കണ്ണൂർ സ്വദേശിയായ രാജീവന്റെ പലചരക്ക് കടയുടെ വിശേഷങ്ങളാണ് ഇവിടെ പറയുന്നത്. നാട്ടിൽ മുക്കിന് മുക്കിനുള്ള പലചരക്ക് കടയ്ക്ക് ഇത്രമാത്രം എന്ത് വിശേഷമെന്ന് ആർക്കും തോന്നാം. എന്നാൽ രാജീവന്റെ പലചരക്ക് കട വിശേഷപ്പെട്ടതാകുന്നത് അതിരിക്കുന്ന സ്ഥലത്തിന്റെ പ്രത്യേകതകൊണ്ടാണ്. സൗദികുവൈറ്റ് അതിർത്തിയായ ഹഫർ അൽബാറ്റിനിലാണ് 25 കുടുംബങ്ങൾക്കും പ്രദേശത്ത് വന്നുപോകുന്ന ആട്ടിടയൻമാർക്കും മാത്രമായി രാജീവൻ പലചരക്ക് കട നടത്തുന്നത്.
ആദ്യ ഗൾഫ് യുദ്ധത്തെ തുടർന്ന് ആയിരകണക്കിന് കുടുംബങ്ങൾ ഇറാക്കിൽ നിന്നും സൗദി അറബ്യയിലേക്ക് പലായനം ചെയ്തിരുന്നു. ഇവർക്ക് സൗദി സർക്കാർ പൗരത്വം നൽകിയിരുന്നു ഇതിൽ കുറേപേർ മറ്റു നഗരങ്ങളിലേക്ക് കുടിയേറി പാർത്തു. അവശേഷിക്കുന്നവർക്ക് സർക്കാർ അതിർത്തിയിലെ മരുഭൂമിയിൽ വീടുകളും സ്കൂളുകളും നിർമിച്ചു നൽകി. ഇവിടെയാണ് രാജീവിന്റെ കട. 25 കുടുംബങ്ങളാണ് പ്രദേശത്ത് താമസിക്കുന്നത്. രാജീവിന്റെ കടയിലോ, മറ്റു വീടുകളിലോ എയർ കണ്ടീഷണറുകൾ ഇല്ല. എയർ കുളറാണ് ഇവിടെ ലഭിക്കുന്ന ആഡംബര വസ്തു.
ഗ്രാമത്തിൽ ഇറാക്കികൾ ആടുകളെ മേയ്ക്കുന്നുണ്ടെന്നും ഇവർക്ക് നിയമപരമായ രേഖകൾ ഇല്ലാത്തതുകൊണ്ടാണ് മറ്റു സ്ഥലങ്ങളിലേക്ക് ഇവർ പോകാത്തതെന്നും രാജീവ് പറഞ്ഞു. നിയമപരമായ പേപ്പറുകൾ ലഭിച്ചാൽ ഇവർ മെച്ചപ്പെട്ട ജോലികൾ നേടുന്നതിനായി മറ്റു സ്ഥലങ്ങളിലേക്ക് പോകുമെന്നും രാജീവ് പറഞ്ഞു.