക്കരികിലുള്ള ഫാൻസി കടയിൽ നിന്നും അര ലക്ഷം രൂപയുമായി കടന്ന ഇറാനിയൻ പൗരനെ ഇരവിപുരം പോലീസ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തി.
ഇറാൻ, ടെഹ്റാൻ, ഗോലിപൂർ സ്വദേശി സൊഹ്റാബ് (41) നെയാണ് തട്ടിപ്പു നടത്തിയ കടയിൽ കൊണ്ടുവന്നു തെളിവെടുപ്പ് നടത്തിയത്. കഴിഞ്ഞ മാസം ഇരുപതിന് വൈകുന്നേരം ആറോടെ എക്സിക്യൂട്ടീവ് വേഷം ധരിച്ച്
പഴയാറ്റിൻകുഴിയിൽ സെയ്നുല്ലാബ്ദീന്റെ ഉടമസ്ഥതയിലുള്ള കടയിലെത്തിയ ഇയാൾ ട്രി മ്മറിന്റെ വില ചോദിച്ച ശേഷം പേഴ്സിൽ നിന്നും പണമെടുത്തുകാട്ടുകയും, പുതിയ നോട്ട് ഇരിപ്പുണ്ടോ എന്നു ചോദിക്കുകയും ചെയ്തു.
അറബ് ഭാഷയായിരുന്നു ഇയാൾ സംസാരിച്ചിരുന്നത്. പുതിയ നോട്ട് ഇയാൾ ആവശ്യപ്പെട്ടതനുസരിച്ച് അമ്പതിനായിരം രൂപ യുടെ നോട്ട് കെട്ട് എടുത്ത് കടയുടമ മേശപ്പുറത്തു വച്ച ശേഷം ട്രിമ്മർ ഇരുന്ന സ്ഥാനത്തേക്ക് വയ്ക്കവെ കടയിലെ കൗണ്ടറിന് മുകളിലിരുന്ന പണവുമെടുത്ത് ഇയാൾ കടക്കുകയായിരുന്നു.
കടയുടമ നൽകിയ പരാതിയെ തുടർന്ന് കടയുടെ പരിസരങ്ങളിലും ദേശീയപാതയുടെ വിവിധ ഭാഗങ്ങളിലുമുളള നിരീക്ഷണ കാമറകൾ പരിശോധിച്ചാണ് പ്രതിയെ പോലീസ് തിരിച്ചറിഞ്ഞത്.
അടുത്തിടെ തിരുവല്ലയിൽ സമാനമായ തട്ടിപ്പ് നടത്തി കടക്കാൻ ശ്രമിക്കവെ പോലീസിന്റെ പിടിയിലായി. ഇയാൾ റിമാൻഡിൽ കഴിയുന്ന വിവരം അറിഞ്ഞ് കൊല്ലം എസിപി പ്രദീപ് കുമാറിന്റെ നിർദേശപ്രകാരം ഇരവിപുരം പോലീസ് ഇൻസ്പെക്ടർ വിനോദ് കെ ഇയാളെ കോടതിയിൽ നിന്നും കസ്റ്റഡിയിൽ വാങ്ങുകയായിരുന്നു.
ഇരവിപുരം എസ്ഐമാരായ അനീഷ്, ബിനോദ് കുമാർ, ദീപു എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളുമായി തെളിവെടുപ്പ് നടത്തിയത്.
ഇറാനിയൻ പൗരനെ തെളിവെടുപ്പിന് കൊണ്ടുവന്നതറിഞ്ഞ് പഴയാറ്റിൻകുഴിയിലെ കടക്കു മുന്നിൽ നിരവധി പേർ എത്തിയിരുന്നു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇയാൾ തട്ടിപ്പു നടത്തിയിട്ടുണ്ടാകാമെന്നാണ് പോലീസ് പറയുന്നത്.