ബാഗ്ദാദ്: ഇറാഖിൽ പെൺകുട്ടികളുടെ വിവാഹപ്രായം ഒൻപതും ആൺകുട്ടികളുടേത് 15 വയസുമാക്കാൻ നീക്കം. ഇതുമായി ബന്ധപ്പെട്ട നിയമഭേദഗതി ഉടൻ ദേശീയ പാർലമെന്റിൽ അവതരിപ്പിക്കും.
നിലവിൽ ഇറാഖിൽ പെൺകുട്ടികളുടെ കുറഞ്ഞ വിവാഹ പ്രായം 18 ആണ്. ഭേദഗതി നടപ്പായി കഴിഞ്ഞാൽ പെൺകുട്ടികൾക്കുള്ള വിവാഹത്തിനുള്ള കുറഞ്ഞ പ്രായം ഒൻപത് വയസും ആൺകുട്ടികളുടേത് 15 വയസും ആകും.
കുടുംബകാര്യങ്ങൾ സംസാരിച്ച് തീരുമാനമെടുക്കാൻ സമുദായ സംഘടനയെയോ നീതിന്യായ വ്യവസ്ഥയെയോ പൗരൻമാർക്ക് സമീപിക്കാം എന്നും ഭേദഗതി ബില്ലിൽ വ്യവസ്ഥ ചെയ്യുന്നുണ്ടെന്നാണ് പുറത്തുവരുന്ന സൂചന.
ഇറാക്കി പാർലമെന്റിലെ യാഥാസ്ഥിതിക ഷിയാകളാണ് നിയമ ഭേദഗതിക്കു പിന്നിലെന്നാണു റിപ്പോർട്ട്. ഭേദഗതിയുമായി ബന്ധപ്പെട്ട് വെവ്വേറെ ചട്ടങ്ങളുണ്ടാക്കുന്നതിന് സുന്നി, ഷിയാ വിഭാഗങ്ങൾ ആറു മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. പുതിയ നീക്കം ഇറാഖിനെ പിന്നോട്ടടിക്കുമെന്ന് മനുഷ്യാവകാശസംഘടനയായ ഹ്യൂമൻ റൈറ്റ് വാച്ച് പറഞ്ഞു.