പ്രശസ്ത എഴുത്തുകാരന് സല്മാന് റുഷ്ദിയെ ആക്രമിച്ച യുവാവിനെ അഭിനന്ദിച്ച് ഇറാന് മാധ്യമങ്ങള്‍.
അക്രമി ഹാദി മാതറിനെ പ്രശംസിച്ചുകൊണ്ടുള്ള വാര്‍ത്താ തലക്കെട്ടുകള്‍ ഇറാനിയന്‍ പത്രങ്ങളില്‍ പ്രസിദ്ധീകരിച്ചതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇറാന് പരമോന്നത നേതാവ് അലി ഖൊമേനി നേരിട്ട് ചീഫ് എഡിറ്ററെ നിയമിച്ചിട്ടുള്ള കെയ്ഹാന് ദിനപത്രം ന്യൂയോര്‍ക്കില്‍ വിശ്വാസത്യാഗിയും ദുഷ്ടനുമായ സല്മാന് റുഷ്ദിയെ ആക്രമിച്ച ധീരനായ വ്യക്തിക്ക് ആയിരം അഭിനന്ദനങ്ങള്‍ എന്ന് എഴുതിയതായും റിപ്പോര്‍ട്ടുണ്ട്.
‘ദൈവത്തിന്റെ ശത്രുവിന്റെ കഴുത്ത് കീറിയ മനുഷ്യനെ ചുംബിക്കണം’ എന്നും ലേഖനത്തില്‍ പറയുന്നു.
മറ്റൊരു ഇറാനിയന്‍ ദിനപത്രമായ വാതന്‍ എമറൂസില്‍ ‘സല്മാന് റഷ്ദിയുടെ കഴുത്തില്‍ കത്തി’ എന്നാണ് ആക്രമണത്തെ കുറിച്ച് പ്രസിദ്ധീകരിച്ചത്.
‘നരകത്തിലേക്കുള്ള വഴിയില്‍ സാത്താന്’ എന്ന തലക്കെട്ടോടെയാണ് ഖൊറാസാന്‍ ദിനപത്രം വാര്‍ത്ത പ്രസിദ്ധീകരിച്ചത്.
അമേരിക്കയില്‍ പൊതുപരിപാടിക്കിടെയാണ് ഇറാന് സൈന്യമായ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോറിന്റെ ആരാധകനായ ഹാദി മാതര്‍ റുഷ്ദിയെ കുത്തിയത്.
തുടര്‍ന്ന് വെന്റിലേറ്ററിലായ അദ്ദേഹത്തെ ആരോഗ്യനിലയില്‍ പുരോഗതി കണ്ടതിനെത്തുടര്‍ന്ന് വെന്റിലേറ്ററില്‍ നിന്ന് മാറ്റിയിരിക്കുകയാണ് ഇപ്പോള്‍.
കൈ ഞരമ്പ് മുറിഞ്ഞിട്ടുണ്ട്. ഒരു കണ്ണിന്റെ കാഴ്ച ശക്തി നഷ്ടപ്പെട്ടേക്കും എന്നാണ് വിവരം. കരളിനും പരിക്കേറ്റുവെന്ന് വിവരമുണ്ട്.
നിലവില്‍ അദ്ദേഹത്തിന് സംസാരിക്കാന്‍ കഴിയുന്നില്ലെന്ന് വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
കുത്തേറ്റതിന് തൊട്ടുപിന്നാലെ അദ്ദേഹത്തെ ഹെലിക്കോപ്റ്ററില്‍ ആശുപത്രിയിലെത്തിക്കുകയും അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയും ചെയ്തിരുന്നു.
പടിഞ്ഞാറന്‍ ന്യൂയോര്‍ക്കിലെ ഷൗതൗക്വ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രസംഗിക്കാനെത്തിയപ്പോഴാണ് സംഭവം. റുഷ്ദിയെ വേദിയിലേക്ക് സ്വാഗതം ചെയ്തതിന് പിന്നാലെ ഒരാള്‍ പാഞ്ഞടുത്ത് ആക്രമിക്കുകയായിരുന്നു. കഴുത്തിനാണ് പരിക്കേറ്റത്.
റുഷ്ദി നിലത്തുവീണശേഷമാണ് അക്രമി പിന്‍വാങ്ങിയത്. സമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ച ദൃശ്യങ്ങളില്‍ ആളുകള്‍ റുഷ്ദിയെ സഹായിക്കാനായി പാഞ്ഞടുക്കുന്നത് കാണാം. പ്രതിയെ അറസ്റ്റുചെയ്തു.