ലണ്ടൻ: പ്രധാന എണ്ണക്കടത്തുപാതയായ ഹോർമുസ് കടലിടുക്കിൽ ബ്രിട്ടീഷ് ടാങ്കർ ഇറാൻ സൈനികർ കസ്റ്റഡിയിലെടുത്തതു ഗൾഫിലെ സംഘർഷസാധ്യത വർധിപ്പിച്ചു. ഇറാൻ അപകടത്തിന്റെ വഴി തെരഞ്ഞെടുക്കുകയാണന്നു ബ്രിട്ടൻ പ്രതികരിച്ചു. ഇറാന്റെ ഭീഷണി നേരിടാൻ സൗദിയിൽ വീണ്ടും സൈനികരെ വിന്യസിക്കാനുള്ള യുഎസിന്റെ തീരുമാനവും ഇതിനിടെ ഉണ്ടായി.
സ്റ്റെന ഇംപേറോ എന്ന എണ്ണടാങ്കറാണ് ഇറാനിലെ വിപ്ലവഗാർഡുകൾ വെള്ളിയാഴ്ച വൈകിട്ട് 7.30നു പിടിച്ചെടുത്തത്. കപ്പലിലെ 23 ജീവനക്കാരിൽ ക്യാപ്റ്റനടക്കം 18 പേർ ഇന്ത്യക്കാരാണ്. മറ്റുള്ളവർ റഷ്യ, ലാത്വിയ, ഫിലിപ്പീൻസ് എന്നീ രാജ്യക്കാരും. സ്വീഡനിലെ സ്റ്റെന ബൾക്ക് കന്പനിയുടെ ഉടമസ്ഥതയിലുള്ള കപ്പൽ ബ്രിട്ടനിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
നാലു ബോട്ടുകളിലും ഹെലികോപ്റ്ററിലുമെത്തിയ വിപ്ലവഗാർഡുകൾ കപ്പൽ പിടിച്ചെടുക്കുകയായിരുന്നു. തുടർന്ന് ഇറാനിലെ ബാന്ധർ അബ്ബാസ് തുറമുഖത്തേക്കു കൊണ്ടുപോയി നങ്കൂരമിട്ടു. മത്സ്യബന്ധന ബോട്ടിൽ ഇടിച്ചിട്ടു നിർത്താതെ പോയതുകൊണ്ടാണ് ഇതു വേണ്ടിവന്നതെന്ന് ഇറാനിലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
എന്നാൽ, കപ്പൽ അന്താരാഷ്ട്ര സമുദ്രപാതയിലായിരുന്നുവെന്നും നിയമങ്ങളൊന്നും തെറ്റിച്ചിട്ടില്ലെന്നും ഉടമസ്ഥർ അറിയിച്ചു. കപ്പലുമായി ഇപ്പോൾ ബന്ധപ്പെടാനാവുന്നില്ല. ജീവനക്കാർക്കു പരിക്കുള്ളതായി റിപ്പോർട്ടില്ലെന്നും സ്റ്റെന ബൾക്ക് അറിയിച്ചു. ഒരാഴ്ചയ്ക്കിടെ രണ്ടാം തവണയാണ് ബ്രിട്ടീഷ് ടാങ്കർ ഇറാൻ പിടികൂടുന്നത്.
ഇന്ത്യ ഇടപെടുന്നു
അതേസമയം, ഇന്ത്യൻ ജീവനക്കാരെ സുരക്ഷിതമായി മോചിപ്പിക്കാൻ ഇറാനുമായി ബന്ധപ്പെട്ടുവരികയാണെന്ന് വിദേശകാര്യ വക്താവ് രവീഷ് കുമാർ അറിയിച്ചു.