ടെഹ്റാൻ: പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനു ശേഷം ഇറാനിലെ വനിതകൾ സ്റ്റേഡിയത്തിലെത്തി ഫുട്ബോൾ മത്സരം ആസ്വദിച്ചു. ടെഹ്റാനിലെ ആസാദി സ്റ്റേഡിയത്തിലാണ് ചരിത്രം പിറന്നത്. ഇറാൻ-കംബോഡിയ ലോകകപ്പ് യോഗ്യതാ മത്സരം നടക്കുമ്പോൾ സ്വന്തം നാടിനായി അവർ സ്റ്റേഡിയത്തിൽ ആരവം മുഴക്കി. 3,500 ൽ ഏറെ വനിതകളാണ് മത്സരം കാണാൻ എത്തിയത്.
മത്സരത്തിൽ എതിരില്ലാത്ത 14 ഗോളുകൾക്ക് കംബോഡിയയെ ഇറാൻ തകർത്തുവിട്ടു. കംബോഡിയയുടെ ചരിത്രത്തിലെ ഏറ്റവും വലിയ തോൽവിക്കും ആസാദി സ്റ്റേഡിയം സാക്ഷ്യംവഹിച്ചു.
നേരത്തെ ഇറാനിൽ സ്ത്രീകൾക്ക് സ്റ്റേഡിയത്തിലെത്തി ഫുട്ബോൾ മത്സരം കാണാൻ അനുവാദമില്ലായിരുന്നു. സ്ത്രീവിവേചനം അവസാനിപ്പിച്ചില്ലെങ്കിൽ ഇറാനെ അയോഗ്യരാക്കുമെന്ന ലോക ഫുട്ബോൾ ഫെഡറേഷൻ (ഫിഫ) മുന്നറിയിപ്പിനെത്തുടർന്നാണ് നാല് പതിറ്റാണ്ടോളം നീണ്ട നിരോധനം ഇറാൻ എടുത്തുകളഞ്ഞത്.
ഫുട്ബോൾ മത്സരം കാണാൻ ആൺവേഷം കെട്ടിയതിനു പിടിക്കപ്പെട്ട സഹർ ഖുദൈരി എന്ന യുവതി, ജയിൽ ശിക്ഷ ഭയന്ന് ആത്മഹത്യ ചെയ്ത സംഭവത്തിനു ശേഷമാണ് ഫിഫ നിലപാടു കടുപ്പിച്ചത്.കോടതി മുറ്റത്ത് അവര്‍ സ്വയം തീകൊളുത്തി മരിക്കുകയായിരുന്നു. വിചാരണയ്ക്കു മുമ്പായിരുന്നു സഹർ ഖുദൈരിയുടെ ആത്മത്യാഗം. ബ്ലൂ ഗേള്‍ എന്ന ഹാഷ് ടാഗില്‍ ലോകമെങ്ങും ഈ മരണം ചര്‍ച്ചയായി. ഇതോടെ ഫിഫ നിലപാട് കടുപ്പിക്കുകയും ഇറാൻ മാറ്റത്തിനു തയാറാവുകയുമായിരുന്നു.